- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങൾ ജിദ്ദയിൽ സജ്ജം; നാവികസേനാക്കപ്പൽ ഐഎൻഎസ് സുമേധ സുഡാൻ തീരത്തെത്തി; കരമാർഗം ഇന്ത്യക്കാരെ തുറമുഖംവരെ എത്തിക്കുന്നത് ദുഷ്കരം; സുഡാനിൽ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികൾ ഈർജിതമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സർക്കാർ നടപടികൾ ഊർജ്ജിതമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിവിധ സൈനിക വിഭാഗങ്ങളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തകനത്തിനുള്ള പ്ലാൻ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിൽ സജ്ജമായി നിൽക്കുന്നതായും ഇന്ത്യൻ നാവികസേനാക്കപ്പൽ ഐഎൻഎസ് സുമേധ സുഡാൻ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കലാപരൂക്ഷിത സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തി വരുന്നതായും സുഡാനിലെ നിലവിലെ സുരക്ഷാസാഹചര്യങ്ങളെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സുഡാനിൽ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം.
ഇന്ത്യാക്കാരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. സുഡാൻ അധികൃതരെ കൂടാതെ ഐക്യരാഷ്ട്രസഭ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, യുഎസ് എന്നിവരുമായി നിരന്തരസമ്പർക്കം പുലർത്തിവരികയാണ്. വിമാനങ്ങൾ സജ്ജമാണെങ്കിലും സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രമേ നിലത്തിറക്കാൻ സാധിക്കുകയുള്ളൂ.
ഖർത്തൂമിലും മറ്റു പ്രധാന പ്രദേശങ്ങളിലും സംഘർഷം രൂക്ഷമായിത്തുടരുന്നതിനാൽ വ്യോമഗതാഗതം റദ്ദാക്കിയിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ ഇന്ത്യൻ വിമാനം അവിടെ ഇറക്കുന്നതിൽ സുരക്ഷാപ്രശ്നങ്ങളുണ്ട്. അനുകൂലസാഹചര്യം സാധ്യമാകുന്ന ഏറ്റവുമടുത്ത സമയത്ത് വിമാനങ്ങൾ സുഡാനിൽ എത്തിച്ചേരുമെന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റോഡ് മാർഗത്തിലൂടെയുള്ള ഒഴിപ്പിക്കലും സർക്കാരിന്റെ പരിഗണനയിരുന്നെങ്കിലും അത് ഏറെ ദുഷ്‌ക്കരമാണെന്നാണ് വിലയിരുത്തൽ.
ഏതാനും ഇന്ത്യക്കാരടക്കം നൂറ്റമ്പതിലേറെപ്പേരെ സൗദി അറേബ്യ കഴിഞ്ഞദിവസം സുരക്ഷിതമായി കടൽമാർഗം ജിദ്ദയിൽ എത്തിച്ചിരുന്നു. രക്ഷപ്പെട്ടവരിൽ 91 പേർ സൗദി പൗരരാണ്. സൗദി എയർലൈൻസിൽ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാർ രക്ഷപ്പെട്ടവരിലുണ്ട്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ സൗദി എയർലൈൻസ് വിമാനത്തിനുനേരെ കഴിഞ്ഞയാഴ്ച ബോംബാക്രമണം നടന്നിരുന്നു.
സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ഏറ്റുമുട്ടുന്ന സുഡാനിൽനിന്ന് നയതന്ത്രജ്ഞരെയും പൗരന്മാരെയും രക്ഷിക്കാനുള്ള ശ്രമം ഊർജിതമാക്കി ലോകരാഷ്ട്രങ്ങൾ. അമേരിക്കൻ നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും ഖാർത്തൂമിൽനിന്ന് യുഎസ് സൈന്യം ഒഴിപ്പിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ സുരക്ഷിതമായി ഒഴിപ്പിച്ച 70 എംബസി ജീവനക്കാരെയാണ് സുഡാന് പുറത്ത് എത്തിച്ചത്. എംബസി താൽക്കാലികമായി അടച്ചു യൂറോപ്യൻ യൂണിയനിലെ ചില അംഗരാഷ്ട്രങ്ങളിലെയും തങ്ങളുടെയും പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് ഫ്രഞ്ച് വിദേശമന്ത്രാലയം അറിയിച്ചു.
തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും സുഡാനിലെ യുകെ പൗരന്മാർ തങ്ങൾ എവിടെയാണെന്ന് വിദേശകാര്യ ഓഫീസിലറിയിക്കണമെന്നും യുകെ വിദേശമന്ത്രാലയം അറിയിച്ചു. ഇറ്റലി, ഗ്രീസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സുഡാനിലേക്ക് സൈന്യത്തെ അയക്കാനുള്ള ഒരുക്കത്തിലുമാണ്.
മറുനാടന് ഡെസ്ക്