- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയതോടെ വീടുകൾ തകർന്നു; ഭക്ഷണവും, കുടിവെള്ളവും, വൈദ്യസഹായവും ഇല്ലാതെ കഷ്ടപ്പാടിന്റെ നാളുകൾ; കേണുപറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ നിലമ്പൂരിലെ ജനപ്രതിനിധികൾ; ഒടുവിൽ ഇടപെട്ട് ഹൈക്കോടതി; നിലമ്പൂർ വനത്തിലെ ആദിവാസികളുടെ ദുരിതജീവിതം നേരിൽ കണ്ട് സബ് ജഡ്ജ്
മലപ്പുറം: നിലമ്പൂർ വനത്തിലെ ആദിവാസികളുടെ ദുരിതജീവിതം ഹൈക്കോടതിയെ അറിയിക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം ഷാബിർ ഇബ്രാഹിം. മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി നിർദ്ദേശ പ്രകാരം കോളനികളിലുള്ളവരുടെ ജീവിതസാഹചര്യം അടക്കമുള്ള വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തിൽ പാലവും വീടുകളും തകർന്ന് 4 വർഷമായി ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലെ ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമർപ്പിച്ച പൊതുതാൽപര്യഹരജിയിൽ ഹൈക്കോടതി കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സബ് ജഡ്ജിയുടെ കോളനി സന്ദർശനം. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നിലമ്പൂർ നഗരസഭ ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത്, വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിലമ്പൂരിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഉടൻ ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇന്നു രാവിലെ പതിനൊന്നരയോടെ മുണ്ടേരിയിലെത്തിയ സബ് ജഡ്ജി ചങ്ങാടത്തിലാണ് ചാലിയാർ പുഴ കടന്ന് ഉൾവനത്തിലെ കോളനികളിലെത്തിയത്. രണ്ടര മണിക്കൂർ നേരം കോളനികളിൽ ചെലവഴിച്ചു.
നേരത്തെ കോളനിയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതിനാൽ തണ്ടർ ബോൾട്ട് കമാൻഡോ സംഘത്തിന്റെ സുരക്ഷയൊരുക്കിയിരുന്നു. സബ് ജഡ്ജിക്ക് മുന്നിൽ കോളനിക്കാർ പരാതികളുടെ കെട്ടഴിച്ചു. ദുരിതങ്ങൾ അക്കമിട്ട് വിവരിച്ചു. ശൗചാലയം ഇല്ലാത്തതിന്റെ ദുരിതങ്ങൾ പെൺകുട്ടികളടക്കമുള്ളവർ പറഞ്ഞു. വൈദ്യുതി കണക്ഷനുണ്ടായിരുന്ന നല്ല കോൺക്രീറ്റ് വീട്ടിൽ കഴിഞ്ഞിരുന്നവരാണ് തങ്ങളെന്നും പ്രളയം വീടുകൾ തകർത്തതോടെ നാല് വർഷമായി ഉൾവനത്തിലെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലുകളിലാണ് താമസമെന്നും പലരും കണ്ണീരോടെ വിവരിച്ചു. രാത്രിയിൽ ആന ശല്യത്തിൽ നിന്നും രക്ഷതേടാൻ സ്ത്രീകളും കുട്ടികളും നേരംവെളുപ്പിക്കുന്ന മരത്തിന് മുകളിലെ ഏറുമാടവും ചൂണ്ടിക്കാണിച്ചു നൽകി. കുടിവെള്ളമില്ലാത്തതിന്റെ ദുരിതം ചടയൻ കുമ്പളപ്പാറ പറഞ്ഞു.
2019ലെ പ്രളയത്തിലാണ് ചാലിയാർ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിൽ പാലം ഒലിച്ചുപോയി മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടത്. വീടുകളും പാലവും തകർന്നതോടെ ചാലിയാർ പുഴ കടക്കാൻ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടം മാത്രമാണ് ഇവർക്കാശ്രയം. മഴ കനത്തതോടെ ചങ്ങാടം ഇറക്കാനാവാതെ കോളനിക്കാർ ഒറ്റപ്പെടും. മഴക്കാലത്ത് മാസങ്ങളോളം കോളനികളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോവാൻ കഴിയാതെ പഠനം മുടങ്ങിയിരിക്കുകയാണ്. ചങ്ങാടത്തിലൂടെ പുഴ കടത്തി ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ കോളനിയിലെ യുവതി ചാലിയാർ പുഴയോരത്ത് പ്രസവിക്കേണ്ട ദുരവസ്ഥയും ഉണ്ടായിരുന്നു.
സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലെ പുഞ്ചകൊല്ലി, അളക്കൽ കോളനിവാസികൾക്കുമുള്ളത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറെകെയുള്ള ഇരുമ്പുപാലവും വീടുകളും തകർന്നതോടെയാണ് ഇരുകോളനിക്കാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവർക്കും മുള കൊണ്ടുള്ള ചങ്ങാടമാണ് പുഴകടക്കാൻ ആശ്രയം.
2019ലെ പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല,് പുലിമുണ്ട കോളനിയിലുള്ളവരുടെ വീടുകൾ നഷ്ടമായത്. ഇവരും ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്ക്കരും കാട്ടുനായ്ക്കരും അടക്കമുള്ള പ്രാക്തന ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആദിവാസി സമൂഹമാണ് അധികൃതരുടെ സഹായമെത്താതെ വനത്തിനുള്ളിൽ ദുരിതജീവിതം നയിക്കുന്നത്.
നിരവധി തവണ പരാതികൾ പറഞ്ഞിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാഞ്ഞതിനാൽ ഗത്യന്തരമില്ലാതെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഷൗക്കത്തിനൊപ്പം സുധ വാണിയമ്പുഴയും കോളനിക്കാരുടെ ദുരിതങ്ങൾ വിശദീകരിച്ചു നൽകി.
മായം ചേർത്ത കള്ളു നൽകി കോളനിയിലെ ചെറുപ്പക്കാരെയും കുട്ടികളെയും വരെ ലഹരിക്കടിമകളാക്കുന്നതിലുള്ള പരാതി സ്ത്രീകൾ സബ് ജഡ്ജിനെ അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോർജ്, പഞ്ചായത്തംഗങ്ങളായ എൻ.പി കവിത, ഷറഫുന്നീസ, റുബീന കിണറ്റുങ്ങൽ, തങ്ക, പൊതുപ്രവർത്തകരായ ഇരുമ്പൻ ജോസ്, അബ്ദു കുന്നുമ്മൽ, മനോജ് മുണ്ടേരി വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്