- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറന്നിട്ട വാതിലുമായി 'ചിപ്പി' പാഞ്ഞത് അമിത വേഗത്തിൽ; ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി പല്ലിളകി ചോരയൊലിപ്പിച്ച് നിന്നിട്ടും തിരിഞ്ഞു നോക്കിയില്ല; ഡ്രൈവർ കസ്റ്റഡിയിൽ; ലൈസൻസ് റദ്ദാക്കുമെന്ന് ആർടിഒ; ബസും പിടിച്ചെടുത്തു
കോട്ടയം: കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം-കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന 'ചിപ്പി' ബസ്സിന്റെ ഡ്രൈവർ കൈനടി സ്വദേശി മനീഷിനെയാണ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
പാക്കിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ അഭിരാമിനാണ് (13) ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടയം പവർഹൗസ് ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ കുട്ടിയുടെ രണ്ട് പല്ലുകൾ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേൽക്കുകയും ചെയ്തു. പള്ളം സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിരാം. കോട്ടയം - കൈനടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് കാരണമായ ബസ് കോട്ടയം ചിങ്ങവനം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.
തുറന്നിട്ട വാതിലുമായി അമിത വേഗത്തിലാണ് ബസ് അപകട സമയത്ത് പാഞ്ഞത്. കുട്ടി തെറിച്ചു വീണിട്ടും നിർത്താതെ പോയ ബസിന്റെ ജീവനക്കാർ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സഹായിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. കോട്ടയം ചിങ്ങവനത്തിനടുത്ത് പാക്കിൽ ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് ബസ്സിനെതിരെ നടപടി തുടങ്ങി.
അമിത വേഗത്തിൽ ഓടുന്ന സ്വകാര്യ ബസ്സിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി റോഡിലേക്ക് തെറിച്ച് വീഴുന്ന ദൃശ്യം കണ്ടാൽ ആരും പേടിക്കും. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു.
പവർഹൗസ് ജംക്ഷനിൽ ഇറങ്ങുന്നതിന് അഭിരാമും സുഹൃത്തുക്കളും തയ്യാറെടുക്കുന്നതിനിടെ അഭിരാം പുറത്തേക്ക് തെറിച്ചുവീണു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ബസ്സിന്റെ വാതിൽ അടച്ചിരുന്നില്ലെന്നും അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോയും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സംഭവത്തിൽ നടപടി സ്വീകരിച്ചത്.
ഓട്ടോ മാറ്റിക് വാതിൽ തുറന്നു വച്ചതും അമിത വേഗവുമാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിഗമനം. ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ കോട്ടയം ആർ ടി ഒ നിർദ്ദേശിച്ചു. എന്നാൽ സ്റ്റോപ്പെത്തും മുമ്പ് ബസിൽ നിന്ന് ചാടിയിറങ്ങാൻ കുട്ടി ശ്രമിച്ചതാണ് അപകട കാരണം എന്ന വാദമാണ് ബസ് ജീവനക്കാർ ഉയർത്തുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