തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ.സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നതിനുള്ള രീതിയിൽ നിയന്ത്രണം കൊണ്ടുവരനാണ് സർക്കാൻ ലക്ഷ്യമിടുന്നത്. ആശ്രിത നിയമനം സംസ്ഥാനം പൂർണമായും പിൻവലിക്കുകയില്ല. മറിച്ച് സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെങ്കിൽ, അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു. യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം. ഈ മാസം പത്തിന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.ഇനി ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നൽകി ഈ അവസരം പിഎസ്‌സിക്ക് വിടുന്നതിനുമാണ് ആലോചന.

പിന്നീട് ഇവർക്ക് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാൻ അർഹതയുണ്ടായിരിക്കില്ല. സർക്കാർ വകുപ്പുകളിൽ ഒഴിവു വരുന്നവയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നിർദ്ദേശം ആലോചിക്കുന്നത്.

ഇതിനെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും ഹൈക്കോടതി അതും തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ മാസം 10 ന് ഓൺലൈനായി ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നതും സംസ്ഥാനസർക്കാർ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും.

ആശ്രിത നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ശുപാർശ നൽകിയിരുന്നു. ആശ്രിത നിയമനം പൂർണമായി നിർത്തണമെന്ന് 11-ാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ശമ്പള കമ്മീഷന്റെ ഈ നിർദ്ദേശം പഠിച്ചശേഷമാണ് സമിതി നിർദ്ദേശം മുന്നോട്ടു വെച്ചത്.

സംസ്ഥാനത്ത് 1970 മുതലാണ് ആശ്രിത നിയമനം ആരംഭിച്ചത്. സർക്കാർ ജീവനക്കാർ സർവീസിലിരിക്കേ മരിച്ചാൽ ജീവിത പങ്കാളിയ്‌ക്കോ മക്കൾക്കോ മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ സർക്കാർ സർവീസിൽ ജോലി നൽകുന്ന രീതിയാണിത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവൂ എന്നാണ് ഉത്തരവ്. സംസ്ഥാന സർക്കാർ നൽകിയ പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.ഈ വിഷയത്തിൽ മറ്റ് വഴികളില്ലെന്ന നിയമ വകുപ്പിന്റെ വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഈ മാറ്റത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

സർവീസ് സംഘടനകളുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പിന് സാധ്യതയുണ്ട്. ഇടത് സംഘടനകൾ തന്നെ ഈ നീക്കത്തെ എതിർക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോകുന്നത്. കോടതി ഉത്തരവ് പ്രകാരം വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. ഈ സാഹചര്യം കൂടെ വിശദീകരിച്ചാവും സർക്കാർ സംഘടനകളെ അനുനയിപ്പിക്കാൻ ശ്രമിക്കുക.