തിരുവനന്തപുരം: പുലിയയേും കടുവയേയും പേടിക്കുന്ന കേരളം ഇന്ന് തെരുവ് നായ്ക്കളേയും ഭയക്കുന്നു. വാക്‌സിനേഷൻ താളം തെറ്റിയതും പേടി കൂടാൻ കാരണമായി. പട്ടി കടിച്ച ശേഷം വാക്‌സിൻ എടുത്താലും ആളുകൾ മരിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സമ്മർദ്ദത്തിലുമായി. ഒടുവിൽ തീരുമാനം എടുത്തു. പക്ഷേ അത് നടപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. അപകടകാരിയായ മനുഷ്യരെ വെടിവയ്ക്കാൻ പൊലീസിന് നിയമം അനുമതി നൽകുന്നുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുകളും ഉണ്ടാകുന്നു. ഇതിന് സമാനമാ3യി പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിക്കും.

തെരുവുനായകളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തുചെയ്യണമെന്ന ആലോചനയിലാണ് സർക്കാർ. വന്ധ്യംകരണം ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഫലം പെട്ടെന്നുണ്ടാകില്ല. ആക്രമണത്തിന് പരിഹാരമാവില്ല. അതുണ്ടാകണമെങ്കിൽ തെരുവിൽനിന്ന് നായകളെ മാറ്റി ഷെൽട്ടറുകളിൽ പാർപ്പിക്കണം. അപകടകാരികളെ ഇല്ലായ്മയും ചെയ്യണം. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും. തോടൊപ്പം തെരുവു നായ്ക്കളെ ലക്ഷ്യമിട്ടുള്ള ഊർജിത വാക്‌സിനേഷനും പഞ്ചായത്ത് തല ഷെൽറ്റർ സംവിധാനവും ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കും.

തെരുവു നായ്ക്കളെ പിടിക്കാൻ കൂടുതൽ പേർക്കു പരിശീലനം നൽകും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ ജനങ്ങളുടെ സഹായത്തോടെ നീക്കാനും പരിപാടി തയാറാക്കും. തെരുവു നായ്ക്കളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ഷെൽറ്ററുകൾ നിർമ്മിക്കും. ശല്യം കൂടുതലുള്ള സ്ഥലങ്ങൾ നിർണയിച്ച് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും. ഈ പദ്ധതികളെല്ലാം നടപ്പായാൽ തെരുവ് നായക്കളുടെ ഭീതി കുറയും. പക്ഷേ വെറും വാക്കുകളിൽ ഇത് ഒതുങ്ങുമോ എന്നതാണ് പ്രസക്തം. ഏതായാലും പട്ടിയെ കൊല്ലാനുള്ള അനുമതി തേടുമ്പോൾ നായ പ്രേമികൾ അതിനെ എതിർക്കും. അതുകൊണ്ട് തന്നെ കോടതിയുടെ നിലപാട് പ്രഖ്യാപനം അതിനിർണ്ണായകമാകും.

എന്നും പട്ടി കടി വാർത്തകൾ കൂടുന്നു. പലതും റിപ്പോർട്ടാകുന്നില്ല. ഈ സാഹചര്യമെല്ലാം സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. പോസ്റ്റ് വുമണിനെയും ആശാ വർക്കറെയും നായ കടിച്ചു. മലപ്പുറം എടപ്പാൾ ആലങ്കോട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അജീഷ്മയെ (26) ജോലിക്കിടെ തെരുവുനായ കടിച്ചു. പാലക്കാട് പട്ടഞ്ചേരിയിൽ ആശാ പ്രവർത്തക രജനി ശിവരാമനെ (43) ജോലിക്കിടെ നായ കടിച്ചു. ഫീൽഡ് സർവേയ്ക്കായി ഒരു വീട്ടിൽ എത്തിയപ്പോൾ അവിടത്തെ വളർത്തുനായയാണു കടിച്ചത്. വിവിധ ജില്ലകളിലായി ഇരുനൂറിലേറെ പേർ ഇന്നലെ നായയുടെ കടിയേറ്റു ചികിത്സ തേടി. വളർത്തുനായ്ക്കളുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടും. തെരുവുനായ്ക്കൾ കുറുകെ ചാടുകയും പാഞ്ഞടുക്കുകയും ചെയ്തതിനെത്തുടർന്നുള്ള 4 അപകടങ്ങളിൽ 7 പേർക്കു പരുക്കേറ്റു. അഞ്ചൽ (കൊല്ലം), ചാവക്കാട് (തൃശൂർ), ചേളന്നൂർ (കോഴിക്കോട്) എന്നിവിടങ്ങളിലാണ് അപകടങ്ങൾ. കൊല്ലം പുത്തൂരിൽ ആടിനെ നായകൾ കടിച്ചുകൊന്നു.

