- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു; പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ; ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു; കൂടുതൽ അടുത്തത് കാനഡാ പ്രോഗ്രാമിനിടെ; മരണം മുടക്കിയത് ഫെബ്രുവരിയിലെ താലികെട്ട്; സുബി സുരേഷിന്റെ വിയോഗം കലാഭവൻ രാഹുലിനെ തനിച്ചാക്കുമ്പോൾ
കൊച്ചി: സുബി സുരേഷ് യാത്രയാകുമ്പോൾ കലാഭവൻ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കൾ. തനിക്ക് ഇനിയുള്ള ജീവിതത്തിൽ താങ്ങും തണലുമായി സുബിയുണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് മരണം നടിയുടെ ജീവിതത്തിൽ വില്ലനായി എത്തുന്നത്.
അടുത്തിടെ താൻ ഉടനെ വിവാഹിത ആവാൻ പോവുകയാണെന്ന് സുബി പറഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിലാണ് താൻ വിവാഹിതയാകുന്നത് എന്നും വരൻ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു. കലാഭവൻ രാഹുലായിരുന്നു ആ മനുഷ്യൻ. അപ്രതീക്ഷിതമായി സുബി സുരേഷ് യാത്രയായി. ഇതോടെ ആർക്കും കലാഭവൻ രാഹുലിനെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സുബിക്ക് താങ്ങായി രാഹുലും ഉണ്ടായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയിൽ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. 'തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പം ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്' രാഹുൽ പറയുന്നു.
'25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്‌മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ നിൽക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്മെന്റുകളൊന്നും ഏറ്റില്ല' രാഹുൽ കൂട്ടിച്ചേർത്തു. ആഹാരം കഴിക്കാൻ വലിയ താല്പര്യം ഉള്ള ആളായിരുന്നില്ല സുബി. പരിപാടികൾക്ക് പോകുമ്പോൾ ജ്യൂസ് ഒക്കെ കഴിക്കുമെങ്കിലും ആഹാരം നിർബന്ധിച്ചു കഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നും രാഹുൽ ഓർത്തു. കുടുംബങ്ങൾ തമ്മിൽ നല്ല സ്‌നേഹത്തിൽ ആയിരുന്നു എന്നും രാഹുൽ പറഞ്ഞു. അവസാനമായി ഐ സി യുവിൽ വച്ചാണ് സുബിയോട് സംസാരിച്ചത് എന്നും പറഞ്ഞു.
കലാഭവന്റെ ഷോ ഡയറക്ടറാണ് രാഹുൽ. സുബിയും രാഹുലും കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ് സുബിയോട് ഭയങ്കര ഇംപ്രഷൻ രാഹുലിന് വന്നത്. അമേരിക്കയിൽ നിന്നടക്കടം പലയിടത്ത് നിന്നും ആലോചകൾ വന്നെങ്കിലും ഒന്നിലും മനസുറപ്പിക്കാൻ സുബിക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ കലാരംഗത്ത് നിന്നും വർഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി. സുബിയോട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടർന്ന് നടിയും അതിന് സമ്മതിക്കുകയായിരുന്നു.
വീട്ടുകാർ കൂടി അതിന് സമ്മതം മൂളിയതോടെ അധികം വൈകാതെ വിവാഹിതരായേക്കും എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഇരുവരും. വർഷങ്ങൾക്ക് മുൻപ് കലാഭവൻ മണിയടക്കമുള്ളവർ സുബിയൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നു. സുബി വിവാഹം കഴിക്കുകയാണെങ്കിൽ പത്ത് പവൻ സ്വർണം കൊടുക്കാമെന്ന് മണി പറയുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