തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതോടെ, തുടർ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാനങ്ങളാണ്. സംസ്ഥാനത്തും കർശന നടപടിക്ക് സർക്കാർ നിർദ്ദേശം നൽകി. നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിർദ്ദേശം നൽകിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടരിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമവിരുദ്ദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടെയും പട്ടിക കളക്ടർ തയ്യാറാക്കി മുദ്രവയ്ക്കും. ഇവ തുടർന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും.

സംഘടനയുടെ ചുമതലയിലുള്ള കൂടുതൽപേരുടെ അറസ്റ്റും വൈകാതെയുണ്ടാകും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോയെന്നും നിരീക്ഷിക്കും. സംസ്ഥാന പൊലീസുമായി ചേർന്നാണ് നടപടികൾ സ്വീകരിക്കുക. നിരോധിക്കപ്പെട്ട സംഘടനയിൽനിന്നും നേരത്തെ ഭീഷണിയുള്ളവർക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഷഹീൻബാഗിലെ ഓഫീസ് പരിസരത്ത് ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. ഉത്തർ പ്രദേശ്, അസം, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലകളിൽ കേന്ദ്രസേനകളയെടക്കം വിന്യസിച്ചു.