കണ്ണൂർ: സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മാറ്റിയത് ഏറെ വൈകിയെന്ന് ദൃക്‌സാക്ഷി മൊയ്തീൻ. സുഡാനിൽ നിന്നും നാട്ടിലെത്തിയപ്പോഴാണ് മൊയ്തീന് ആൽബർട്ടിന് സംഭവിച്ചകാര്യം വിശദീകരിച്ചത്. വെടിയേറ്റ ശേഷം 36 മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. അഞ്ച് ആംബുലൻസ് എത്തിയിട്ടും മൃതദേഹം എടുക്കാൻ സൈന്യം അനുവദിച്ചില്ലെന്നും മൊയ്തീൻ പറഞ്ഞു. വിമാനസർവീസ് തുടങ്ങിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സൈന്യവും ജനങ്ങളും തമ്മിൽ ചില പ്രശ്‌നങ്ങളൊക്കെ അവിടെ ഉണ്ടാകാറുണ്ട്. അതാകുമെന്നാണ് കരുതിയത്. എന്നാൽ രാവിലെ ജനലിൽ കൂടി നോക്കുമ്പോഴാണ് പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലായത്. റൂമിന്റെ പാസേജിലാണ് ആദ്യം ഇരുന്നിരുന്നത്. എന്നാൽ മകന്റെ ഫോൺ വന്നപ്പോൾ ആൽബർട്ട് ഹാളിലേക്കു പോയി.
മകനുമായി സംസാരിക്കുന്നതിടെയാണ് ജനലിൽക്കൂടി ബുള്ളറ്റ് ഉള്ളിലേക്ക് വരുന്നത്. നെറ്റിയിൽ ബുള്ളറ്റ് തുളഞ്ഞു കയറി. പെട്ടെന്ന് അഡ്‌മിൻ മാനേജറെ വിളിച്ച് ആംബുലൻസ് ശരിയാക്കാൻ പറഞ്ഞു.

എന്നാൽ നാല്അഞ്ച് ആംബുലൻസുകൾ വന്നെങ്കിലും മൃതദേഹം എടുക്കാൻ സൈന്യം അനുവദിച്ചില്ല്. മൃതദേഹം അവിടെനിന്ന് എടുക്കാൻ 36 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് അവിടെ കഴിഞ്ഞത്. ഫ്‌ളാറ്റിന്റെ പാർക്കിങ്ങിലാണ് ഇത്രയും ദിവസം കഴിഞ്ഞിരുന്നത്' മൊയ്തീൻ പറഞ്ഞു.

ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും വ്യാഴാഴ്ച രാവിലെ നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തി. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ കുടുംബം വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ പ്രത്യേക കാറിലാണ് കണ്ണൂർ ആലക്കോട്ടെ വീട്ടിലെത്തിയത്.
അതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഏഴാം സംഘം ജിദ്ദയിലെത്തെയതായി കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. പോർട്ട് സുഡാനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് ഇവർ ജിദ്ദയിൽ എത്തിയത്. ഇതോടെ ഓപ്പറേഷൻ കാവേരി വഴി രക്ഷിച്ചവരുടെ എണ്ണം 1,835 ആയി.

നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്നും മോദി സർക്കാരിന്റെ 'സ്ട്രോങ്' ഇവിടെയാണ് മനസ്സിലാകുന്നതെന്നും ജിദ്ദയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാർ പറയുന്നു. മലയാളികളിൽ പതിനൊന്ന് പേർ കേരളത്തിൽ മടങ്ങിയെത്തി. എട്ട് പേർ കൊച്ചിയിലും മൂന്ന് പേർ തിരുവനന്തപുരത്തുമാണ് എത്തിയത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ അധികൃതരുടെ കണക്കനുസരിച്ച് 207 മലയാളികളാണുള്ളത്. ഇതിൽ 164 പുരുഷന്മാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി മൂന്നാമത്തെ കപ്പലും പോർട്ട് സുഡാനിൽ എത്തിയിരുന്നു.

'വളരെ മോശം അവസ്ഥിയിലായിരുന്നു. സംഘർഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്. മോഷണം ഉൾപ്പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാർത്തൂം സിറ്റിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകർത്തുവെന്നും ഹരികുമാർ പറയുന്നു. പത്താം തീയതിയാണ് സുഡാനിൽനിന്ന് പോരുന്നത്. അവിടെനിന്ന് പോർട്ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലിൽ ജിദ്ദയിലെത്തിച്ചു. ഇവിടെയെത്താൻ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയിൽ തന്നെ ലഭിച്ചു. ജിദ്ദയിൽ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദി സർക്കാരിന്റെ സ്ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്' ഹരികുമാർ പറയുന്നു.

സുഡാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതുവരെ 1095 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. സുഡാനിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സുഡാനിലെ സ്ഥിതിഗതികൾ മോശമാണ്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഖാർത്തൂം, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. മറ്റൊരു സൈനിക കപ്പലായ ഐഎൻഎസ് ടർക്കിഷും ഇന്ന് പോർട്ട് സുഡാനിലെത്തും. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് 243 ഇന്ത്യാക്കാരെ മുംബൈയിലെത്തിച്ചത്. മലയാളികളടക്കം ദക്ഷിണേന്ത്യൻ സ്വദേശികളാണ് ഈ വിമാനത്തിലുള്ളതിൽ ഏറെയും.