ചെന്നൈ: തമിഴകത്തിലെ രാഷ്ട്രീയത്തിന് എപ്പോഴും ഒരു സിനിമാ പരിവേഷം വേണം. സാധാരണക്കാരനിൽ നിന്നും ഉന്നതായി വളരുന്ന നേതാവ്. അതുപോലെയാണ് സെന്തിൽ വി ബാലാജി എന്ന ഡിഎംകെ നേതാവിന്റെയും കഥ. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് അധികാര രാഷ്ട്രീയത്തിന്റെ വഴിയിൽ അതിവേഗം വളർന്ന വ്യക്തിത്വം. പഞ്ചായത്തംഗമായി പയറ്റി തുടങ്ങിയതാണ് സെന്തിലിന്റെ രാഷ്ട്രീയ ജീവിതം. ഇത് പിന്നീട് സിനിമക്കാഥയിലെ നായകനെയും വെല്ലുന്ന വിധത്തിലാണ് വളർന്നത്. ഏറ്റവും ഒടുവിൽ കേന്ദ്രത്തിലെ കരുത്തൻ അമിത്ഷായുടെ കരു നീക്കത്തിൽ അടിപതറി നിൽക്കുന്നു. എന്നാൽ, ചെറുക്കാൻ ഡിഎംകെയും സ്റ്റാലിനും ഒപ്പം ചേർന്നതോടെ സെന്തിൽ രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഇഡി കേസിൽ അറസ്റ്റിലായ സെന്തിലിന്റെ രാഷ്ട്രീയ വളർച്ച ആരെയു അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.

പഞ്ചായത്തംഗത്തിൽ നിന്നു 3 പാർട്ടികളിലെ പ്രധാന കസേരകളിലേക്കുള്ള വി.സെന്തിൽ ബാലാജിയുടെ വളർച്ച അതിവേഗത്തിലായിരുന്നു. തന്ത്രങ്ങൾ മെനയുന്നതിലെ മികവായിരുന്നു തുറുപ്പുചീട്ട്. കരൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനനം. 4 തവണ എംഎൽഎയായി. 2006ൽ മുപ്പതാം വയസ്സിൽ അണ്ണാഡിഎംകെ അംഗമായി ആദ്യം നിയമസഭയിൽ. 2011ലും ജയിച്ചു ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി.

കുറഞ്ഞ സമയം കൊണ്ട് ജയയുടെ വിശ്വസ്തനായി മാറിയ അദ്ദേഹം ജയയ്ക്കു വേണ്ടി തല മുണ്ഡനം ചെയ്തും പൂജകളും നേർച്ചകളും സംഘടിപ്പിച്ചും വാർത്തകളിൽ ഇടം നേടി. മിതമായ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാൻ ബസുകളും സ്റ്റേഷനുകളും കേന്ദ്രീകരിച്ചു 2013ലെ 'അമ്മ കുടിനീർ' പദ്ധതിയുടെ ആശയവും അദ്ദേഹത്തിന്റേതായിരുന്നു. എന്നാൽ, ഗതാഗത വകുപ്പിലെ കോഴ ആരോപണത്തിന്റെ പേരിൽ തെറ്റിയതോടെ 2015ൽ മന്ത്രിസഭയിൽ നിന്നും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായി.

2016ൽ ജയലളിതയുടെ മരണത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അധികാര വടംവലിക്കു പിന്നാലെ വി.കെ.ശശികല-ടി.ടി.വി.ദിനകരൻ വിഭാഗത്തിന്റെ കൂടെയായി. 2018ൽ ഡിഎംകെയിലെത്തി; പാർട്ടിക്കു ഗുണകരമായ തന്ത്രങ്ങളിലൂടെ സ്റ്റാലിന്റെ വിശ്വസ്തനായി. പിന്നാലെ, നിർണായക സ്ഥാനങ്ങളും പ്രധാന ചുമതലകളും തേടിയെത്തി. ഡിഎംകെ പ്രതിരോധത്തിലാകുമ്പോഴൊക്കെ രക്ഷകനായി അവതരിച്ചിരുന്ന ബാലാജി എതിർകക്ഷികളുടെ കണ്ണിൽ കരടാകാനും അധികകാലം വേണ്ടി വന്നില്ല.

അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറൻ ജില്ലകളിൽനിന്നു ഡിഎംകെയിലേക്ക് വോട്ട് ഒഴുകാൻ തുടങ്ങിയതു മുതലാണു സെന്തിൽ ബാലാജിയെന്ന യുവനേതാവ് എതിർകക്ഷികളുടെ നോട്ടപ്പുള്ളിയായത്. ഡിഎംകെയുടെ ഉദയസൂര്യൻ കാര്യമായ തെളിയാതിരുന്ന മേഖല പിടിച്ചെടുക്കാൻ പാർട്ടി നിയോഗിച്ച പടത്തലവനായിരുന്നു അദ്ദേഹം. അതുകൊണ്ട് കൂടിയാണ് ബിജെപി നേതൃത്വം സെന്തിലിനെ നോട്ടമിട്ട് നീങ്ങിയതും.

ഗൗണ്ടർ വിഭാഗത്തിനു സ്വാധീനമുള്ള കൊങ്കുനാട് എന്നറിയപ്പെടുന്ന കോയമ്പത്തൂർ സേലം ഈറോഡ് മേഖലയിൽ അതേ വിഭാഗക്കാരനായ ബാലാജിയുടെ കൃത്യമായ ഇടപെടലുകളാണു നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഡിഎംകെയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. സെന്തിലിന്റെ സ്വന്തം നാടായ കരൂർ ജില്ലയിലെ അറുവാക്കുറിച്ചിയിൽ മത്സരിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ദയനീയമായി പരാജയപ്പെടാൻ കാരണവും ബാലാജിയുടെ തന്ത്രങ്ങളായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ തോൽവിക്കു പിന്നാലെ സേലം, ഈറോഡ് , തിരുപ്പൂർ, പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിലും ഡിഎംകെ തൂത്തുവാരി. എടപ്പാടി കെ.പളനിസ്വാമി, ഒ.പനീർസെൽവം എന്നിവരുടെ വാർഡുകളിൽ പോലും പാർട്ടിക്കു വിജയിക്കാനായില്ല. തുടർച്ചയായി നടന്ന 2 തിരഞ്ഞെടുപ്പുകളിലും അടിയറവു പറയേണ്ടി വന്നതോടെ ബാലാജിയെ ഒതുക്കേണ്ടത് ബിജെപിഅണ്ണാഡിഎംകെ സഖ്യത്തിന്റെ പൊതു ആവശ്യമായി. മെല്ലെപ്പോക്കിലായിരുന്ന കേസ് നടപടികളെല്ലാം അതിവേഗത്തിലായി.

ഡിഎംകെ അധികാരത്തിൽ വന്നപ്പോൾ മുതൽ എതിർപക്ഷം നടത്തിയ പടയൊരുക്കത്തിനൊടുവിലാണ് ബാലാജിയെ കുടുക്കിയത്. സംസ്ഥാനത്തിനു പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിനെച്ചൊല്ലിയും സർക്കാർ മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ക്രമേക്കേടിനെച്ചൊല്ലിയും ബാലാജിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. തമിഴ്‌നാട് വൈദ്യുതി- എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജൂൺ 28 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം, മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിലവിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ ചികിത്സ തുടരാമെന്നും കോടതി നിർദ്ദേശിച്ചു.

ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും തുടർന്ന് 18 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു നടപടി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മന്ത്രിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടതിനെത്തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് നിർദ്ദേശം നൽകിയത്. പ്രിൻസിപ്പൽ ജഡജ് എസ്. അല്ലി ആശുപത്രിയിലെത്തിയാണ് ഇ.ഡി. റിമാൻഡ് അപേക്ഷ പരിഗണിച്ചത്. സെന്തിൽ ബാലാജിയുടെ ആരോഗ്യസ്ഥിതി ജഡ്ജ് നേരിട്ട് വിലയിരുത്തി.

ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡി.എം.കെ.യിൽ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാൽപ്പതോളം ഇടങ്ങളിൽ കഴിഞ്ഞമാസം തുടർച്ചയായി എട്ടുദിവസം ആദായനികുതി റെയ്ഡ് നടന്നിരുന്നു. ഇതിന് തുടർച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉൾപ്പെടെ പന്ത്രണ്ടിടത്ത് കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.