തിരുവനന്തപുരം: പലരും പലവട്ടം ആവർത്തിച്ച് പഴകിയതാണ്, പിരിമുറുക്കത്തിന് അയവ് വരുത്താനുള്ള കോടിയേരിയുടെ സിദ്ധി. അതും ചിരിക്കുന്ന മുഖത്തോടെ. പാർട്ടിയിൽ മാത്രമല്ല, മുന്നണിയിലും, മുന്നണിക്ക് പുറത്തും പ്രിയങ്കരനായതും അതുകൊണ്ട് തന്നെയാവണം. ഏതുഊരാക്കുടുക്കിൽ നിന്നും പാർട്ടിയെ രക്ഷിച്ചെടുക്കാനും, ഐക്യത്തിന്റെയും ചങ്ങാത്തത്തിന്റെയും സ്‌നേഹ മുദ്ര പതിപ്പിക്കാനും പോന്നൊരു നേതാവ്.

വിഎസിനെ എന്നും ചേർത്തുനിർത്തി

2015ൽ വി എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണു കോടിയേരി സിപിഎമ്മിന്റെ അമരക്കാരനായത്. സമ്മേളനം തന്നെ ബഹിഷ്‌കരിച്ച വിഎസിനെ പാർട്ടി പുറത്താക്കുമെന്നും, വി എസ് പാർട്ടി വിടുമെന്നും ശ്രുതി പരന്ന കാലം. എന്നാൽ, കോടിയേരി അപ്പോഴും വിഎസിന് കൈകൊടുക്കാനും വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാനും പാകത്തിൽ ഇടം കണ്ടു. അടുത്ത വർഷം സിപിഎമ്മും എൽഡിഎഫും അധികാരത്തിലെത്തിയത് ആർക്കും അറിയാവുന്ന ചരിത്രം. ആ ചരിത്രത്തിൽ വലിയൊരു വിരൽപ്പാട് പതിപ്പിച്ചു കോടിയേരി. വിവാദങ്ങളും അനോരോഗ്യവും അലട്ടുമ്പോഴും എന്നും പാർട്ടിക്കൊപ്പം പ്രിയങ്കരനായി തുടർന്നു.

മാധ്യമ സിൻഡിക്കേറ്റും, ബക്കറ്റിലെ വെള്ളവുമായി വിഎസും പിണറായിയും പൊരിഞ്ഞ പോരിലായിരിക്കുമ്പോഴും, പിണറായി പക്ഷത്തായിരുന്നു കോടിയേരി. എന്നാൽ, വിഎസിനോട് ഒരിക്കലും ഈർഷ്യ കാണിക്കുകയോ, കലഹിക്കുകയോ ചെയ്തില്ല. പിണറായിക്കെതിരെ അച്ചടക്ക നടപടി വന്നപ്പോഴും കോടിയേരിയെ അതൊന്നും തേടി വന്നില്ല. സിൻഡിക്കേറ്റിനെ വിമർശിക്കുന്നവർ തന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു എന്ന വിഎസിന്റെ വിമർശനവും പിണറായിയുടെ മറുപടിയും എല്ലാം സിപിഎം രാഷ്ട്രീയത്തെ കലുഷിതമാക്കിയ നാളുകൾ. 'ഒരു കുട്ടി കടൽ കാണാൻ വന്നു. കടലിൽ തിരകൾ ആർത്തലയ്ക്കുന്നു. കുട്ടിക്ക് വളരെ സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന് അതിൽ വെള്ളം കോരി. ബക്കറ്റിൽ നോക്കുമ്പോൾ അതിൽ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസംകണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞു. അല്ലയോ കുട്ടീ, ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നുനിന്നാലേ തിരയാകൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്' ശംഖുമുഖത്ത്, നവകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി വിജയൻ ഇങ്ങനെ പാർട്ടിയുടെ പ്രധാന്യം ഊട്ടിയുറപ്പിച്ചു.

അടുത്തദിവസം, ഗോർബച്ചേവുമാർ വറ്റിച്ചുകളഞ്ഞ സമുദ്രത്തെക്കുറിച്ച് പറഞ്ഞ് വി എസ് തിരിച്ചടിച്ചു. ഇങ്ങനെയുള്ള ഗോർബച്ചേവുമാരുടെ കാലത്ത് കടലും വറ്റിപ്പോകുമെന്നും അന്ന് ബക്കറ്റിലെടുക്കാൻ പോലും വെള്ളം ബാക്കിയുണ്ടാവില്ലെന്നും വി എസ് മുന്നറിയിപ്പ് നൽകി. ഇതെല്ലാം കേട്ട് കോടിയേരി അക്ഷോഭ്യനായിരുന്നു. വിഎസിനെ കൈവിട്ടുമില്ല.

