- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ; നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന ഹൈക്കോടതി നിലപാടിനെതിരെ വാദം; നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ല; കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നും ശ്രീറാം അപ്പീലിൽ
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അപ്പീലുമായി സുപ്രീംകോടതിയിൽ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് അപ്പീലിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സർക്കാർ സമർപ്പിച്ച ഹർജിയിൽ, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു അപ്പീൽ.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ല. ഇതു സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളാണിത്.
മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം നിലനിൽക്കണമെങ്കിൽ 100 മി.ലിറ്റർ രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നിരിക്കെ, പ്രോസിക്യൂഷൻ ഹാജരാക്കിയ 13ാം രേഖയായ കെമിക്കൽ അനലിസിസ് റിപ്പോർട്ടിൽ പ്രതിയുടെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചായിരുന്നു അന്നത്തെ കീഴ്‌കോടതി നരഹത്യാകുറ്റം നിലനിൽക്കില്ലെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്.
അപകടത്തിന് തൊട്ടുപിന്നാലെ, രക്തസാമ്പിൾ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമൻ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂർവം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.




