തിരുവനന്തപുരം: തെരുവുനായകളെ നേരിടാൻ ഇനി സർക്കാരും. സംഭവത്തിൽ സുപ്രീംകോടതിയും ഇടപെട്ടതോടെയാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, തദ്ദേശസ്ഥാപനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തീരുമാനങ്ങളും നിർദേശങ്ങളും സർക്കാർ ഇതുവരെയെടുത്ത നടപടികളും സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള നിയമമനുസരിച്ച് വന്ധ്യംകരണം മാത്രമാണ് പോംവഴി. തെരുവുനായ്ക്കളെ കൊല്ലാൻ നിയമമില്ല. പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമതീർപ്പനുസരിച്ചാണ് തുടർന്നുള്ള കാര്യങ്ങൾ. ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നത് കർശനമായി തടയും. നിയമം കർശനമായി നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു. മന്ത്രിയായ ശേഷം രാജേഷിന്റെ മുമ്പിലെത്തുന്ന വലിയ സാമൂഹിക പ്രശ്‌നമാണ് ഇത്. നായ പ്രേമികളെ പിണക്കാതെ വിഷയം കൈകാര്യം ചെയ്യാനാണ് നീക്കം.

അതുകൊണ്ട് തന്നെ എല്ലാവരുടേയും അഭിപ്രായം സർക്കാർ കേൾക്കും. പേപിടിച്ചതും അക്രമകാരികളുമായ നായകളെ എന്തുചെയ്യണമെന്നതിൽ സർക്കാരിന്റെയും സംഘടനകളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും സുപ്രീംകോടതി 28-ന് ഇടക്കാല ഉത്തരവിറക്കുക. കേസിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കക്ഷിചേരാനാകുമോ എന്നതും സർക്കാർ പരിശോധിക്കും. അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.

രണ്ടുവർഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പ്രോഗ്രാം വീണ്ടും ഊർജിതമാക്കും. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകൾ ചേർന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണപ്രവർത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീക്ക് അനുമതിയുണ്ടായിരുന്നു. ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ കുടുംബശ്രീ ഒഴിവായി. ഇതാണ് പ്രതിസന്ധിയായി മാറിയത്. ഇതിനെ മറികടക്കാൻ പുതിയ തീരുമാനങ്ങളുണ്ടാകും.

സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകൾ ഇല്ലാത്തതിനാൽ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കും. വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സഹായവും തേടിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുതലങ്ങളിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുക, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം, ലൈസൻസ് നൽകൽ-പുതുക്കൽ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും പഞ്ചായത്ത് ഡയറക്ടർ നൽകിയിട്ടുണ്ട്.

നായകളിൽ കുത്തിവെക്കുന്നതിന് കൈവശമുണ്ടായിരുന്ന ആറുലക്ഷം വാക്‌സിനിൽ അഞ്ചുലക്ഷവും ജില്ലകളിൽ എത്തിച്ചതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബാക്കി ഉടൻ വിതരണംചെയ്യും. എ.ബി.സി.ക്ക് മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കും. ഇതിനായി വെറ്ററിനറി ഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ തുടങ്ങിയവരെ കരാറടിസ്ഥാനത്തിൽ നിയമിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളിൽ വളർത്തുന്നത് ഒൻപത് ലക്ഷത്തോളം പട്ടികളെയാണ്. ഇവയിൽ ഒരു ശതമാനത്തിനുപോലും ലൈസൻസില്ല. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. പട്ടികൾക്ക് ലൈസൻസെടുക്കാൻ 50 രൂപയോളം മാത്രമേ ചെലവുള്ളൂ. വാക്ലിൻ സൗജന്യമായി എല്ലാ സർക്കാർ മൃഗസ്സ്പത്രികളിലും കിട്ടും. ഒ.പി.ടിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസായി 30 രൂപ അടയ്ക്കണം.

പഞ്ചായത്തീരാജ് നിയമമനുസരിച്ച് പട്ടികളെ വളർത്താൻ ലൈസൻസ് എടുക്കണം. ചട്ടം ലംഘിച്ചാൽ 250 രൂപയാണ് പിഴ. ലൈസൻസ് എടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളിൽനിന്ന് ലഭ്യമാകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാണിച്ചാൽ ലൈസൻസ് ലഭിക്കും. മിക്ക വീടുകളിലും വളർത്തുന്നത് നാടൻ ഇനങ്ങളെയാണ്. ഇവയ്ക്ക് വാക്‌സിൻ എടുക്കുന്നില്ലെന്ന് മാത്രമല്ല, തുറന്നുവിടുന്നതും പതിവാണ്. പേവിഷബാധയ്ക്കിരയാവുന്നതും ഇത്തരം പട്ടികളാണ്.