- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടെന്ന് കേട്ടാൽ കോഴിക്കോട്ടെ പൊലീസിന് ഹാലിളകും; 'ഇനി നീ തെരുവിൽ പാടിയാൽ ജയിലിൽ പാടേണ്ടി വരുമെന്ന് തെരുവ് ഗായകന് ഭീഷണി; പാട്ടുപാടാൻ തടസങ്ങളില്ലെന്നു കളക്ടർ ആശ്വസിപ്പിച്ചിട്ടും ബാബു ബായിക്കു പിറകെ പൊലീസ്; ജീവിതം വഴിമുട്ടിയെന്ന് 62 കാരൻ
കോഴിക്കോട്: കലകളെയും സംഗീതത്തെയും ഫുട്ബോളിനെയുമെല്ലാം നെഞ്ചേറ്റുന്ന നഗരമായിട്ടും പാട്ടുപാടി ജീവിക്കാൻ പൊലിസ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഒരു ഗായകൻ. നാലരപതിറ്റാണ്ടായി കോഴിക്കോട് നഗരത്തിന്റെ തെരുവുഗായകനാണ് (62). പക്ഷേ കഴിഞ്ഞ ആറുമാസമായി പാട്ടുകൊണ്ട് ജീവിതത്തിന് അർഥം കണ്ടെത്തുന്ന ബാബു ബായിയും ഭാര്യ ലതയും എവിടെ പാടൻ ചെന്നാലും ഉടൻ പൊലിസെത്തും. തെരുവിൽ പാട്ടുപാടാൻ പാടില്ലെന്ന ജില്ലാ കലക്ടറുടെ ഓർഡറുണ്ടെന്നും പറഞ്ഞുകൊണ്ട്. കഴിഞ്ഞ ആറുമാസമായി പാട്ടുപാടാൻ നഗരത്തിലെവിടെയും ഇടംലഭിക്കാത്തതിനാൽ ബാബു ബായിയും ഭാര്യയും ഏറെ വിഷമത്തിലാണ്.
ഏഴു മക്കളുള്ള വലിയ കുടുംബത്തിന്റെ ഭാരങ്ങളെല്ലാം പേറാൻ കരുത്തായത് തെരുവിലെ പാട്ടായിരുന്നു. നാലു പെൺമക്കളെ കല്ല്യാണം കഴിച്ചയക്കാൻ സഹായകമായതും പാട്ടിലൂടെതന്നെ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനുമെല്ലാം പാട്ടിലൂടെ പതിറ്റാണ്ടുകളായി അർഥം കണ്ടെത്തിയിരുന്നെങ്കിൽ ഇന്ന് സ്ഥിതിമാറിയിരിക്കുന്നു. ഇളയമകൾ കൗസല്യ തരക്കേടില്ലാത്ത മാർക്കിൽ പത്താം ക്ലാസ് പാസായിട്ടും തുടർപഠനത്തിന്റെ ചെലവിനായി അയ്യായിരം രൂപയില്ലാത്തതിനാൽ പഠനം നിർത്തി വീട്ടിലിരിപ്പാണ്. തനിക്കു ആരുടെയും സഹായങ്ങളല്ല വേണ്ടതെന്നും ജീവിതത്തിന് നിറംപകരുന്ന പാട്ടുമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ഏക ആവശ്യം.
ഗുജറാത്തിയായ ഗായകൻ ശങ്കറും കുടുംബവും പട്ടിണിക്കു വകതേടി നാടുകൾതോറും പാട്ടുപാടി അലഞ്ഞ കാലത്തായിരുന്നു കോഴിക്കോട്ടേക്കു എത്തുന്നത്. ഗർഭിണിയായ ഭാര്യ പ്രസവിച്ചതോടെ കോഴിക്കോട്ട് കല്ലായിയിൽ സ്ഥിരവാസമാക്കുകയായിരുന്നു. പിതാവിൽനിന്നു നന്നേചെറുപ്പത്തിലെ പാട്ടിലേക്കെത്തിയ ഇദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചതല്ല, തന്റെ പാട്ടിന് അധികാരികൾ വിലങ്ങണിയിക്കുന്ന ഒരുകാലം വരുമെന്ന്. ചെറുപ്പത്തിൽ അച്ഛൻ ഹാർമോണിയപ്പെട്ടിയും തന്നെയും ചുമലിലിട്ടാണ് പൊള്ളുന്ന വെയിലിൽ പാട്ടുപാടി നടന്നതെന്നു ബാബു ബായി അഭിമാനത്തോടെ ഓർക്കുന്നു.
