- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൈവകൃഷി ചെയ്ത് കാശു പോയപ്പോൾ ആ പരിപാടി നിർത്തി; ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല; ഞാൻ ഒരുപാട് സിനിമയിൽ സൈനികനായിട്ടുണ്ട്, എനിക്ക് കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് മോഹൻലാൽ വിളിച്ച് അന്വേഷിച്ചു; ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾ
കൊച്ചി: ഇന്നത്തെ സൈബർ ലോകത്തെ ചൂടുപിടിപ്പിച്ച ചർച്ചാ വിഷയം ശ്രീനിവാസനായിരുന്നു. അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസ് ദിനപ്പത്രത്തോടു പറഞ്ഞ കാര്യങ്ങൾ സൈബറിടത്തിൽ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ജൈവകൃഷിയുടെ വക്താവായിരുന്ന താൻ അക്കാര്യത്തിൽ പരാജയപ്പെട്ടെന്നാണ് ശ്രീനിവാസൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. അതേസമയം ഇംഗ്ലീഷ് മെഡിസിനെതിരായ വിമർശനവും അദ്ദേഹം മയപ്പെടുത്തി.
ജൈവകൃഷി ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. കൃഷി ചെയ്ത് കുറേ പണം നഷ്ടമായി അതോടെ ആ പരിപാടി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ജൈവകൃഷി ചെയ്ത് എന്റെ ഒരുപാട് പണം പോയി, അതുകൊണ്ടാണ് അത് അവസാനിപ്പിച്ചത്. ഞാൻ അതിൽ തോറ്റു പോയിരിക്കാം പക്ഷേ മുന്നോട്ട് പോകാനുള്ള ശരിയായ മാർഗം അതു തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു' ശ്രീനിവാസൻ പറഞ്ഞു. മാർക്കറ്റിങ് അറിയാവുന്നവർക്ക് ജൈവകൃഷി നല്ലതാണ്. എന്നാൽ തനിക്ക് അതിൽ അത്ര പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് മരുന്നകളെ വിമർശിച്ചെന്ന വാദവും അദ്ദേഹം തള്ളി. 'ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല'. ആ മേഖലയിൽ ഒരുപാട് പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിധിയിൽ വിശ്വാസമുണ്ടോയെന്ന് ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാം വിധിപോലെ നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'വിശ്വസിക്കാൻ യോഗ്യനായ ഒരു ദൈവം ഇതുവരെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞാൻ ഒരു വിശ്വാസിയല്ല'. ഒരു ദൈവത്തിന്റെയും ആളല്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
അതേസമയം മോഹൻലാലിനെതിരായ വിമർശനങ്ങളും ശ്രീനിവാസൻ നടത്തിയിരുന്നു. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ തനിക്കും ഇത്തരത്തിലുള്ള പദവി കിട്ടുമോ എന്ന് മോഹൻലാൽ തിരക്കിയിരുന്നതായാണ് ശ്രീനിവാസൻ പരഞ്ഞത്. സംവിധായകൻ രാജീവ് നാഥിനെ ഫോണിൽ വിളിച്ച് മോഹൻലാൽ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമയെടുക്കാൻ പ്രചോദനമായ ഒരു കാര്യമുണ്ട്. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളിൽ പഠിച്ചതാണ്. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അവിടെ നിന്ന് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം. ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാൻ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ- ശ്രീനിവാസൻ പറഞ്ഞു.
സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമ കാരണം മോഹൻലാലുമായുള്ള ബന്ധം മോശമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കിലും ആ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. നിരവധി പ്രശ്‌നങ്ങൾ മോഹൻലാലുമായി ഉണ്ടായിരുന്നെന്നും അല്ലെങ്കിലായിരുന്നു പ്രശ്‌നം കൂടുതലെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ കുടുംബത്തിലെ രാഷ്ട്രീയ പശ്ചാത്തലവും ശ്രീനിവാസൻ പറയുകയുണ്ടായി. അതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് മാത്രമാണ് ഞാൻ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാർ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് പഠനകാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാൻ ആണ്. സുഹൃത്തുക്കൾ അത് മുറിച്ച് മാറ്റാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്'- ശ്രീനിവാസൻ പറഞ്ഞു.
'സന്ദേശം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണ്. സഹോദരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അക്കാലത്ത് ഞാൻ എബിവിപി പ്രവർത്തകനും. ആ സിനിമയിൽ കാണിക്കുന്നതെല്ലാം എന്റെ വീട്ടിൽ അരങ്ങേറിയതാണ്. ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
മറുനാടന് ഡെസ്ക്