ഈ വസ്തുതകളെല്ലാം കോടതിയെ അറിയിക്കും. 28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വന്ധ്യംകരണ പ്രക്രിയയിൽനിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു.

നായകൾക്ക് വാക്‌സിൻ നൽകും

ഈമാസം 20 മുതൽ നവംബർ 20 വരെ തെരുവുനായകൾക്ക് വാക്‌സിൻ നൽകും. ഇതിനു കൂടുതൽ പേർക്ക് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഒൻപതുദിവസത്തെ പരിശീലനം നൽകും. പ്രതിദിനം 10,000 നായകൾക്ക് വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഗോവ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പരീക്ഷിച്ച രീതിയിൽ ഭക്ഷണത്തിൽ കലർത്തിയും മറ്റും വാക്‌സിൻ നൽകുന്നതിനുള്ള സാധ്യതകളും തേടും. വാക്‌സിൻ നൽകിയ നായകളെ തിരിച്ചറിയാൻ മൈക്രോചിപ്പ് ഘടിപ്പിക്കൽ, സ്പ്രേ പെയിന്റിങ് എന്നിവയും ഏർപ്പെടുത്തും. യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കളക്ടർമാരുടെയും ഓൺലൈൻ യോഗം ചൊവ്വാഴ്ച ചേരും.

തെരുവുനായ്ക്കളെ പിടികൂടാനും വാക്‌സിനേഷനും കോവിഡ്കാല സന്നദ്ധ സേനയെ വീണ്ടും സജ്ജമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. താൽപര്യമുള്ളവർക്ക് വെറ്ററിനറി സർവകലാശാല 9 ദിവസത്തെ പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം ഊർജിതമാക്കും.

പഞ്ചായത്തുതലത്തിൽ കേന്ദ്രങ്ങൾ

പിടികൂടുന്ന തെരുവുപട്ടികളെ പാർപ്പിക്കാനായി പഞ്ചായത്ത് തലത്തിൽ അഭയകേന്ദ്രങ്ങൾ (ഷെൽട്ടറുകൾ) ആരംഭിക്കും. ഇതിനായി ലഭ്യമായ സ്ഥലം ഉപയോഗിക്കും. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തുന്ന സ്ഥലങ്ങളിലും അഭയകേന്ദ്രങ്ങൾക്കും വാക്‌സിനേഷനും ഊന്നൽനൽകും. തെരുവുനായകളെ പിടികൂടി പാർപ്പിക്കാൻ പഞ്ചായത്തുകൾതോറും ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് ആലോചന. സ്ഥലം കിട്ടാനുള്ള പരിമിതികാരണം ഒരു പഞ്ചായത്തിൽ ഒരു വലിയ ഷെൽട്ടർ എന്നതിനുപകരം ഒരു പഞ്ചായത്തിനകത്ത് പല സ്ഥലങ്ങളിൽ ചെറിയ ഷെൽട്ടറുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ആലോചന.

കേരളത്തിൽ മൂന്നുലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്. ശരാശരിയെടുത്താൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപത്തിനുകീഴിൽ കുറഞ്ഞത് 250 എണ്ണമുണ്ടാവും. യഥാർഥ കണക്ക് ഇതിലും ഏറെയാകാനാണ് സാധ്യത. ഇത്രയും നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടറിന് കുറഞ്ഞത് 50 സെന്റ് വേണം. ഇത്രയും സ്ഥലം ഒരുമിച്ചു കണ്ടെത്താൻ പല തദ്ദേശസ്ഥാപനങ്ങൾക്കും സാധിക്കില്ല. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഷെൽട്ടറുകൾ സ്ഥാപിക്കാനും ബുദ്ധിമുട്ടാണ്. ഇതിനൊരു പരിഹാരമായാണ് ചെറിയ ഷെൽട്ടറുകളെന്ന സാധ്യതതേടുന്നത്.

