- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ വീഴ്‌ച്ച; കേന്ദ്ര പണം ലഭിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ ഏപ്രിലിലും ഒക്ടോബറിലും കേന്ദ്ര ധനമന്ത്രാലയത്തിന് നൽകണം; ചെയ്യാത്തത് ചെയ്യാത്തതു കൊണ്ട് കിട്ടാത്തത് 66 കോടി; മറ്റൊരു കേരള അനാസ്ഥയുടെ കഥ
ന്യൂഡൽഹി; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. എന്നാലും ചെയ്യേണ്ടതൊന്നും അവർ ചെയ്യാറില്ല. ഇതു കാരണം ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുക്കുകയാണ്. നേരത്തെ നൽകിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇത്.
ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ കേരളം വീഴ്‌ച്ച വരുത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. വായ്പ എടുത്തും കടപത്രത്തിലൂടെ സമാഹരണം നടത്തിയും നിത്യ ചെലവുകൾ നടത്തുന്ന സർക്കാരാണ് 66 കോടി വേണ്ടെന്ന് വച്ചു കളയുന്നത്. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29ന് അനുവദിച്ചിരുന്നു.
കേന്ദ്രത്തിൽനിന്നു പണം ലഭിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ ഏപ്രിലിലും ഒക്ടോബറിലും കേന്ദ്ര ധനമന്ത്രാലയത്തിന് നൽകണം. സംസ്ഥാന വിഹിതത്തിന്റെയും ബജറ്റിൽ നീക്കിവച്ചതിന്റെയും വിശദാംശങ്ങളും നൽകണം. ഈ പണം പലപ്പോഴും വകമാറ്റി ചെലവഴിക്കാറുണ്ട്. അതുകൊണ്ടാണ് കണക്ക് നൽകാൻ കഴിയാതെ പോകുന്നതെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്ന് പ്രതികരിച്ചിട്ടില്ല.
2021-22ലെ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ അഡീഷനൽ സെക്രട്ടറി ഹിതേഷ് കുമാർ എസ്.മക്വാന ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് അയച്ച കത്തിൽ പറയുന്നു. 2022-23ലെ കേന്ദ്രവിഹിതമായ 66 കോടി രൂപ ഇതിനാൽ അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇനിയെങ്കിലും കേരളം കണക്ക് നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
എല്ലാ സംസ്ഥാനങ്ങളിൽ സംസ്ഥാന ദുരന്ത പ്രതിരോധ നിധി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും ധനകാര്യകമ്മീഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളിൽ ഇതിൽ 75 ശതമാനവും മലയോര മേഖലകളിലുള്ള പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളിൽ 90 ശതമാനവും കേന്ദ്രത്തിന്റെ വിഹിതമാണ്. മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര ഗവൺമെന്റ് ഓരോ സംസ്ഥാനങ്ങൾക്കും രണ്ടു ഗഡുക്കളായി മുൻകൂറായി എസ്.ഡി.ആർ.എഫ് വിഹിതം നൽകാറുണ്ട്. പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ നേരത്തെ തന്നെ ഉപയോഗത്തിനായി ലഭ്യമായിട്ടുള്ള എസ്.ഡി.ആർ.എഫിൽ നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്. ഈ ഫണ്ടാണ് കേരളത്തിന് നഷ്ടമാകുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്യമായി ദുരന്തങ്ങൾ കേരളത്തെ വേട്ടയാടിയിരുന്നില്ലെന്ന ധാരണയാണ് ദുരന്ത നിവാരണ മേഖലയിൽ കേരളം പിറകോട്ട് പോകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങൾ കേരളം അത്ര സുരക്ഷിത സംസ്ഥാനമല്ലെന്ന ബോധ്യമാണ് നമുക്ക് നൽകുന്നത്. അതുകൊണ്ട് ദുരന്ത പ്രതിരോധവും അത്യന്താപേക്ഷികമാണ് ഇന്ന്.
മറുനാടന് മലയാളി ബ്യൂറോ