ന്യൂഡൽഹി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ .സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. നിലവിലെ നിയമപ്രകാരം പട്ടികളെ കൊല്ലാൻ അനുമതിയില്ല. സുപ്രീംകോടതിയും ഇത് നിരോധിച്ചിട്ടുണ്ട്.

വാക്സിനേഷൻ താളം തെറ്റിയതും പേടി കൂടാൻ കാരണമായി. പട്ടി കടിച്ച ശേഷം വാക്സിൻ എടുത്താലും ആളുകൾ മരിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സമ്മർദ്ദത്തിലുമായി. ഒടുവിൽ തീരുമാനം എടുത്തു. പക്ഷേ അത് നടപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. അപകടകാരിയായ മനുഷ്യരെ വെടിവയ്ക്കാൻ പൊലീസിന് നിയമം അനുമതി നൽകുന്നുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുകളും ഉണ്ടാകുന്നു. ഇതിന് സമാനമാ3യി പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്കാണ് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നത്.

തെരുവുനായകളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തുചെയ്യണമെന്ന ആലോചനയിലാണ് സർക്കാർ. വന്ധ്യംകരണം ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഫലം പെട്ടെന്നുണ്ടാകില്ല. ആക്രമണത്തിന് പരിഹാരമാവില്ല. അതുണ്ടാകണമെങ്കിൽ തെരുവിൽനിന്ന് നായകളെ മാറ്റി ഷെൽട്ടറുകളിൽ പാർപ്പിക്കണം. അപകടകാരികളെ ഇല്ലായ്മയും ചെയ്യണം. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും. തോടൊപ്പം തെരുവു നായ്ക്കളെ ലക്ഷ്യമിട്ടുള്ള ഊർജിത വാക്സിനേഷനും പഞ്ചായത്ത് തല ഷെൽറ്റർ സംവിധാനവും ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കും. ഇതിനൊപ്പമാണ് കൊല്ലാനുള്ള നീക്കവും. സുപ്രീംകോടതി അനുമതി കിട്ടിയാൽ ഉടൻ ഇതിനുള്ള നടപടികൾ തുടങ്ങും. വിശദമായ കർമ്മ പദ്ധതി കേരളം തയ്യാറാക്കിയിട്ടുണ്ട്.

തെരുവു നായ്ക്കളെ പിടിക്കാൻ കൂടുതൽ പേർക്കു പരിശീലനം നൽകും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ ജനങ്ങളുടെ സഹായത്തോടെ നീക്കാനും പരിപാടി തയാറാക്കും. തെരുവു നായ്ക്കളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ഷെൽറ്ററുകൾ നിർമ്മിക്കും. ശല്യം കൂടുതലുള്ള സ്ഥലങ്ങൾ നിർണയിച്ച് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും. ഈ പദ്ധതികളെല്ലാം നടപ്പായാൽ തെരുവ് നായക്കളുടെ ഭീതി കുറയും. പക്ഷേ വെറും വാക്കുകളിൽ ഇത് ഒതുങ്ങുമോ എന്നതാണ് പ്രസക്തം. ഏതായാലും പട്ടിയെ കൊല്ലാനുള്ള അനുമതി തേടുമ്പോൾ നായ പ്രേമികൾ അതിനെ എതിർക്കും. അതുകൊണ്ട് തന്നെ കോടതിയുടെ നിലപാട് പ്രഖ്യാപനം അതിനിർണ്ണായകമാകും. എന്നും പട്ടി കടി വാർത്തകൾ കൂടുന്നു. പലതും റിപ്പോർട്ടാകുന്നില്ല. ഈ സാഹചര്യമെല്ലാം സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.

അതേ സമയം തെരുവുനായ പ്രശ്നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും.

വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും സുപ്രീംകോടതിയുടെ അനുമതി തേടി. വന്ധ്യംകരണ പ്രക്രിയയിൽനിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്ന് കേരളം വിലയിരുത്തുന്നു.