- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സര്‍ക്കാരിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം; സര്‍ക്കാരിന് എതിരെ തിരിഞ്ഞവരില്‍ കൂടുതലും സ്ത്രീകള്‍; സര്‍ക്കാരിനെ അനുകൂലിച്ചത് 35 ശതമാനം പേര്‍ മാത്രം; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിയുടെ ജനപ്രീതി കുറയുന്നു; ഭൂരിപക്ഷം പേര്‍ക്കും താല്പര്യം കെ കെ ശൈലജയെ; വോട്ട് വൈബ് സര്‍വേ ഫലം ഇങ്ങനെ
പിണറായി സര്‍ക്കാരിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. വോട്ട് വൈബ് എന്ന ഏജന്‍സിയുടെ സര്‍വേ ഫലമാണ് പുറത്തുവന്നത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് 48 ശതമാനം പേരാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. എല്‍ഡിഎഫിനെതിരെ അതിശക്ത വികാരമുണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇടതു സര്‍ക്കാരിനെ അനുകൂലിച്ച് 35 ശതമാനം പേരും രംഗത്തെത്തി. വളരെ ശക്തമായ സര്‍ക്കാര്‍ അനുകൂല വികാരമുണ്ടെന്ന് 8.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
സര്‍വെയില്‍ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. 43 ശതമാനം പേര്‍. പുരുഷന്മാര്‍ 39 ശതമാനവും ഭരണ വിരുദ്ധ വികാരമുണ്ടെന്ന അഭിപ്രായക്കാരാണ്. സര്‍വെയില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ടവരില്‍ 45 ശതമാനവും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ അഭിപ്രായം പ്രകടിപ്പിച്ച 37 ശതമാനം പേര്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്.
നിലവിലെ എംഎല്‍എ തന്നെ വീണ്ടും മത്സരിച്ചാല്‍ അനുകൂലിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, 62.6 ശതമാനം പേരും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. 23.3 ശതമാനം പേര്‍ മാത്രമാണ് നിലവിലെ എംഎല്‍എയെ മത്സരിപ്പിക്കുന്നതിനെ പിന്തുണച്ചത്. അതേ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് 28.3 ശതമാനം പേരും, വേറെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാലും വോട്ടു ചെയ്യില്ലെന്ന് 34.3 ശതമാനം പേരും വ്യക്തമാക്കുന്നു.
പിണറായിയുടെ ജനപിന്തുണ ഇടിയുന്നു
മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ ജനപിന്തുണ ഇടിയുന്നതായും അഭിപ്രായ സര്‍വെയില്‍ പറയുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചത് 17.5 ശതമാനം പേര്‍ മാത്രമാണ്.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യപ്പെടുന്നത്. ശൈലജയെ 24.2 ശതമാനം പേരാണ് അനുകൂലിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള വനിതാ നേതാവാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കെ കെ ശൈലജയെ മാറ്റിനിര്‍ത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 5.8 ശതമാനം പേര്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനെ 5.3 ശതമാനം പേരും പിന്തുണയ്ക്കുന്നു.
മുന്‍മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും, ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 3.6 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രണ്ടു ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. മറ്റുള്ളവര്‍/ അഭിപ്രായം പറയാനില്ല എന്ന് 41. 5 ശതമാനം പേരും സര്‍വേയില്‍ വ്യക്തമാക്കുന്നു.