ലണ്ടൻ: ചികിത്സാ പിഴവ് മൂലം അതീവ ഗുരുതരമായ ആരോഗ്യ നിലയിൽ എത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിക്കുക ഏതാണ്ട് 30 മില്യൻ പൗണ്ടോളം(300 കോടി) നഷ്ടപരിഹാരം. ബ്രിട്ടനിലാണ് സംഭവം. ജനനശേഷമുള്ള ശുശ്രൂഷകളിൽ വന്ന കാലതാമസവും പിഴവുകളും അതുപോലെ ആവശ്യമായ ഒരു ശസ്ത്രക്രിയ നടത്താൻ വന്ന കാലതാമസവും ആ പെൺകുട്ടിയെ സെറിബ്രൽ പാൾസിക്ക് ഇരയാക്കുകയായിരുന്നു. എൻ എച്ച് എസ്സിന്റെ ചരിത്രത്തിലെ തന്നെ ചികിത്സാ പിഴവിന് നൽകേണ്ടി വരുന്ന ഏറ്റവും വലിയ രണ്ടാമത്തെ നഷ്ടപരിഹാര തുകയാണിത്. തെറ്റുപറ്റിയതായി സമ്മതിച്ച സ്റ്റോക്ക്‌പോർട്ട് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അതിന്റെ ബാദ്ധ്യതയും ഏറ്റെടുത്തു.

ലണ്ടനിലെ ഹൈക്കോടതിയാണ് 29.3 മില്യൻ പൗണ്ടിന്റെ പിഴ വിധിച്ചത്. ഈ ചികിത്സാ പിഴവ് നിമിത്തം ആ പെൺകുട്ടിയുടെ ജീവിതം തന്നെ പാടെ മാറിയതായി അവരുടെ അഭിഭാഷകൻ പറഞ്ഞു.വലിയ ദുരിതമാണ് ഇപ്പോൾ ആ കുഞ്ഞും അവളുടെ മാതാപിതാക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റോക്ക്‌പോർട്ട് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ഏറെക്കാലം കാത്തുനിന്നു. അവസാനമാണ് നിയമനടപടികൾക്ക് ഒരുങ്ങിയതെന്നും അഭിഭാഷകൻ പറഞ്ഞു.

ആ പെൺകുട്ടിക്ക് ജീവിതകാലം മുഴുവൻ വേണ്ട ആവശ്യകതകൾ കണക്കിലെടുത്താണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരമായി വിധിച്ചത്. ജീവിതം നശിപ്പിക്കപ്പെട്ടു പോയ ഒരുകുഞ്ഞിനുള്ള വലിയൊരു അനുഗ്രഹമാണ് ഈ വിധി എന്നും അഭിഭാഷകൻ പറഞ്ഞു. കുടുംബം മുഴുവൻ ഈ പോരാട്ടത്തിനു പിന്നിൽ ഉറച്ചു നിൽക്കുകയായിരുന്നു. അവർക്ക് വേണ്ടി ഹാജരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം, രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കലും, രോഗികളുടെ സുരക്ഷിതത്വവും തന്നെയാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്ന കാര്യം എന്നായിരുന്നു സ്റ്റോക്ക്‌പോർട്ട് ട്രസ്റ്റിന്റെ പ്രതികരണം. ഈ സംഭവത്തിനു ശേഷം ആശുപത്രിയിലെ സാഹചര്യം ഏറെ മെച്ചപ്പെടുത്തിയതായും ട്രസ്റ്റ് വക്താവ് അറിയിച്ചു. കോടതിയിൽ ഒരു തർക്കത്തിന് പരിഹാരമുണ്ടായതിൽ സന്തോഷമുണ്ടെന്നും ട്രസ്റ്റ് പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തോട് നിരുപാധികം മാപ്പ് പറയുന്നതായും ട്രസ്റ്റ് വക്താവ് അറിയിച്ചു.