രണ്ടു ബ്ലോക്കുകൾക്ക് ഒന്ന് എന്ന തരത്തിൽ 76 ബ്ലോക്കുകളിൽ വന്ധ്യംകരണകേന്ദ്രങ്ങൾ തുടങ്ങും. 50 ദിവസത്തിനകം ഇവ തയ്യാറാക്കും. 37 ഇടങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതിചെയ്യാൻ അനുമതി നൽകും. എംഎ‍ൽഎ.മാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സർവകക്ഷി യോഗം വിളിക്കും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും യോഗം ചേരും. സമീപവാസികളോട് ഇണങ്ങിക്കഴിയുന്ന തെരുവുനായകളെ വാക്‌സിൻ നൽകാനായി കേന്ദ്രത്തിൽ എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികം നൽകും.

വളർത്തുനായകൾക്ക് വാക്സിനും ലൈസൻസും

എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ 30-നകം വാക്‌സിനേഷനും ലൈസൻസും നടപ്പാക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ലൈസൻസിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകൃത പോർട്ടൽവഴി അപേക്ഷിക്കാം. തെരുവുകളിലെ മാലിന്യം ഇല്ലാതാക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. തെരുവു നായകളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകും.

തെരുവുനായ വിഷയത്തിൽ സംസ്ഥാനതലത്തിൽ രണ്ടാഴ്ചയിലൊരിക്കലും ജില്ലാ തലത്തിൽ ആഴ്ചതോറും തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിൽ എല്ലാ ദിവസവും അവലോകനമുണ്ടാവും.

കൂടുതൽ വാക്‌സിൻ എത്തിക്കും

മൃഗസംരക്ഷണ വകുപ്പിന്റെ പക്കൽ 6 ലക്ഷം നായ്ക്കൾക്കു കുത്തിവയ്ക്കാനുള്ള പേവിഷ പ്രതിരോധ വാക്‌സീൻ ഉണ്ട്. കൂടുതൽ ആവശ്യമെങ്കിൽ അടിയന്തരമായി വാങ്ങും. ഒരു വർഷമാണ് വാക്‌സീന്റെ പ്രതിരോധശേഷി. വാക്‌സീൻ എടുത്ത നായ്ക്കളെ ചെവിയിൽ ചിപ്പോ സ്‌പ്രേ പെയ്‌ന്റോ വഴി അടയാളപ്പെടുത്തും.

ദിവസം 10,000 നായ്ക്കൾക്ക് എന്ന തോതിൽ വാക്‌സിനേഷനാണ് ആലോചന. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയ്ക്കു പ്രത്യേക വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ അനുമതി നൽകും.

മൃഗങ്ങളിൽ പേ വിഷബാധ കൂടുന്നു

സംസ്ഥാനത്ത് മൃഗങ്ങളിൽ പേ വിഷബാധ കൂടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് പരിശോധിച്ച 300 സാംപിളുകളിൽ 168-ലും പേ വിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പൂച്ച, നായ എന്നിവയുടെ കടിയേറ്റുള്ള പേ വിഷബാധ കഴിഞ്ഞ ആറുവർഷത്തിനിടെ ഇരട്ടിയിലധികമായതായാണ് വിലയിരുത്തൽ. 2016-ൽ 150 സാംപിളുകൾ പരിശോധിച്ചതിൽ 48 എണ്ണത്തിലായിരുന്നു വൈറസ് ഉണ്ടായിരുന്നത്. നായ, പൂച്ച എന്നിവയുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.

മൃഗസംരക്ഷണവകുപ്പും ഈ കണക്കുകൾ ശരിവെക്കുന്നു. വളർത്തുനായകളുടെയും ചത്ത നായകളുടെയും സാംപിളുകൾ പരിശോധിച്ചതിൽ പകുതിയിലധികം സാംപിളുകളിലും വൈറസിനെ കണ്ടെത്താനായി. കോവിഡ് കാലത്ത് കുത്തിവെപ്പ് മുടങ്ങിയതും രോഗബാധയുടെ തോത് ഉയരാൻ കാരണമാണ്.