- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ തസ്തിക ഒരു കാരണവശാലും ഒഴിഞ്ഞു കിടക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം; നടപടിക്രമങ്ങൾ കൃത്യസമയത്ത് നടത്താതെ അവസാന നിമിഷം സാങ്കേതിക പിഴവുമായി പഞ്ചാപകേശന്റെ കലാവധി നീട്ടൽ; അശ്രദ്ധയ്ക്ക് തെളിവായി ഒരു ഉത്തരവ്
കൊച്ചി: സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ കാലാവധി നീട്ടിയത് വിവാദത്തിൽ. ഉത്തരവിൽ സാങ്കേതികപ്പിഴവ് കടന്നു വന്നതാണ് വിവാദമാകുന്നത്. സംസ്ഥാന ഭിന്നശേഷി കമ്മിഷണറായ എസ്.എച്ച്.പഞ്ചാപകേശന്റെ 3 വർഷ കാലാവധി ശനി അവസാനിച്ചിരുന്നു.
പുതിയ കമ്മിഷണറെ നിയമിക്കണമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള ആൾ വിരമിക്കുന്ന തീയതിക്ക് ആറു മാസം മുൻപ് ആരംഭിക്കണമെന്നാണു ചട്ടം. എന്നാൽ നടപടികൾ ഇതുവരെയും ആരംഭിച്ചിരുന്നില്ല. '2020ലെ ഭിന്നശേഷി അവകാശനിയമത്തിലെ ചട്ടം 37 (2) പ്രകാരം പുതിയ ഭിന്നശേഷി കമ്മിഷണറെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ, പ്രസ്തുത നടപടികൾ പൂർത്തീകരിക്കുംവരെ നിലവിലെ കമ്മിഷണറെ തുടരാൻ അനുവദിക്കുന്നു' എന്നാണു സാമൂഹിക നീതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ പറയുന്നത്.
37 (2) ചട്ടം പുതിയ കമ്മിഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടത് അല്ലെന്നതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. 'സംസ്ഥാന കമ്മിഷണറുടെ കാലാവധി ചുമതലയേൽക്കുന്നതുമുതൽ 3 വർഷം ആയിരിക്കും. ഇതു രണ്ടു വർഷം വരെയോ അതല്ലെങ്കിൽ ആ വ്യക്തിക്ക് 70 വയസ്സു തികയുകയോ (ഏതാണോ ആദ്യം) ചെയ്യും വരെ നീട്ടിനൽകാം' എന്നാണ് ഈ ചട്ടം പറയുന്നത്. എന്നാൽ പഞ്ചാപകേശിനെ നിയമിച്ചതായി പറയുന്നത് നടപടികൾ പൂർത്തീകരിക്കും വരെ മാത്രമാണ്. അതുകൊണ്ട് സാങ്കേതിക പ്രശ്‌നവും ഉത്തരവിലെത്തി.
പറഞ്ഞിരിക്കുന്ന ചട്ടപ്രകാരം പ്രകാരം നിലവിലെ കമ്മിഷണറുടെ കാലാവധി നീട്ടാൻ തീരുമാനിച്ചാൽ അതു 2 വർഷത്തേക്കോ അദ്ദേഹം 70 വയസ്സു പൂർത്തിയാക്കുംവരെയോ (ഏതാണോ ആദ്യം എന്നതനുസരിച്ച്) ആയിരിക്കണം. എന്നാൽ 6ന് ഇറങ്ങിയ ഉത്തരവ് അതും പരാമർശിക്കുന്നില്ല. ഉത്തരവിൽ 37 (2) എന്നു പരാമർശിച്ചതു തിരുത്തി ഉത്തരവു വീണ്ടും ഇറക്കണം. അല്ലെങ്കിൽ രണ്ട് കൊല്ലത്തേക്ക് കാലാവധി നീട്ടിയും നൽകണം.
സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ തസ്തിക ഒരു കാരണവശാലും ഒഴിഞ്ഞുകിടക്കരുതെന്നു സുപ്രീം കോടതി നിർദ്ദേശവുമുണ്ട്. കൃത്യമായ അക്കാദമിക് പശ്ചാത്തലമുള്ളവരെ മാത്രമേ ഈ തസ്തികയിലേക്കു പരിഗണിക്കാവൂ എന്നും ഏതെങ്കിലും ഉദ്യോഗസ്ഥർക്കു ചാർജ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അർത്ഥത്തിലും പദവിക്ക് യോഗ്യനാണ് പഞ്ചാപകേശൻ. മികച്ചൊരു ജഡ്ജിയായിരുന്നു അദ്ദേഹം.
പുതിയ ആളെ നിയമിക്കാൻ 6 മാസം മുൻപുതന്നെ യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലും ഗെസറ്റിലും ഇംഗ്ലിഷ്, മലയാളം ദിനപത്രങ്ങളിലും പരസ്യം നൽകണമെന്ന് 2020ലെ വിജ്ഞാപനത്തിൽ ചട്ടം 38ൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ആ നടപടി ആരംഭിച്ചിരുന്നില്ല. ഒടുവിൽ സുപ്രുംകോടതിയുടെ വിധി പാലിക്കാൻ വേണ്ടി ഒരു ഉത്തരവും ഇറങ്ങി.
മറുനാടന് മലയാളി ബ്യൂറോ