1988ലെ ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിൽ കോടിയേരി എത്തിയത്. അന്ന് വിഎസായിരുന്നു സംസ്ഥാന സെക്രട്ടറി. 2015ലെ ആലപ്പുഴ സമ്മേളനത്തിൽ കോടിയേരിയായിരുന്നു സംസ്ഥാന സെക്രട്ടറി. വി എസ്് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയെങ്കിലും, സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ പൂർണമായി പിന്തുണച്ചു. 2008ൽ കോടിയേരിയുടെ പേര് പോളിറ്റ് ബ്യൂറോയിലേക്കു നിർദേശിക്കപ്പെട്ടപ്പോഴും വിഎസിന് എതിർപ്പില്ലായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന വിഎസുമായി ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് പലപ്പോഴും സ്വരച്ചേർച്ച ഉണ്ടായില്ലെങ്കിലും, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി കലഹമേയുണ്ടായില്ല.

സർക്കാരുമായും പോരിന് പോയില്ല

സംസ്ഥാന സെക്രട്ടറി ആയപ്പോഴും, സർക്കാരിനെ വിഷമിപ്പിക്കാത്ത നയമാണ് ആദ്യം മുതൽ കോടിയേരി സ്വീകരിച്ചത്. പിണറായി വിജയന്റെ കയ്യിലാണു പാർട്ടിയും സർക്കാരും എന്ന് പുറത്തുള്ളവർ പറഞ്ഞെങ്കിലും, നയപരമായ എല്ലാ വിഷയങ്ങളും മുഖ്യമന്ത്രി പാർട്ടിയിൽ ചർച്ച ചെയ്യാറുണ്ടെന്നു കോടിയേരി തുറന്നുപറഞ്ഞു. അധികാര കേന്ദ്രമായി പാർട്ടി മാറരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടു സർക്കാർ- പാർട്ടി സംഘർഷങ്ങൾ കുറഞ്ഞു. അതു പാർട്ടിയിലെ ഐക്യത്തെ ശക്തിപ്പെടുത്തി. മുന്നണിയിലെ പ്രശ്‌നങ്ങൾക്കും കോടിയേരിക്കു പരിഹാരമുണ്ടായി. അസാധാരണ മെയ്വഴക്കമാണു പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഇടഞ്ഞപ്പോഴെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാകാതെ നോക്കിയതു കോടിയേരിയാണ്. 1982ൽ കാനവും കോടിയേരിയും ഒരുമിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്നു മുതലുള്ള സൗഹൃദം പിന്നീടു സിപിഎം സിപിഐ ബന്ധത്തിന്റെ അടിസ്ഥാനമായി മാറി.

ഏതു സമയത്തും സമീപിക്കാവുന്ന നേതാവ്

ഏതു സമയത്തും എന്തു പ്രശ്‌നവുമായി സമീപിക്കാൻ സാധിക്കുന്ന നേതാവായിരുന്നു കോടിയേരി. ഫോണിലും ഏതു സമയത്തും കിട്ടും. അനാരോഗ്യം വല്ലാതെ അലട്ടിയപ്പോൾ പോലും ഫോൺ എടുക്കാനും തിരിച്ചുവിളിക്കാനും കോടിയേരി മനസ് കാട്ടിയത് പലർക്കും അദ്ഭുതമായിട്ടുണ്ടാകും. പുറത്തു ചിരിക്കുന്ന നേതാവെന്ന ഇമേജുണ്ടെങ്കിലും, കോടിയേരി സംഘടനാരംഗത്തു കണിശക്കാരനായിരുന്നു. വീഴ്ചയുണ്ടായാൽ ശാസിക്കാനും തിരുത്താനും ഒരു മയവും അദ്ദേഹം കാട്ടിയില്ല. പാർട്ടി നിലപാടുകൾ ഫലപ്രദമായി മാധ്യമങ്ങളെ അറിയിക്കാനും മിടുക്കനായിരുന്നു.

രോഗം തളർത്താത്ത പാർട്ടി കൂറ്

2019 ഒക്ടോബറിലാണ് കാൻസർ അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയത്. അമേരിക്കയിൽ വിദഗ്ധചികിത്സ തേടി ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചുവന്ന കോടിയേരി മാരകമായ അർബുദത്തെ പൂർണമായും അതിജീവിച്ചെന്ന പ്രതീതി ഉയർത്തിയതാണ്. പക്ഷേ, ഇക്കഴിഞ്ഞ പാർട്ടി സമ്മേളനങ്ങൾക്കിടെ അതു വീണ്ടും തലപൊക്കി.
കൊച്ചി സംസ്ഥാന സമ്മേളനത്തിൽ മൂന്നാം തവണയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി. അതിനിടയിൽ ലഹരിമരുന്നു കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതും മൂത്ത മകൻ ബിനോയിക്കെതിരെ ഉത്തരേന്ത്യൻ യുവതി പരാതി നൽകിയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ, തന്റെ രാഷ്ട്രീയത്തിലെ ദീർഘകാല സൗഹൃദങ്ങളുടെ മുതൽക്കൂട്ടിൽ കോടിയേരി എന്ന മനുഷ്യൻ അതിനെ അതിജീവിച്ചു.