ആലപ്പുഴ: ഇതൊരു പുനർവിവാഹ കഥയാണ്. ഡിവോഴ്‌സ് കേസ് വീണ്ടും മാംഗല്യമായ കഥ. അതും മകൾക്ക് വേണ്ടി. അങ്ങനെ അച്ഛന്റേയും അമ്മയുടേയും രണ്ടാം വിവാഹത്തിന് മകൾ സാക്ഷിയാകും. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂർവ പുനഃസമാഗമത്തിനു വേദിയായത്. ഏക മകളാണ് വലുതെന്ന തിരിച്ചറിവിലാണ് ഈ ഒരുമിക്കൽ.

ആലപ്പുഴ കളർകോടു സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റുമായിരുന്ന സുബ്രഹ്‌മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും ഒരുമിക്കുന്നത്. 14 വർഷത്തെ പിണക്കമാണ് ഇവർ അവസാനിപ്പിക്കുന്നത്. ഇതിന് ഏക മകൾ സാക്ഷിയുമായി. ഹൈക്കോടതിയിൽ വരെ എത്തിയ വിവാഹ മോചന കേസിനാണ് ക്ലൈമാക്‌സിൽ ശുഭാന്ത്യം വരുന്നത്. മകളുടെ സുരക്ഷിത ഭാവിയാണ് ഇവർക്ക് ഇനി വലുത്. കോടതി ഇടപെടലിൽ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവർ വീണ്ടും കൈകോർത്തത്.

വാടയ്ക്കൽ അങ്കണവാടിയിലെ ഹെൽപ്പറാണ് കൃഷ്ണകുമാരി. പുനർവിവാഹം രജിസ്റ്റർചെയ്യാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചായിരുന്നു ഇവരുടെ മടക്കം. കോടതിയിൽ എല്ലാവർക്കും മുമ്പിൽ വച്ച് ഇവർ മധുരം പരസ്പരം കൈമാറി. മകൾ എല്ലാത്തിനും സാക്ഷിയായി. ആ കുട്ടിയുടെ കണ്ണിൽ അനന്ദമായിരുന്നു. അത് കണ്ണീരായി മാറുകയും ചെയ്തു. മകൾ അഹല്യ എസ്. നായർ അഹല്യ പത്താംക്‌ളാസിൽ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് അച്ഛനും അമ്മയും ആ നിർണ്ണായക തീരുമാനം എടുത്തത്.

2006 ഓഗസ്റ്റ് 31-നായിരുന്നു സുബ്രഹ്‌മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്‌നത്തിന്റെ പേരിൽ വഴക്കിട്ട് അകന്നു. പിന്നീട് വിവാഹ മോചന കേസായി. 2010 മാർച്ച് 29-നു നിയമപരമായി വേർപിരിഞ്ഞു. കൃഷ്ണകുമാരിക്ക് ഒന്നരലക്ഷം രൂപയും സ്വർണാഭരണമടക്കമുള്ള ബാധ്യതകളും തിരിച്ചുനൽകിയായിരുന്നു വേർപിരിയൽ. മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020-ൽ ആലപ്പുഴ കുടുംബക്കോടതിയിൽ കൃഷ്ണകുമാരി ഹർജി നൽകി. മാസംതോറും 2,000 രൂപ നൽകാൻ കോടതി വിധിച്ചു.

ഇതിനെതിരേ സുബ്രഹ്‌മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. ഇതു കോടതി തള്ളി. പ്രശ്‌നം രമ്യമായി പരിഹരിക്കാനായിരുന്നു നിർദ്ദേശം. കേസ് വീണ്ടും കുടുംബക്കോടതി ജഡ്ജി വിദ്യാധരന്റെ മുന്നിലെത്തി. അദ്ദേഹം കരുതലോടെ വിഷയത്തിൽ ഇടപെട്ടു. രണ്ടുപേരും പുനർവിവാഹിതരല്ലെന്നതു കോടതി കണക്കിലെടുത്തു. മകളുടെ സുരക്ഷയെയും ഭാവിയെയും കരുതി ഒരുമിച്ചു താമസിക്കാനുള്ള നിർദ്ദേശം മുമ്പോട്ട് വച്ചു. അത് അവർക്കും സ്വീകാര്യമായി.

2006 ഓഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം. 2008ൽ മകൾ ജനിച്ചു. നിസാര പ്രശ്നത്തിൽ വഴക്കിട്ട ഇരുവരും അകന്നു ജീവിക്കാൻ തുടങ്ങിയതോടെ കേസ് കോടതിയിലെത്തി. അതാണ് ക്ലൈമാക്‌സിൽ ഇങ്ങനെയാകുന്നത്. ഏകമകളുടെ ജീവിതസുരക്ഷ കണക്കിലെടുത്താണ് ഒരുമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസടക്കം മികച്ച വിജയം നേടിയ മകൾ അഹല്യ എസ്. നായരായിരുന്നു അച്ഛനമ്മമാർ വീണ്ടും ഒന്നിക്കുന്നതിൽ ഏറെ ആഹ്ളാദിച്ചത്.

കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു സമീപത്തെ വാടകവീട്ടിലാകും ഇനി സുബ്രഹ്‌മണ്യവും കൃഷ്ണകുമാരിയും താമസിക്കുക. സുബ്രഹ്‌മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത, കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആർ. മൈനാഗപ്പള്ളി എന്നിവർ ഹാജരായി.