- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടോത്രം ചെയ്ത് കൊന്നു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ലെടാ തെണ്ടീ: അമേരിക്കയില്‍ നിന്ന് കടം വാങ്ങിയതിന് ഇന്ത്യയെ അമേരിക്ക ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന നീ വെള്ളം മോഷ്ടിക്കുമല്ലേടാ? ശ്രീനിവാസന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കുന്ന കൊള്ളുന്ന സംഭാഷണങ്ങള്‍ ഇതാ...
കൂടോത്രം ചെയ്ത് കൊന്നു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ലെടാ തെണ്ടീ:
തിരുവനന്തപുരം: കൂടോത്രം ചെയ്തു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പില്ലെടാ തെണ്ടീ...
മിഥുനം സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ജഗതിയോട് ഇങ്ങനെ പറയുമ്പോഴാണ് നമ്മളില്‍ പലരും ഇക്കാര്യം ചിന്തിച്ചത്.
പറയുന്നത് ശരിയാണല്ലോയെന്ന്..അതു വരെ ആരും ചിന്തിക്കുകയും പറയുകയും ചെയ്യാതിരുന്ന കാര്യമാണ് ശ്രീനിവാസന്‍ പറഞ്ഞു വച്ചത്.
ഇന്ത്യ അമേരിക്കയുടെ കൈയില്‍ നിന്ന് എന്തോരം കടം വാങ്ങുന്നു? എന്നു കരുതി അമേരിക്ക ഇന്ത്യയെ കൂടെക്കെൂടെ ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ എന്ന് ചോദിച്ചത് തലയണമന്ത്രത്തിലെ നായക കഥാപാത്രമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം മോഷ്ടിക്കുമല്ലേടായെന്ന് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ ഇന്നസെന്റ് പാര്‍ഥിപന്‍ ചെയ്ത തമിഴ് കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. സന്ദേശം സിനിമയിലെ പോളണ്ടിനെ കുറിച്ച് പറയരുത്, ഐഎംഎഫുകാര്‍ ഇപ്പോള്‍ വരും, ചമ്പൂര്‍ണ ചാച്ചരത, നമ്മള്‍ എന്തു കൊണ്ടു തോറ്റു? ഇത് നിങ്ങളുടെ ആരുടെയും ബോഡിയല്ല ചത്തവന്റെ ബോഡിയാണ് എന്നൊക്കെയുള്ള സംഭാഷണങ്ങള്‍ ജനകീയമാണ്. അതിനിടയില്‍ നമ്മള്‍ അറിയാതെ ഊറിച്ചിരിച്ച് പോയിട്ടുള്ള സംഭാഷണങ്ങളും ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് നല്‍കി. അതേ, ഇത്രയും സരസമായി സമകാലിക സംഭവങ്ങളെ സിനിമയില്‍ അവതരിപ്പിച്ച മറ്റൊരു തിരക്കഥാകൃത്തില്ല.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം മിയാമി ബീച്ച് ടു വാഷിങ്ടണ്‍ ഡിസി എന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ അമേരിക്കയുടെ ഭൂമിശാസ്ത്രം അറിയാത്തവര്‍ പോലും പൊട്ടിച്ചിരിക്കും. അതിന് മോഹന്‍ലാല്‍ നല്‍കുന്ന മറുപടിയും അമേരിക്കന്‍ ജങ്ഷന്‍ പ്രയോഗവും എങ്ങനെ മറക്കാന്‍?
പ്രശസ്തരായവരുടെ പേരുകള്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന രീതി ശ്രീനിവാസനുണ്ടായിരുന്നു. 'അക്കരെ അക്കരെ അക്കരെ' എന്ന നാടോടിക്കാറ്റ് സീക്വലില്‍ ഡിഐജി കൃഷ്ണന്‍ നായര്‍ അമേരിക്കയില്‍ എത്തുമ്പോള്‍ ഹോട്ടലില്‍ പറഞ്ഞു കൊടുക്കുന്ന പേര് അകിര കുറസോവ എന്നാണ്. നാഷണാലിറ്റി ചോദിക്കുമ്പോള്‍ ഫിലിപ്പിനോ എന്നും പറയും. അക്കാലത്ത് ലോകസിനിമയെപ്പറ്റി അറിയാവുന്നവര്‍ മാത്രമാണ് ഈ പേര് കേട്ട് ഊറിച്ചിരിച്ചത്.
