കോവിഡിനുശേഷമുള്ള റീ ഓപ്പണിങ്ങിനുശേഷം സഞ്ചാരപ്രിയരുടെ ഇടയിൽ ട്രെൻഡിങ്ങായ വാക്കാണ് സ്റ്റേക്കേഷൻ. വീട്ടിൽ നിന്നു മാറി, വിനോദ സഞ്ചാരകേന്ദ്രത്തിലോ, റിസോർട്ടിലോ, ഹോം സ്റ്റേകളിലോ എത്തി, ജോലി ചെയ്യുന്ന രീതിയാണിത്. സ്റ്റേ, വെക്കേഷൻ (stay+ Vacation) എന്നീ രണ്ടു വാക്കുകൾ ചേരുന്നതാണ് സ്റ്റേക്കേഷൻ. പുതുതലമുറയിലെ പ്രഫഷണലുകൾക്കിടയിൽ ഇന്ന് വ്യാപകമായ തൊഴിൽ സംസ്‌ക്കാരമാണിത്. ഐ ടി മേഖലയിലാണ് ഈ രീതി ഏറ്റവും കൂടുതലുള്ളത്. കേരളത്തിലും സ്റ്റേക്കേഷന് വേണ്ടി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്.

ഓഫീസിലെത്തി ജോലി ചെയ്യേണ്ടതില്ലാത്ത റിമോട്ട് വർക്കേഴ്‌സായി ലോകത്തിൽ ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇവരെയാണ് സ്റ്റേക്കേഷൻ പ്രമോട്ടേഴ്സ് ലക്ഷ്യമിടുന്നത്. ജപ്പാനിലും, കൊറിയയിലും സ്‌കാൻഡനേവിയൻ രാജ്യങ്ങളിലുമൊക്കെ ഐടി പ്രൊഫഷണലുകൾക്കിടയിൽ ഈ രീതി സുപരിചതിതമായി കഴിഞ്ഞു. ഇന്ന് മീറ്റിങ്ങുകൾ ഓൺലൈനായി ചേരാൻ കഴിയുന്നതുകൊണ്ട്, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഓഫീസിന്റെ ഭാഗമാവാൻ ഇത്തരക്കാർക്ക് കഴിയും.

തൊഴിലുടമകൾക്കും സ്റ്റേക്കേഷനോട് താൽപ്പര്യം വരാൻ കാരണം, പ്രൊഡക്റ്റിവിറ്റി കൂടുന്നുവെന്നതാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ ജോലിചെയ്യുന്നതിനേക്കാൾ, ജീവനക്കാരുടെ ക്രിയേറ്റിവിറ്റിയെ ഉണർത്തുന്നതും, ജോലിക്ക് വേഗത കിട്ടുന്നതുമൊക്കെ സ്റ്റേക്കേഷനിലാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഗൂഗിൾ അടക്കമുള്ള പ്രമുഖ കമ്പനികൾ ഇത് പ്രോൽസാഹിപ്പിക്കാറുണ്ട്.

കേരളം പഴയ പടിയിൽ തന്നെ

തായ്ലൻഡ്, മാലിദ്വീപ്, തുടങ്ങിയ രാജ്യങ്ങളൊക്കെ സ്റ്റേക്കേഷനുവേണ്ട പ്രത്യേക ടൂറിസം പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ അപ്പോഴോക്കെ കേരളത്തിലടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്റ്റേക്കേഷന്റെ സാധ്യതകൾ ചൂഷണം ചെയ്യാനുള്ള എല്ലാ ഇൻഫ്രസ്ട്രക്ച്ചറും ഇവിടെയുണ്ടെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്.

സ്റ്റേക്കേഷനിൽ ഏറെ മുന്നോട്ട്പോയി കഴിഞ്ഞത്, തായ്ലൻഡ് ആണ്. ഇതിനായി നിരവധി ഇളവുകൾ അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ മുതൽ തായ്‌ലൻഡിലേക്ക് ഇന്ത്യയടക്കമുള്ള 93 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാം. കോവിഡ് മൂലം ആഗോളതലത്തിൽ വിനോദസഞ്ചാര മേഖലയിലുണ്ടായ മാന്ദ്യം തായ്‌ലൻഡിനെയും കാര്യമായി ബാധിച്ചിരുന്നു. ഇതിൽ നിന്നും പുറത്തുകടക്കാൻ വിവിധ തരത്തിലുള്ള നടപടികളാണ് തായ്‌ലൻഡ് ആവിഷ്‌കരിക്കുന്ന്. 60 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കുന്നതിനുള്ള അവസരമാണ് തായ്‌ലൻഡ് ഒരുക്കുന്നത്. റിമോട്ട് വർക്കേഴ്‌സിനെക്കൂടി ലക്ഷ്യമിട്ടാണ് തായ്‌ലൻഡിന്റെ നീക്കം. ഇവർക്ക് 180 ദിവസം വരെ രാജ്യത്ത് കഴിയാനുള്ള അവസരമുണ്ട്. ഇത് അഞ്ച് വർഷത്തേക്ക് വരെ നീട്ടുകയും ചെയ്യാം. ഡിജിറ്റൽ നൊമാഡ് വിസ എന്നറിയപ്പെടുന്ന ഇത്തരം സൗകര്യം ഉപയോഗപ്പെടുത്തുന്നവർ നിരവധിയാണെന്നും കണക്കുകൾ പറയുന്നു.

എല്ലാകാലത്തും ഇന്ത്യൻ യാത്രികരുടെ ഇഷ്ടയിടങ്ങളിലൊന്നാണ് തായ്‌ലൻഡ്. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന രുചികരമായ ആഹാരം, താമസം, നൈറ്റ് ലൈഫ്, മനം മയക്കുന്ന പ്രകൃതി ഭംഗി തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ബഡ്ജറ്റ് നിരക്കിൽ തായ്‌ലൻഡിലേക്ക് വിമാനത്തിൽ യാത്രയും ചെയ്യാം. സോഷ്യൽ മീഡിയയുടെ വരവോടെ തായ്‌ലൻഡ് ടൂറിസത്തിന് ഇന്ത്യാക്കാർക്കിടയിൽ വലിയ സ്വാധീനം ചെലുത്താനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അവർ സ്റ്റേക്കേഷനിലേക്കും കടന്നിരിക്കയാണ്. പക്ഷേ കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇതുപോലുള്ള ചർച്ചകൾ ഇനിയും തുടങ്ങിയിട്ടില്ല.