കണ്ണൂർ: ചോരമണം മാറാതെ തെരുവുനായ്ക്കൾ വീണ്ടും കുരുന്നുകളുടെ മേൽ ചാടിവീഴുമ്പോൾ കണ്ണൂർ ജില്ല വീണ്ടും അരക്ഷിതാവസ്ഥയിലായി. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ഓട്ടിസം ബാധിച്ചു ശബ്ദശേഷി നഷ്ടപ്പെട്ട പതിനൊന്നുവയസുകാരൻ നിഹാൽ നൗഷാദിനെ വീടിനടുത്തു ആളൊഴിഞ്ഞ പറമ്പിൽ കളിക്കാൻ പോയപ്പോൾ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നതിനു ശേഷം മറ്റൊരു കുട്ടിക്കു കൂടി തെരുവുനായ്ക്കളുടെ അക്രമത്തിൽ മാരകമായി പരുക്കേറ്റതോടെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ജനങ്ങളിൽ ആശങ്കയും പ്രതിഷേധവും ശക്തമായി.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തന്നെ എടക്കാട് റെയിൽവെ സ്റ്റേഷൻ പരിസരത്താണ് സ്‌കൂൾ വിട്ടു വന്നതിനു ശേഷം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ കടിച്ചു കീറി വലിച്ചിഴച്ചത്. കുട്ടിയുടെ കരച്ചിൽകേട്ടു ഓടിയെത്തിയ പിതാവും ബന്ധുക്കളും ചേർന്നാണ് നായ്ക്കളെ ആട്ടിയോടിച്ചു കുട്ടിയെ രക്ഷിച്ചത്. കൈകാലിനും തുടകൾക്കും മാരകമായി കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്.



മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ്ക്കൾ കടിച്ചുകീറിയത് വീണ്ടും ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാബുവിന്റെ മകൾ ജാൻവിയക്കാണ് (8) നായയുടെ കടിയേറ്റത്. തിങ്കളാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. സംഭവത്തിന്റെ സി.സി.ടി വി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

സ്‌കൂൾ വിട്ട് വന്ന് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനി ചാല ജിം കെയർ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നായ്ക്കൾ ചേർന്ന് കുട്ടിയെ വലിഴിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം സി.സി.ടി.വി യിൽ വ്യക്തമാണ്. പിതാവും പരിസരവാസികളും ഓടിയെത്തിയതോടെ നായ്ക്കൾ കടന്നുകളയുകയായിരുന്നു. കുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി. മുഴപ്പിലങ്ങാട് ഗാമ പഞ്ചായത്ത് പ്രസിഡന്റ് ടി സജിത, വൈസ് പ്രസിഡന്റ് വിജേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി റജീന ടീച്ചർ, ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. ഒരാഴ്ച മുൻപാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റു നിഹാൽ എന്ന പതിനൊന്നു വയസുകാരൻ കൊല്ലപ്പെട്ടത്. ഇതിന്റെ ആഘാതം വിട്ടു മാറും മുൻപാണ് മറ്റൊരു സംഭവം കൂടി നടന്നത്.

നിഹാലിന്റെ മരണത്തിന് ശേഷം ഒരാഴ്‌ച്ചയ്ക്കിടെ പതിനേഴോളം നായ്ക്കളെ പഞ്ചായത്ത് അധികൃതർ എ.ബി.സി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടി യിരുന്നു. എന്നാൽ ഇതിനു ശേഷവും തെരുവുനായ്ക്കളുടെ ശല്യത്തിന് ശമനമുണ്ടായിട്ടില്ല. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി അനുമതി നൽകണമെന്നാവശ്യപ്പെട്ടു കണ്ണൂർ ജില്ലാപഞ്ചായത്ത് കക്ഷി ചേർന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു.

നിഹാലിന്റെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. സി.പി. എം ഉൾപ്പെടെയുള്ള പാർട്ടികൾ ഈക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങാപ്പാറാനയം സ്വീകരിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിഹാലിന്റെ പിതാവ് പ്രവാസിയായ നൗഷാദിന് മകന്റെ ഭൗതിക ശരീരം ഒന്നു കാണാൻ പോലും അവസരം ലഭിച്ചിരുന്നില്ല. പരിമിതികൾ അലട്ടുമ്പോഴും മിടുമിടുക്കാനായിരുന്ന മകന്റെ വിയോഗത്തിൽ കരളുരകി ജീവിക്കുകയാണ് നൗഷാദിന്റെ കുടുംബം.

ഒരുനാട് മുഴുവൻ ഇവരോട് സ്നേഹവായ്‌പ്പുകാണിക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ചുട്ടുനീറുന്ന ഇവരുടെ മനസിലെ തീകെടുത്താനാവുന്നില്ല.തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും സി.പി. എം ഭരിക്കുന്ന ഗ്രാമപഞ്ചായത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിനിടെയിലും തന്റെ മകന് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് നിഹാലിന്റെ പിതാവ് നൗഷാദ്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നു കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.