തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലും ഇന്നലെ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത് നിരവധി പേർ. ഒറ്റദിവസം കടിയേറ്റത് അൻപതിലേറെ പേർക്ക്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന 3 വയസ്സുള്ള ആദിവാസി ബാലനെ കടിച്ച നായയ്ക്കു പേവിഷബാധയുള്ളതായി സംശയം. നായയെ ചത്ത നിലയിൽ കണ്ടെത്തി. ശാസ്താംകോട്ടയിൽ വയോധികരായ രണ്ടുപേരെ വീട്ടുമുറ്റത്തു നിൽക്കുമ്പോൾ നായ കടിച്ചു. ഇവരുടെ വളർത്തു മൃഗങ്ങളെ ആക്രമിച്ച നായ തളർന്നു വീണു ചത്തു. പേ വിഷബാധയുള്ളതായി സംശയമുണ്ട്.

കോഴിക്കോട്ട് നാദാപുരം വിലങ്ങാട് 12 വയസ്സുകാരനും കോഴിക്കോട് അരക്കിണറിൽ 2 വിദ്യാർത്ഥികൾക്കും ഒരു യുവാവിനും കടിയേറ്റു. അരക്കിണറിൽ വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനിടെയാണു യുവാവിനു കടിയേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്കു മാറ്റി. വയനാട് 4 പേരെ തെരുവുനായ കടിച്ചു.

കണ്ണൂർ മുണ്ടയാട് ജേണലിസ്റ്റ് നഗറിലെ മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി. ദേശീയസമിതിയംഗവുമായ എ. ദാമോദരൻ, വയനാട് പടിഞ്ഞാറത്തറ ബപ്പനം പള്ളിക്ക് സമീപം തോട്ടുങ്ങൽ മമ്മൂട്ടി മുസ്ല്യാർ, പാലക്കാട് അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവിലെ മണികണ്ഠന്റെയും പാർവതിയുടെയും മൂന്നുവയസ്സുകാരനായ മകൻ ആകാശ്, കോഴിക്കോട് ബേപ്പൂർ വെള്ളായിക്കോട് ദേവദാസിന്റെ ഭാര്യ നളിനി, നടുവട്ടം നൗഫലിന്റെ മകൻ ന്യൂറോസ്, നടുവട്ടം വടക്കേടത്ത് തിരുവോത്ത് വൈഗ, നടുവട്ടം അമ്പാടി ഫ്ലാറ്റിൽ താമസിക്കുന്ന ഓട്ടോഡ്രൈവറായ സാജു, അരക്കിണർ മുണ്ടകപാടം നടുത്തോടത്ത് പറമ്പ് മുഹമ്മദ് കോയ, നാദാപുരം വിലങ്ങാട് അങ്ങാടിപറമ്പിൽ ജയസൂര്യ, കൊല്ലം കുണ്ടറ കാക്കോലിൽ തണ്ണിക്കോട് സ്വദേശി പുഷ്പലത, ഏലിയാസ് ജി. തരകൻ, തെക്കേമുകളിൽ പ്രദീപ്, ഒരു വഴിയാത്രക്കാരൻ, ഉമ്മന്നൂർ നെല്ലിക്കുന്നത്ത് ഗ്രാമപ്പഞ്ചായത്തംഗം ആർ. ശ്രീജിത്ത് (54), ഇടുക്കി തൊടുപുഴ ഒളമറ്റം ആനിക്കോട്ടിൽ ആശിഷ്, കോട്ടയം തലയോലപ്പറമ്പ് പന്തലാട്ടുകുഴിയിൽ സുഷമ തുടങ്ങിയവർക്കും ഇന്നലെ കടിയേറ്റിരുന്നു.

അതേസമയം തെരുവുനായകളുടെ ശാസ്ത്രീയനിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളില്ലാതെ കേരളം വലയുമ്പോൾ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുമായി മറ്റുസംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ദിവസേന തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 90 കേസുകളെങ്കിലും റിപ്പോർട്ടുചെയ്തിരുന്നു. ഇതേത്തുടർന്ന് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അടുത്തിടെ നടപടികൾ ശക്തമാക്കി. മൊബൈൽ ആപ്ലിക്കേഷനായ എം.സി.ഡി. ആപ്പാണ് തുറുപ്പുചീട്ട്. ഈ ആപ്പിലേക്ക് പൊതുജനങ്ങൾക്ക് തെരുവുനായകളുടെ ഫോട്ടോകളും പ്രദേശത്തിന്റെ വിശദാംശങ്ങളും അപ്ലോഡ് ചെയ്യാം. കോർപ്പറേഷൻ അധികൃതർ നായയെ പിടികൂടി വന്ധ്യംകരിക്കും.

നായയെ വന്ധ്യംകരണകേന്ദ്രത്തിലെത്തിക്കുന്നതുമുതൽ ശസ്ത്രക്രിയ നടത്തിയ തീയതിവരെയുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകൾക്കൊപ്പം ഓൺലൈനിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. കർണാടകത്തിൽ തെരുവുനായകൾക്കുമാത്രമായി പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2018 മുതൽ ബെംഗളൂരു കോർപ്പറേഷൻ വർഷത്തിൽ ശരാശരി 45,000-ത്തോളം തെരുവുനായകളെവീതം വന്ധ്യംകരിക്കുന്നുണ്ട്. അതിനാൽ, സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് തെരുവുനായകളുടെ ആക്രമണം കുറഞ്ഞു.

തമിഴ്‌നാട്ടിൽ തെരുവുനായ ശല്യത്തിനെതിരേ പൊതുജനങ്ങൾക്ക് ടോൾഫ്രീ നമ്പർ വഴി പരാതിയറിയിക്കാം. വിഷയം പരിശോധിച്ച് വെറ്ററിനറി അസിസ്റ്റന്റ് സർജൻ നടപടിയെടുക്കും. മുംബൈ നഗരത്തിലെ തെരുവുനായകൾ പൊതുവേ ആക്രമണകാരികളല്ല. കോർപ്പറേഷൻ കൃത്യമായ ഇടവേളകളിൽ നായകളെ വന്ധ്യംകരിക്കുന്നതിനാൽ അവ പെറ്റുപെരുകുന്നില്ല. ഓരോ മുൻസിപ്പൽ കോർപ്പറേഷനുകീഴിലും നായകളെ നിയന്ത്രിക്കുന്ന വിഭാഗവുമുണ്ട്.