അരം പ്ലസ് അരം സമം കിന്നരം എന്ന സിനിമയിലെ തിലകന്റെ കഥാപാത്രത്തിന്റെ പേര് എം.എന്‍. നമ്പ്യാര്‍ എന്നായിരുന്നു. അതേ തമിഴ്സിനിമയിലെ കൊടൂരവില്ലന്‍ എം.എന്‍. നമ്പ്യാര്‍ തന്നെ. ആ സിനിമയില്‍ ജഗതി അവതരിപ്പിക്കുന്ന മനോഹരന്‍ എന്ന വര്‍ക്ക് ഷോപ്പുടമയുടെ ഒരു ഡയലോഗുണ്ട്.
'രണ്ടു നട്ടിലും നാലു ബോള്‍ട്ടിലുമാണ് ഒരു മുഴം കയറിലുമാണ് ഇതോടുന്നത്. അവിടെയും ഇവിടെയും പിടിച്ച് തിരിച്ച് നശിപ്പിച്ചാല്‍ നന്നാക്കാന്‍ എം.എന്‍. നമ്പ്യാരോ എംജിആറോ ഒന്നുമല്ല. ഒരു പാവം മനോഹരനാണ്.'
പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത ഇംഗ്ലീഷ് മീഡിയം സിനിമയില്‍ പ്രവീണ അവതരിപ്പിക്കുന്ന കഥാപാത്രം കത്തെഴുതുന്നത് ഗായകന്‍ പട്ടണക്കാട് പുരുഷോത്തമനാണ്.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ അമേരിക്കയില്‍ നിന്ന് വരുന്ന ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ പേര് മാധവന്‍ എന്നാണ്. പേരിന് പരിഷ്‌കാരമില്ലെന്ന് കണ്ടത് അത് എം.എ. ധവാന്‍ എന്നാക്കുകയും മോഹന്‍ലാലിന്റെ ഡ്രൈവര്‍ കഥാപാത്രം ധവാന്‍ സാറേ എന്ന് വിളിക്കുകയും ചെയ്യുമ്പോഴാണ് ഒരു പേരിന്റെ പേരില്‍ നമ്മള്‍ പൊട്ടിച്ചിരിക്കുന്നത്.
നാടോടിക്കാറ്റിലെ പവനായിയെ ഓര്‍ത്ത് ചിരിക്കാത്തവരുണ്ടോ? പി.വി. നാരായണന്‍ നായര്‍ എന്ന പേര് ഒരു വാടക കൊലയാളിക്ക് ചേരില്ലെന്ന് കണ്ട് പവനായി എന്ന കടുപ്പമുള്ള പേര് സ്വീകരിച്ചതാണ്. വിജയന്‍ ദാസനോട് ചോദിക്കുന്ന ഒറ്റ ചോദ്യത്തില്‍ പവനായി അങ്ങ് ഇല്ലാണ്ടാവുകയാണ്.
'എടാ ദാസാ, ഏതാ ഈ അലവലാതി?'
'ഐ ആം നോട്ട് അലവലാതി, ഐ ആം പവനായി' എന്ന് ക്യാപ്റ്റന്‍ രാജുവിന്റെ പവനായി പറയുന്നത് ഇത്തിരി ചമ്മലോടെയാണ്.
ഹാസ്യം കുത്തി നിറച്ച് നായക നടന്മാരുടെ കൂട്ടപ്പൊരിച്ചില്‍ കൊണ്ടുളള സിനിമ ഒരു ട്രെന്‍ഡ് സെറ്ററാക്കിയത് പ്രിയദര്‍ശന്‍, ജഗദീഷ്, ശ്രീനിവാസന്‍, മോഹന്‍ലാല്‍ ടീമായിരുന്നു. ഓടരുതമ്മാവാ ആളറിയാമില്‍ തിരക്കഥ രചിക്കാന്‍ തുടങ്ങിയ ശ്രീനിവാസന്‍ പിന്നെ പ്രിയന്റെ ടീമിലെ സ്ഥിരാംഗമായി. അക്കരെ നിന്നൊരു മാരന്‍, അരം പ്ലസ് അരം സമം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധിം ധരികിട തോം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു അങ്ങനെ നീളുന്നു അത്.
കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ശ്രീനിവാസന്റെ വീടിനുള്ളില്‍ കടന്നു കയറാന്‍ വേണ്ടി പാമ്പു കയറിയെന്ന് പറയുന്ന സീനുണ്ട്. രാജവെമ്പാലയാണ് വീട്ടിനുള്ളില്‍ ഉള്ളതെന്നാണ് പറയുന്നത്. ഇക്കാര്യം വിശ്വസിക്കാത്ത ശ്രീനിവാസന്റെ കഥാപാത്രത്തോട് രാജവെമ്പാല എവിടെ എന്ന് സുകുമാരി ചോദിക്കുമ്പോള്‍ രാജവെമ്പാല അകത്ത് സോഫയിലിരുന്ന് സിനിമ കാണുന്നുവെന്ന് മറുപടി നല്‍കുന്നുണ്ട്.
