കണ്ണൂർ: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്റെ അടിയന്തര സഹായം തേടി വെടിവെപ്പിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. സുഡാനിൽ കുടുങ്ങിയ പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. എന്നാൽ എപ്പോൾ ദൗത്യം നടക്കുമെന്നതിൽ ആർക്കും ഉറപ്പില്ല. ഇതാണ് അൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തേയും സമാനതളില്ലാത്ത പ്രതിസന്ധിയിലാക്കുന്നത്.

ഖർത്തൂമിലെ ഫ്‌ളാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കണ്ണൂരിലുള്ള കുടുംബത്തിലൂടെയാണ് ഇവരുടെ ദുരിതം പുറം ലോകം അറിയുന്നത്. സൈന്യവും അർദ്ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഫ്‌ളാറ്റിൽ ഏപ്പിൽ 15നാണ് സൈബല്ലയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിന്റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. തീർത്തും അപ്രതീക്ഷിതമായിരുന്നു വെടിവയ്‌പ്പ്.

സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്‌ളാറ്റിലെ ബേസ് മെന്റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി ഫ്‌ളാറ്റിന്റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു. സൈബല്ലയുടെ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെയെല്ലാം വിവിധ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് ആരും ബന്ധപ്പെടുന്നില്ലെന്നാണ് ആൽബർട്ടിന്റെ കുടുംബം പറയുന്നത്.

ആൽബർട്ടിന്റെ ഭാര്യയേയും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കിയിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതെല്ലാം വെറും അവകാശ വാദമാണെന്ന് വ്യക്തമാക്കുന്നതാണ് കുടുംബത്തിന്റെ വാക്കുകളിലുള്ളത്. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്റെ അച്ഛൻ അഗസ്റ്റിൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

രാത്രിയാണ് കലാപത്തിനിടെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വീടിനുള്ളിൽ ഫോൺ ചെയ്യുന്നതിനിടെയായിരുന്നു ആൽബർട്ടിന് വെടിയേറ്റത്. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫ്‌ളാറ്റിൽ നിന്ന് മൃതദേഹം മാറ്റിയിരുന്നില്ല. തുടർന്നാണ് കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. അത് നടക്കുകയും ചെയ്തു.

കുടുംബത്തോടൊപ്പം ഈസ്റ്റർ ആഘോഷിക്കാനായി ഭാര്യയെയും മകളെയും രണ്ടാഴ്ചമുമ്പാണ് ആൽബർട്ട് സുഡാനിലേക്ക് വിളിച്ചുവരുത്തിയത്. മെയ്‌ 3ന് ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റും ബുക്കു ചെയ്തിരുന്നു. 16ന് രാത്രിയിലാണ് വെടിവയ്‌പ്പുണ്ടായത്. വിമുക്തഭടനായ ആൽബർട്ട്, ഏഴുമാസം മുമ്പാണ് സുഡാന്റെ തലസ്ഥാനമായ ഖാർതൂമിൽ ഡാൽ ഗ്രൂപ്പ് ഒഫ് കമ്പനിയിൽ ഉദ്യോഗസ്ഥനായത്. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നും വാതിലുകളും ജനലുകളും തുറന്നിടരുതെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

കമ്പനി മാനേജ്മെന്റും ഇന്ത്യൻ എംബസിയും മൃതദേഹം വീണ്ടെടുത്ത് നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. സുഡാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനും ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ നിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. ബന്ധുക്കൾ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിട്ടില്ല. തേർത്തല്ലിയിലെ ആദ്യകാല വ്യാപാരി ചിറ്റടിയിലെ ആലവേലിൽ എ.കെ. അഗസ്റ്റിന്റെ മകനാണ് ആൽബർട്ട്. അമ്മ: മേഴ്‌സി. സഹോദരങ്ങൾ: സ്റ്റാർളി, ഷർമ്മി.