മലപ്പുറം: സ്വന്തംവീട്ടിൽ താമസിക്കാൻ കഴിയാത്ത രീതിയിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചതോടെ വീടുപേക്ഷിച്ചു സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി മലപ്പുറത്തെ വീട്ടമ്മ. മലപ്പുറം പള്ളിക്കൽ അയനിക്കാട് നൂഞ്ഞാട്ട് വീട്ടിൽ കാർത്യായനിയാണ് തെരുവ്‌നായ്ക്കളെ പേടിച്ച് സ്വന്തംവീട് വിട്ട് സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റിയത്.

സ്വന്തംവീട്ടുമുറ്റത്തെ ശുചിമുറിയിൽപോകാൻപോലും കാഴിയാത്ത അവസ്ഥയാണെന്നും മുറ്റത്തേക്കിറങ്ങിയപ്പോൾതന്നെ പല തവണ തെരുവുനായ്ക്കൾ ഓടിച്ചെന്നും പള്ളിക്കൽ പഞ്ചായത്തിലെ അയനിക്കാട് നൂഞ്ഞാട്ട് വീട്ടിൽ കാർത്യായനി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ കാർത്യാനിയെ കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലായി മൂന്നു തവണയാണ് വീടിന് പുറത്തിറങ്ങിയപ്പോൾ തെരുവുനായ്ക്കൾ ഓടിച്ചത്.

ശുചിമുറി വീടിനു പുറത്താണ്. നായ്ക്കളുടെ ശല്യം കൂടിയതോടെ പുളിക്കൽ പെരിയമ്പലത്തുള്ള സഹോദരിയുടെ വീട്ടിലേക്കാണിപ്പോൾതാമസം മാറ്റിയത്. മേഖല തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയെന്നും വീട്ടിലേക്കു തിരിച്ചു പോകാനുള്ള അവസ്ഥ അധികൃതർ ഇടപെട്ട് ഉണ്ടാക്കണമെന്നുമാണ് കാർത്യായനിക്ക് പറയാനുള്ളത്. തെരുവ്‌നായയുടെ ശല്യം കാരണം ആകെയുള്ള വരുമാന മാർഗമായ തൊഴിലുറപ്പ് ജോലിയും മുടങ്ങി. പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയായതോടെയാണ് വീട്മാറിയത്. ബംഗളൂരുവിൽ ജോലിക്ക് പോയ മകൻ തിരിച്ചെത്തിയാൻ മാത്രമേ ഇനി സ്വന്തം വീട്ടിലേക്ക് മടങ്ങൂവെന്നും കാർത്യാനി പറയുന്നുണ്ട്.

അതേ സമയം വീടുവിട്ടുപോയതറിഞ്ഞതോടെ തൊഴിലുറപ്പുതൊഴിലാളികളും കോർഡിനേറ്റർമാരും പുളിക്കൽ പെരിയമ്പലത്തുള്ള സഹോദരിയുടെ വീട്ടിലെത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വീടിനുസമീപത്തുള്ള കുറ്റക്കാടുകൾ തൊഴിലുറപ്പുതൊഴിലാളികൾ തന്നെ വൃത്തിയാക്കുകയും ചെയ്തു.വീടുവിട്ടുമാറിനിൽക്കേണ്ടെന്നും പ്രശ്‌നം പരിഹരിക്കാമെന്നും സൃഹൃത്തുക്കളായ തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞു.

സംഭവം അറിഞ്ഞ് തൃശൂരായിരുന്ന ഏക മകൻ തിരിച്ചുവരികയും ചെയ്തു. ഭർത്താവ് നേരത്തെ മരണപ്പെട്ട കാർത്യായനിയുടെ ഏകമകനായ 25കാരന് ജോലി ഒന്നും ആയിട്ടില്ല. പ്ലസ്ടു കഴിഞ്ഞ ഓട്ടോമെക്കാനിക്കിന് പഠിച്ച മകന് ജോലി ആവാത്തതിനാൽ തന്നെ കാർത്യാനി തൊഴിലുറപ്പ് ജോലിക്കുപോയി ലഭിക്കുന്ന പണംകൊണ്ടാണ് കുടുംബം ഉപജീവനം നടത്തുന്നത്.

മകൻ തിരിച്ചുവന്നതോടെ വീട്ടിലേക്കുതന്നെ തിരിച്ചുപോകാനൊരുങ്ങുകയാണ് കാർത്യാനി. ഇത്തരത്തിലുള്ള അനുഭവങ്ങൾ മറ്റാർക്കും ഉണ്ടാകരുതെന്നും ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഇത്തരത്തിലുള്ള തെരുവ്‌നായ ശല്യങ്ങൾ നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും കാർത്യാനി പറയുന്നു.