സ്വയം ട്രോളാനും സ്വന്തം കുറവുകള്‍ തന്റെ റോളില്‍ അവതരിപ്പിക്കാനും ശ്രീനിവാസന് ഒരു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ശ്രീനി ആദ്യം സംവിധാനം ചെയ്ത സിനിമയാണ് വടക്കുനോക്കിയന്ത്രം. അതില്‍ കാമറ ആംഗിളുകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ശ്രീനിക്ക് വലിയ പിടിയുണ്ടായിരുന്നില്ല. ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന വേണുവില്‍ നിന്നാണ് അദ്ദേഹം അതേക്കുറിച്ച് മനസിലാക്കിയത്. രണ്ടാമത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയില്‍ തന്റെ കാമറയെ കുറിച്ചുള്ള ഈ അജ്ഞത അദ്ദേഹം ട്രോളിയത് പ്രസിദ്ധമായ 'നടി കുളത്തിലേക്ക് ചാടുകയാണല്ലോ കാമറയും ഒപ്പം ചാടട്ടെ' എന്ന ഡയലോഗ് കൊണ്ടായിരുന്നു.
'തലയണമന്ത്ര'ത്തില്‍ ഉര്‍വശിയുടെ കാഞ്ചന ശ്രീനിവാസന്റെ സുകുമാരന്‍ എന്ന കഥാപാത്രത്തോട് സുകുവേട്ടന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ സിനിമയിലെ മമ്മൂട്ടിയാണെന്നാണ് ഞാന്‍ വിചാരിച്ചത് എന്ന് പറയുന്നുണ്ട്. അത് ആസ്വദിക്കുന്ന മട്ടിലുള്ള ചിരിയാണ് മറുപടി.
'ഗോളാന്തരവാര്‍ത്ത'യില്‍ ശങ്കരാടിയുടെ കഥാപാത്രം ശ്രീനിവാസന്റെ കാരക്കൂട്ടില്‍ ദാസനെ കുറിച്ച് പ്രസംഗിക്കുന്നത് ഇങ്ങനെ:
'കേരളത്തില്‍ ഒരു പഞ്ചായത്തിലും ഇതു പോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത ചരിത്രമുണ്ടോ? ശുദ്ധതെമ്മാടി, കണ്ണില്‍ ചോരയില്ലാത്ത തെണ്ടി, എന്തു തെമ്മാടിത്തവും കാണിക്കാന്‍മടിയില്ലാത്ത ഒരു അലവലാതി. അവനിന്നു മുതല്‍ പുതിയൊരു മനുഷ്യനാവുകയാണ്.'
മലയാളത്തില്‍ ചിര പ്രതിഷ്ഠ നേടിയ ആക്ഷേപഹാസ്യ സിനിമകളിലൂടെ ശ്രീനിവാസന്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ അദ്ദേഹം ചെയ്ത കടുത്ത സെന്റിമെന്റല്‍ സിനിമകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മഴയെത്തും മുന്‍പേ ഈ ഗണത്തില്‍പ്പെട്ടതാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഹാസ്യത്തേക്കാള്‍ ജീവിതയാഥാര്‍ഥ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു. സന്മനസുള്ളവര്‍ക്ക് സമാധാനം, അയാള്‍ കഥയെഴുതുകയാണ്, ഇംഗ്ലീഷ് മീഡിയം, മറവത്തൂര്‍കനവ് തുടങ്ങിയ സിനിമകളുടെ സെക്കന്‍ഡ് ഹാഫും വികാര തീവ്രമായ രംഗങ്ങളാല്‍ ശ്രദ്ധേയമാണ്.
ശ്രീനിവാസന്‍ അരങ്ങൊഴിയുകയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ട്രോളുകളും മീമുകളുമായി ഇവിടെ നിറയും. ഓരോ തെരഞ്ഞെടുപ്പും കഴിയുമ്പോള്‍ 'സഖാവേ, നമ്മള്‍ എന്തു കൊണ്ടു തോറ്റുവെന്ന' ചോദ്യം ആവര്‍ത്തിക്കപ്പെടും. പോളണ്ടിനെ കുറിച്ച് മിണ്ടരുതെന്ന് പറഞ്ഞ് നമ്മള്‍ ഊറിച്ചിരിക്കും. അതിലൂടെ ശ്രീനിവാസന്‍ ജീവിക്കും.




