അടൂർ: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം സ്ഥലത്തിൽ നിന്ന് അഞ്ചു സെന്റ് ദാനം ചെയ്ത് ആധാരമെഴുത്തുകാരായ ദമ്പതികൾ.

ഏനാത്ത് മുല്ലവേലിൽ തെക്കേതിൽ ജയിംസ് എം ശാമുവേലും ഭാര്യ ലാലിയും ചേർന്നാണ് ഭൂമി കൈമാറിയത് ലാലിയുടെ പേരിലുള്ള അഞ്ചു സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. ഇതിന്റെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി. ഏനാത്ത് സബ് രജിസ്ട്രാർ ഓഫീസിനു വേണ്ടിയാണ് വെണ്ടർമാർ കൂടിയായ ദമ്പതികളുടെ ദാനം.

ഏനാത്ത്-പട്ടാഴി റോഡരികിൽ സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമുള്ള സ്ഥലമാണ് നൽകിയത്. ഏനാത്ത് ജങ്ഷനിൽ വാടക കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇതിന് സമീപമാണ് ജയിംസിന്റെയും ഭാര്യയുടെയും ആധാരമെഴുത്ത് സ്ഥാപനം.

വാർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി സ്ഥലം ലഭിക്കാതെ വന്നപ്പോൾ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറുന്ന അവസ്ഥയുണ്ടായി. ഈ സർക്കാർ സ്ഥാപനം ഇവിടെ തന്നെ നിലനിർത്തണമെന്നുള്ള ആഗ്രഹമാണ് ഭൂമി ദാനം ചെയ്യാൻ ദമ്പതികളെ പ്രേരിപ്പിച്ചത്.