തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു പിന്നാലെ വിമാനത്താവളവും കൈയിൽ കിട്ടിയതോടെ തിരുവനന്തപുരത്തെ ആകാശവും കടലും അദാനിയുടെ നിയന്ത്രണത്തിലാവുകയാണ്. 50വർഷത്തേക്ക് അദാനിക്ക് സർവ സ്വാതന്ത്ര്യമുണ്ടാവും വിമാനത്താവളത്തിൽ തുറമുഖവും വിമാനത്താവളവും ചേർത്ത് ലോജിസ്റ്റിക്‌സ് ബിസിനസ് നടത്താനാണ് അദാനിയുടെ പദ്ധതി. തുറമുഖവും വിമാനത്താവളവും കൂടിച്ചേരുന്ന വമ്പൻ സാമ്പത്തികമേഖലയായി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദാനി പറയുന്നു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതിനെതിരായ സർക്കാരിന്റെയും എംപ്ലോയീസ് യൂണിയന്റെയും ഹർജികൾ സുപ്രീംകോടതി തള്ളിയതോടെ അദാനിക്ക് ഇനി ഇവിടെ എന്തുമാകാമെന്ന സ്ഥിതിയാണ്. സർക്കാരിന്റെ ഒത്താശയോടെ സർവ പ്രതാപിയായി അദാനിക്ക് വിലസാം.

വിമാനത്താവള നടത്തിപ്പ് ലേലത്തിലേക്ക് പോവാതെ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവുമായിരുന്നു. കൊച്ചി വിമാനത്താവളം പോലെ പി.പി.പി മോഡലിൽ തിരുവനന്തപുരം വിമാനത്താവളം വളരുകയും ചെയ്യുമായിരുന്നു. എന്നാൽ വിമാനത്താവള നടത്തിപ്പ് കൈമാറണമെന്ന ആവശ്യമുന്നയിക്കാതെ, കെ.എസ്‌ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് സർക്കാരിന് തിരിച്ചടിയായത്. ആദ്യം ലേലത്തിൽ പങ്കെടുക്കാനൊരുങ്ങിയ നെടുമ്പാശേരി വിമാനത്താവള കമ്പനിയെ മാറ്റിനിറുത്തിയതും വിനയായി. ലേലത്തുകയും കേരളം നിർദ്ദേശിക്കുന്ന തുകയും തമ്മിൽ 10%വരെ വ്യത്യാസമുണ്ടായാലും വിമാനത്താവള നടത്തിപ്പിനുള്ള ആദ്യഅവകാശം കേരളത്തിന് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ അംഗീകരിച്ചതും തിരിച്ചടിയായി. അദാനിയുടെ ക്വട്ടേഷൻ തുകയുമായുള്ള വ്യത്യാസം 19.3ശതമാനമായിരുന്നു.

വിമാനത്താവള നടത്തിപ്പ് പാട്ടത്തിലെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ഗൗതം അദാനിയുടെ മരുമകൾ പാർട്ണറായ കമ്പനിയിൽ നിന്നാണ് നിയമോപദേശം തേടിയത്. അതായത് സംസ്ഥാനം ക്വാട്ട് ചെയ്യുന്ന തുക മുൻകൂട്ടി അദാനിക്ക് ലഭ്യമായി. ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരീധിയുടെ പിതാവായ സിറിൾ ഷെറോഫിന്റെ മുംബയ് ആസ്ഥാനമായ സിറിൾ അമർചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന്റെ സഹായമാണ് സർക്കാർ തേടിയത്. പ്രൊഫഷണൽ ഫീസായി ഇവർക്ക് 55,39,522 രൂപയും നൽകി.

ഗൗതം അദാനിയുടെ മരുമകൾ പരിധി ഈ സ്ഥാപനത്തിന്റെ പാർട്ണറാണ്. പാട്ടലേലത്തിൽ സർക്കാരിന്റെ എതിരാളിയായിരുന്നു അദാനി. ഒരു യാത്രക്കാരന് 135 രൂപ വച്ച് എയർപോർട്ട് അഥോറിറ്റിക്ക് നൽകാമെന്ന ക്വട്ടേഷനാണ് കെ.എസ്‌ഐ.ഡി.സിയുമായി ചേർന്ന് സർക്കാർ നൽകിയത്. അദാനിഗ്രൂപ്പ് 168രൂപ ക്വാട്ട് ചെയ്തു. ലേലത്തിൽ ഏറ്റവും കൂടുതൽ തുക നൽകുന്ന കമ്പനിയെക്കാൾ 10 ശതമാനം താഴെയാണെങ്കിലും സംസ്ഥാനത്തിന് അവസരം നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നതാണ്. പക്ഷേ കേരളത്തിന്റെ തുക അദാനി ഗ്രൂപ്പിനെക്കാൾ 19.64 ശതമാനം കുറവായിരുന്നു. അതോടെ ലേലത്തിൽ അദാനി വിജയിച്ചു. അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉപദേശപ്രകാരമുള്ള തുകയാണ് കേരളം ക്വോട്ട് ചെയ്തത്.

ലേലത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനായി ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെ.പി.എം.ജിയേയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പ്രോജക്ട് തയ്യാറാക്കാൻ ഇവർക്ക് 1.57കോടി കൺസൾട്ടൻസി ഫീസായി നൽകി. ലേലത്തിനു മുന്നോടിയായുള്ള പരസ്യങ്ങൾക്ക് 5,77,752 രൂപ ചെലവായി. എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യയുടെ ലേല നടപടികൾക്കുള്ള ചെലവ് 7,78,800 രൂപ. ബാങ്ക് ഗ്യാരണ്ടികൾക്ക് കമ്മിഷൻ ഇനത്തിൽ 7,83,030 രൂപയും സ്റ്റാമ്പ് പേപ്പർ ഉൾപ്പടെ മറ്റു ചെലവുകൾക്ക് 2,34,135 രൂപയുമായിരുന്നു ചെലവ്.

ലേലത്തിൽ പങ്കെടുക്കാനായി സർക്കാർ ആകെ മുടക്കിയത് 2.36 കോടി രൂപയാണ്. വിമാനത്താവള ഇടപാടിന് പുറമെ കിഫ്ബി മസാല ബോണ്ട് സമാഹരണത്തിനും സർക്കാരിന് നിയമോപദേശം നൽകിയത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയാണ്. 10,75,000 രൂപയാണ് ഇതാനിയ് കമ്പനിക്ക് നൽകിയത്. 2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സർക്കാർ സമാഹരിച്ചത്.