മുഹമ്മദ് റഫി, മുകേഷ്, കിഷോർ, മന്നാഡെ, ലത തുടങ്ങിയവർ പാടി ഹിറ്റാക്കിയ പാട്ടുകളോടാണ് ബാബു ബായിക്ക് കമ്പം. ദുനിയാ രഖ് വാലെ..., ബഢീ ദൂർസെ ആയാ ഹെയിൻ... ഖോയ ഖോയ ചാന്ദ്... തുടങ്ങിയ പാട്ടുകളെല്ലാം നഗരത്തിന്റെ ഏതുഭാഗത്തു കച്ചേരിക്കിരുന്നാലും ബാബു ബായിയുടെ ചുണ്ടുകളിൽനിന്നു ഏറെ ആനന്ദത്തോടെ പുറത്തേക്കൊഴുകും. യേശുദാസ് ഉൾപ്പെടെ പാടിയ മലയാളം പാട്ടുകളും ഒപ്പം തമിഴ് പാട്ടുകളുമെല്ലാം ആലാപനത്തിലേക്കു കയറിവരാറുണ്ട്.
ഒരു മാസം മുൻപ് അദ്ദേഹം തന്റെ സങ്കടംപറയാൻ കലക്ടറെ സിവിൽ സ്റ്റേഷനിൽ പോയി കണ്ടിരുന്നു. പൊലിസ് പാടാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞപ്പോൾ ഉടൻ കലക്ടറുടെ ചോദ്യമെത്തി എന്തെല്ലാം ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാടുന്നതെന്നായിരുന്നു.
പഴയൊരു ഹാർമോണിയവും ഇടക്കയും പിന്നെ ഞങ്ങൾ രണ്ടു പഴകിത്തീരാറായ മനുഷ്യരുമാണ് സജ്ജീകരണങ്ങളെന്നു അറിയിച്ചു. മൈക്കോ, സ്പീക്കറോ ഇല്ലല്ലോയെന്നും കലക്ടർ ആരാഞ്ഞിരുന്നു. പാട്ടുപാടുന്നതിന് യാതൊരു തടസവുമില്ലെന്നും പൊലിസിനോട് അക്കാര്യം പറയാമെന്നും കേട്ടപ്പോൾ ഇരുവർക്കും സന്തോഷമായി. കലക്ടർക്കരുകിൽനിന്നു നിധികിട്ടിയ സന്തോഷവുമായാണ് ഗായകരായ ആ ദമ്പതികൾ പുറത്തിറങ്ങിയത്. പക്ഷേ വീണ്ടും തെരുവിലേക്കെത്തിയപ്പോൾ അധികാരികളുടെ കനിവൊട്ടും ഇവർക്കു ലഭിച്ചില്ല.
കലക്ടർ നൽകിയ ഉത്തവുണ്ടോയെന്നായി പൊലിസ്. പൊലിസും ജില്ലാ ഭരണാധികാരികളും നിരന്തരമായി ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ രാവും പകലും വീട്ടിൽ അടച്ചിരിപ്പാണ് ബാബു ബായിയും ഭാര്യയും. 60 കൊല്ലം പഴക്കയുള്ള ഒരു ഹാർമോണിയവും 40 വർഷം പഴക്കമുള്ള ഒരു ഇടയ്ക്കയും പിന്നെ എന്റെ 62 വയസ്സായ തൊണ്ടയും എന്ത് ബുദ്ധിമുട്ടാണ് ഇവർക്ക് ഉണ്ടാക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നും ഇദ്ദേഹം സങ്കടത്തോടെ ചോദിക്കുന്നു. സംഗീതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തവർ എന്ത് സൗന്ദര്യവൽക്കരണത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മനസ്സിലാവുന്നില്ല. പാട്ടും സംഗീതവും കലയും സാഹിത്യവുമെല്ലാം അനീതിയെ ചോദ്യംചെയ്യുകയും മനുഷ്യനെ സ്നേഹമുള്ളവരാക്കുകയും ചെയ്യുന്നുണ്ടെന്ന പക്ഷക്കാരനാണ് ബാബു ബായി. ഭരണകൂടം തന്റെ പാട്ടിൽ എപ്പോഴും അസ്വസ്ഥരാവുന്നതിന്റെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല ഈ വൃദ്ധ ഗായകന്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്