- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിത സ്ഥലത്തെത്തി; ഇനി കപ്പലിൽ സൗദിയിലേക്ക്; അവിടെ നിന്നും ഇന്ത്യയിലുമെത്തും; ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോർച്ചറിയിൽ; ഓപ്പറേഷൻ കാവേരിയിൽ ആദ്യ സംഘം ഡൽഹിയിൽ
കണ്ണൂർ: ഓപ്പറേഷൻ കാവേരിയിലെ ആശ്വാസം കണ്ണൂരിനും. സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ സൈബലി, മകൾ മരീറ്റ എന്നിവർ പോർട്ട് സുഡാനിലെത്തി. കഴിഞ്ഞ 24 ന് വൈകുന്നേരം ഇവരെ കമ്പിനിയുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതരയോടെയാണ് പോർട്ട് സുഡാനിലേക്ക് പുറപ്പെട്ടത്. അർധരാത്രിയോടെയാണ് അവിടേക്ക് എത്തിയത്.
ഇവർ ബുധനാഴ്‌ച്ച രാവിലെ ഇന്ത്യയിലേക്ക് വരുന്നതിനാവശ്യമായ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കപ്പൽമാർഗം ജിദ്ദയിൽ എത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഏപ്രിൽ 27-ന് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം. പതിനൊന്നു ദിവസം മുൻപാണ് ആലക്കോട് നെല്ലിക്കപ്പാറ കാക്കടവ് സ്വദേശിയും ആലവേലിൽ അഗസ്റ്റിൻ-മേഴ്സി ദമ്പതികളുടെ മകനുമായ ആൽബർട്ട്(49) ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൊല്ലപ്പെട്ടത്.
പത്തുദിവസത്തോളം ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും ഖർത്തൂമിലെ ഫ്ളാറ്റിൽ തങ്ങുകയായിരുന്നു. ഭാര്യയും മകളും നാട്ടിൽ നിന്നും സുഡാനിലേക്ക് പോയത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. നാട്ടിൽ നിന്നും കൊണ്ടു പോയ ഭക്ഷണ സാധനങ്ങളാണ് ഇവർ കഴിച്ചു കൊണ്ടിരുന്നത്. കുടിവെള്ളം പോലും കിട്ടാതിരുന്ന സാഹചര്യത്തിലാണ് കമ്പിനി അധികൃതർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സൈന്യവും അർധസൈന്യവും അധികാര പോരാട്ടം നടത്തുന്ന സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ളാറ്റിൽ ഏപ്രിൽ 19-നാണ് സൈബല്ലയുടെ ഭർത്താവ് ആൽബർട്ട് കൊല്ലപ്പെട്ടത്.
കാനയഡിലുള്ള മകൻ ഓസ്റ്റിനുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആൽബർട്ടിന് വെടിയേറ്റത്. ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും മോർച്ചറിയിലാണുള്ളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സുഡാനിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്ന മിഷൻ ഏകോപിപ്പിക്കുന്നത്.
സുഡാനിൽ കുടുങ്ങിപ്പോയ മലയാളികളുടെ യാത്രാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ആൽബർട്ടിന്റെ മൃതദേഹം എന്ന് കൊണ്ടു വരുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സുഡാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒമ്പത് മണിയോടെയാണ് എത്തിയത്. സംഘത്തിൽ ആറ് മലയാളികളുമുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു.
സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎൻഎസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കും. ഡൽഹിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു. സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐൻഎസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചിരുന്നു. ഇതിൽ ആദ്യ സംഘമാണ് ഇന്ത്യയിൽ എത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്