കൊച്ചി: കന്യാസ്ത്രീകളുടെ മേൽനോട്ടത്തിലുള്ള സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് മാനസിക പീഡനമെന്ന് ആരോപണം. കാലടി അനിതാ വിദ്യാലയത്തിലെ കുട്ടികളാണ് സ്‌കൂൾ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ ആരോപണം ഉന്നയിക്കുന്നത്. പ്രിൻസിപ്പലിന്റെയും മറ്റ് അദ്ധ്യാപകരുടെയും മാനസിക പീഡനത്തിൽ കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലാവുകയാണ്. മാതാപിതാക്കളോട് കുട്ടികൾ വിവരം പറയുമെങ്കിലും ആരും പരാതിയുമായി രംഗത്തെത്തുന്നില്ല. അതിനാൽ വിദ്യാർത്ഥികൾ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ നേതാക്കളോട് വിവരം പറയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ പെരുമ്പാവൂർ ഏരിയാ കമ്മറ്റി സ്‌കൂൾ പ്രിൻസിപ്പലിന് കത്ത് കൈമാറി ചർച്ച നടത്തുകയും ചെയ്തു.

അനിതാ വിദ്യാലയത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക അദ്ധ്യാപകരും കുട്ടികളോട് വളരെ മോശമായ സമീപനമാണ് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. മുടി നീട്ടി വളർത്തുന്നതിന് ഇവിടെ വിലക്കാണ്. അത്തരത്തിൽ മുടി നീട്ടി വർത്തി ഏതെങ്കിലും വിദ്യാർത്ഥികൾ എത്തിയാൽ അവരുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് ഭീഷണിയാണ്. അസുഖം മൂലം കുട്ടികൾ വരാതിരുന്നാലും പ്രിൻസിപ്പലിന്റെ ശകാരം അതിരു കടക്കും. പെൺകുട്ടികൾക്ക് ആർത്തവ ദിവസങ്ങളിൽ ശാരീരിക അവശതകളുണ്ടാകുമ്പോഴും അതൊന്നും സ്‌കൂൾ അധികൃതർ പരിഗണിക്കില്ല. അടുത്തിടെ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടു പോയതിന് ഓട്ടോ ചാർജ്ജും നാരങ്ങാ വെള്ളം കുടിച്ചതിന് 27 രൂപയും അടക്കം മാതാപിതാക്കളുടെ പക്കൽ നിന്നും ഇവർ വാങ്ങിയെടുത്തിട്ടുണ്ട്. കനത്ത ഫീസ് ഈടാക്കിയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നിട്ടു പോലും ആശുപത്രിയിൽ കൊണ്ടു പോയതിന്റെ കണക്ക് പറഞ്ഞ് വിദ്യാർത്ഥിയുടെ പക്കൽ നിന്നും പണം വാങ്ങി.

കന്യാസ്ത്രീകളുടെ മേൽനോട്ടത്തിലുള്ള സ്‌ക്കൂളായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് പല മാതാപിതാക്കളും കുട്ടികളെ ഇവിടെ ചേർക്കുന്നത്. എന്നാൽ കുട്ടികളോട് വളരെ പരുഷമായിട്ടാണ് ഇവരുടെ പെരുമാറ്റം. സ്‌ക്കൂളിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഉണ്ടായിട്ടും പള്ളിയിലെ അച്ചന്മാരെ ഉപയോഗിച്ചാണ് കൗൺസിലിങ് നടത്തുന്നത്. ചോദ്യം ചോദിച്ച് ഉത്തരം പറഞ്ഞില്ലെങ്കിൽ ക്ലാസ്സിന് നടുക്ക് നിലത്തിരുന്നതു പോലെയുള്ള കാടൻ ശിക്ഷാ രീതികളാണ് ഇവിടെ. ഭക്ഷണം കഴിച്ചതിന് ശേഷം തിരികെ ക്ലാസ്സിൽ കയറാൻ വൈകിയാൽ വടി ഉപയോഗിച്ച് പെൺകുട്ടികളെ അടക്കം തല്ലുന്നത് പതിവാണ്. ഓണാഘോഷത്തിന് എത്താതിരുന്ന വിദ്യാർത്ഥികളെ രണ്ട് പീരിയഡ് ക്ലാസ്സിന് പുറത്ത് നിർത്തിയും ശിക്ഷിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം മൂലം പഠനത്തിൽ മികവുള്ള മിക്ക കുട്ടികളും പിന്നോക്കമായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അങ്കമാലി വിശ്വജ്യോതി പബ്ളിക്ക് സ്‌ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എർവിൻ ഡെന്നി ആത്മഹത്യ ചെയ്തതിന് കാരണം സ്‌ക്കൂളിൽ നിന്നുള്ള മാനസിക സമ്മർദ്ദം മൂലമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനിതാ വിദ്യാലയത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. കത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം ഉണ്ടാകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രിൻസിപ്പലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ മറുനാടൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി നൽകിയില്ല.