- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കപ്പൽ ആടി ഉലയുകയല്ല സർ..മറിയാറായി; സംസ്ഥാന സർക്കാറിന് വമ്പൻ തിരിച്ചടിയായി കെടിഡിഎഫ്സിയിലെ 170 കോടിയുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷൻ; പണം പിൻവലിക്കാനെത്തിയ ആശ്രമം അധികാരികളോട് അറിയിച്ചത് തരാൻ പണമില്ലെന്ന്; ഉടൻ വേണമെന്ന് നോട്ടിസ്
തിരുവനന്തപുരം: നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് നടത്തിയ ഒരു പ്രസംഗം അത്ര പെട്ടെന്നൊന്നും മലയാളി മറക്കില്ല.സംസ്ഥാന സർക്കാറിനെതിരെ വിമർശനം വന്നപ്പോൾ ഈ കപ്പൽ ആടിയുലയുകയില്ലെന്നും ഇതിനൊരു കപ്പിത്താൻ ഉണ്ടെന്നും.എന്നാൽ ഈ കപ്പിത്താൻ വിചാരിച്ചാൽപ്പോലും രക്ഷപ്പെടുത്താൻ കഴിയാത്തവണ്ണം ചുഴിയിൽ അകപ്പെടുകയാണ് സർക്കാർ.ആടിയുലയുക മാത്രമല്ല..മുങ്ങിപ്പോകാൻ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിൽ പ്രധാന കാരണം കേരളത്തിന്റെ കടം തന്നെയാണ്.
കേരളത്തിന് ഏത്ര കടമുണ്ടെന്നുപോലും കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും സർക്കാറിന്റെ കടത്തെക്കുറിച്ച് തന്നെയാണ്.പല നിയന്ത്രണങ്ങൾ വരുത്തിയും മറ്റും ഏറ്റവും ഒടുവിലായി സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശ്ശിക പിഎഫ് അക്കൗണ്ടിലിടാനുള്ള ഉത്തരവ് നീട്ടിവെച്ചതടക്കം സാമ്പത്തീക പ്രതിസന്ധിയെത്തുടർന്നുള്ള നീക്കങ്ങളാണ്.ആദ്യ ഗഡു ഏപ്രിൽ ഒന്നിന് പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതാണ് ധനവകുപ്പ് നീട്ടിവെച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും തിരിച്ചടിയായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് ഇരുട്ടടിയായി മറ്റൊരു നീക്കം.കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്‌സി) നിക്ഷേപിച്ച 170 കോടി രൂപ ഉടൻ നൽകാനാവശ്യപ്പെട്ട് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ സർക്കാരിന് നോട്ടിസയച്ചിരിക്കുകയാണ്.കാലാവധി പൂർത്തിയായി നിക്ഷേപത്തുക പിൻവലിക്കാൻ കഴിഞ്ഞമാസം ആശ്രമം അധികാരികൾ എത്തിയപ്പോഴാണ് കടത്തിലാണെന്നും തരാൻ പണമില്ലെന്നും കെടിഡിഎഫ്‌സി അറിയിച്ചത്.
ഇതിന് പിന്നാലെയാണ് കൊൽക്കത്തയിലെ ആശ്രമം ഭാരവാഹികൾ സർക്കാറിന് നോട്ടീസ് അയച്ചത്.കെടിഡിഎഫ്‌സിയിലെ 4000 കോടി വരെ നിക്ഷേപത്തിന് സർക്കാർ ഗാരന്റി നൽകുന്നുണ്ട്.നിലവിൽ ആകെ 580 കോടിയുടെ നിക്ഷേപമാണുള്ളത്.കെടിഡിഎഫ്‌സിയെ കടത്തിൽ മുക്കിയത് കെഎസ്ആർടിസിയാണെന്നത് മറ്റൊരു സത്യമാണ്.2018ൽ 350 കോടി രൂപ വായ്പയെടുത്ത ശേഷം പിന്നെ പണം തിരിച്ചടച്ചില്ല. പലിശയും പിഴപ്പലിശയുമായി 780 കോടി രൂപയായി. ഈ പണം തിരിച്ചടയ്ക്കാൻ കെഎസ്ആർടിസിക്കോ സർക്കാരിനോ കഴിയുന്നില്ല.ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കെടിഡിഎഫ്‌സി 350 കോടി കടം വാങ്ങിയത് പാലക്കാട്, എറണാകുളം സഹകരണബാങ്കിൽ നിന്നാണ്. ഇത് പലിശയും പിഴപ്പലിശയുമായി 480 കോടിയായി. കിട്ടാക്കടപരിധി ഉയർന്ന തലത്തിലായതിനാൽ കെടിഡിഎഫ്‌സി ഇനി വായ്പ വാങ്ങുന്നതോ നൽകുന്നതോ റിസർവ് ബാങ്ക് തടഞ്ഞിരിക്കുകയാണ്.ഇതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപിച്ച തുക പോലും നൽകാനാവാത്ത പ്രതിസന്ധിയിലാണ് സർക്കാരെന്നറിഞ്ഞാൽ റിസർവ് ബാങ്കിന്റെ അതൃപ്തിക്കുൾപ്പടെ ഇത് കാരണമാകാം.
കേരള ബാങ്കും റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ നേരിടുകയാണ്. 31നു മുൻപ് പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സഹകരണ ബാങ്കുകളും ധനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി.തുക കിട്ടാൻ പല ശ്രമങ്ങളും നടത്തിയിരുന്നു.ഇതൊന്നും ഫലം കണാത്ത സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണ മിഷൻ അധികൃതർ അഭിഭാഷക സംഘവുമായി തിരുവനന്തപുരത്തെത്തിയത്.
നിക്ഷേപത്തുക കിട്ടാൻ പല ശ്രമവും നടത്തിയ കെടിഡിഎഫ്‌സിയിലെ നിക്ഷേപത്തിന് സംസ്ഥാന സർക്കാരാണ് ഗാരന്റി. അതുകൊണ്ടാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ധനകാര്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നോട്ടിസ് അയച്ചത്. സർക്കാരിന് നോട്ടിസ് ലഭിച്ച കാര്യം ചീഫ് സെക്രട്ടറി വി.പി.ജോയ് സ്ഥിരീകരിച്ചു.പണം നൽകുന്നതിന് നടപടിയെടുക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം
മറുനാടന്‍ മലയാളി ബ്യൂറോ