- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രധാന അധ്യാപികയ്ക്കെതിരെ മാത്രം നടപടി; സിപിഎമ്മിന്റെ സ്‌കൂള്‍ മാനേജ്മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപണം; വിമര്‍ശനം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ നടപടി; മാനേജ്മെന്റിനെ പിരിച്ചുവിട്ടു; തേവലക്കര സ്‌കൂള്‍ ഭരണം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പ്
സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര സ്‌കൂള്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ടു. ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി.
തേവലക്കര ബോയ്സ് ഹൈസ്‌കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.
''മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്ലിസ്റ്റ് തയാറാക്കി തുടര്‍നടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്'' മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികയ്ക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാര്‍ട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് എത്തിയത്.
കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മിഥുന്‍, സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്‌കൂളില്‍ കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍, വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ക്ലാസ് ബെഞ്ച് ഉപയോഗിച്ച് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ് മിഥുന്‍ മരിച്ചത്. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.