തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ധനസഹായം കരസ്ഥമാക്കുന്നതിനായി കേന്ദ്ര ബജറ്റ് വിശദമായി പഠിച്ച് അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമയബന്ധിതമായി ഇത് നടപ്പാക്കണം എന്നും നിര്‍ദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തരണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

മാത്രമല്ല, ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എല്ലാ മാസവും വിശകലന യോഗങ്ങളും ചേരും. കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കാത്ത, വിവിധ വകുപ്പുകളുടെ അലസതയാര്‍ന്ന സമീപനം മൂലം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാതെ വരുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത്, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വകുപ്പുകളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളും, മതിയായ ഫണ്ട് സംസ്ഥാനത്തിനായി വകയിരുത്താതിലുള്ള അതൃപ്തിയും അറിയിച്ച് സംസ്ഥാനം, കേന്ദ്ര സര്‍ക്കാരിന് കത്തെഴുതും. കേരളത്തില്‍ നിന്നുള്ള എം പിമാരോട് ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍, മുന്‍ മന്ത്രി കെ വി തോമസ് എന്നിവരും മറ്റ് ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

സ്റ്റഡി ഇന്‍ കേരള

അതിനിടയില്‍ വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികലുടെ ഒഴുക്ക് തടയുന്നതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കൊണ്ട് ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ പഠനം തുടരാന്‍ പ്രോത്സാഹിപ്പിക്കുക. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും വിദേശ വിദ്യാര്‍ത്ഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക, ആവശ്യകത ഏറെയുള്ള കോഴ്സുകള്‍ക്ക് പ്രചാരണം നല്‍കുക. ഹ്രസ്വകാല കോഴ്സുകള്‍ കൂടുതലായി പ്രചാരത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉന്നം വെച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്.