- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പരീക്ഷാ തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാർത്ഥി
പാറ്റ്‌ന: നീറ്റ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾ കിട്ടിയെന്നും ഓർത്ത് വച്ച് പരീക്ഷയ്ക്ക് എഴുതിയെന്നും ബിഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥി. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേരാണ് പിടിയിലായത്.
1500 ഓളം പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും, ചോദ്യ പേപ്പർ ചോർന്നതും ഉന്നയിച്ച് കഴിഞ്ഞ ആഴ്ച രാജ്യമെമ്പാടും വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങിയിരുന്നു. ഗ്രേസ് മാർക്ക് പിന്നീട് റദ്ദാക്കിയെങ്കിലും, പുനഃ പരീക്ഷ നടത്തണമെന്ന ആവശ്യം വിദ്യാഭ്യാസ മന്ത്രി തള്ളിയിരുന്നു.
ബിഹാറിൽ അറസ്റ്റിലായത് വിദ്യാർത്ഥിയായ അനുരാഗ് യാദവ് ( 22)അമ്മാവൻ സിക്കന്ദർ യാദവേന്ദു,( ദാനാപുർ മുനിസിപ്പൽ കൗൺസിലിലെ ജൂനിയർ എഞ്ചിനിയർ), നിതിഷ് കുമാർ, അമിത് ആനന്ദ് ( ചോദ്യ പേപ്പർ ചോർത്തിയവർ) എന്നിവരാണ്. പരീക്ഷാ തലേന്ന് ചോദ്യ പേപ്പർ കിട്ടിയെന്നും അത് ഓർത്ത് വയ്ക്കാൻ തന്നോട് സംഘം ആവശ്യപ്പെട്ടെന്നും വിദ്യാർത്ഥി ബിഹാർ പൊലീസിനോട് പറഞ്ഞു. പിറ്റേന്ന് നീറ്റ് പരീക്ഷയ്ക്ക് അതേ ചോദ്യങ്ങളാണ് വന്നത്.
സംഭവം വിദ്യാർത്ഥി വിവരിച്ചത് ഇങ്ങനെ:
രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിനായി പരിശീലിക്കുകയായിരുന്നു ഞാൻ (അനുരാഗ് യാദവ്). എന്റെ അമ്മാവൻ അതിനിടെ എന്നെ ബിഹാറിലെ സമസ്തിപൂരിലേക്ക് വിളിച്ചുവരുത്തി. പരീക്ഷയൊക്കെ ശരിയാക്കിയിട്ടുണ്ടെന്ന് അമ്മാവൻ പറഞ്ഞു. അമിത് ആനന്ദ്,, നിതീഷ് കുമാർ എന്നിവരുടെ വീട്ടിലാണ് അനമ്മാവൻ എന്നെ കൊണ്ടുചെന്നുവിട്ടത്.
അമിത് ആനന്ദും, നിതീഷ് കുമാറും ചില ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയ ശേഷം അത് ഓർത്തു വയ്ക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം പരീക്ഷയ്ക്ക് പോയപ്പോൾ, ഞാൻ തയ്യാറെടുത്ത അതേ ചോദ്യങ്ങൾ. പരീക്ഷയ്ക്ക് ശേഷം പൊടുന്നനെ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു.
അനുരാഗ് യാദവിന്റെ അമ്മവാൻ സിക്കന്ദർ യാദവേന്ദു, അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരും അറസ്റ്റിലായി. നീറ്റ് ചോദ്യ പേപ്പറിനായി അമിതും നിതീഷും ഓരോ വിദ്യാർത്ഥിയിൽ നിന്നും 30-32 ലക്ഷം രൂപയാണ് ചോദിച്ചതെന്ന് സിക്കന്ദർ പൊലീസിനോട് പറഞ്ഞു. പരീക്ഷ എഴുതുന്ന നാല് വിദ്യാർത്ഥികൾ എന്റെ പക്കലുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. കാശിനോടുള്ള ആർത്തി കാരണം, ഓരോ വിദ്യാർത്ഥിയോടും ചോദ്യ പേപ്പറിന് 40 ലക്ഷം കൊടുക്കണമെന്നാണ് നുണ പറഞ്ഞത്, സിക്കന്ദർ വെളിപ്പെടുത്തി.
ഏതുമത്സര പരീക്ഷയുടെയും ചോദ്യ പേപ്പർ തങ്ങൾക്ക് ചോർത്താനാകുമെന്ന് നിതീഷും, അമിതും തന്നോട് പറഞ്ഞതായും സിക്കന്ദർ പൊലിസിനോട് പറഞ്ഞു. ജൂൺ നാലിന് രാത്രി താൻ വിദ്യാർത്ഥികളെ സംഘത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും സിക്കന്ദർ പൊലീസിനോട് സമ്മതിച്ചു.
ഈ വർഷത്തെ നീറ്റിൽ നിരവധി ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 67 വിദ്യാർത്ഥികൾക്ക് 720 ൽ 720 ഉം കിട്ടി. അതിൽ ആറുപേർ ഹരിയാനയിലെ ഒരേ കോച്ചിങ് സെന്ററിൽ നിന്നുള്ളവരാണ്. കട്ട് ഓഫ് മാർക്ക് ഉയർത്തിയതോടെ പല പഠിതാക്കൾക്കും മെഡിക്കൽ കോളേജ് സീറ്റ് കിട്ടുമോയെന്ന ആശങ്കയുണ്ട്.
മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയിൽ 24 ലക്ഷം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പരീക്ഷയെഴുതിയത്. ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രമക്കേടുകൾക്ക് തെളിവില്ലെന്നാണ് മന്ത്രിയുടെ വാദം.