ന്യൂഡൽഹി: തീവണ്ടി യാത്രയ്ക്കിടെ സൂറത്തിൽ അപകടത്തിൽപ്പട്ട മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് ഭട്ടതിരി അപകട നില തരണം ചെയ്തു. ഭട്ടതിരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സൂറത്ത് മഹാവീർ ആശുപത്രിയിൽ കഴിയുന്ന സിദ്ധാർഥിന്റെ ഒരു കാൽമുട്ടിന് മുകളിലും ഒരു കാൽമുട്ടിന് താഴെയും വെച്ച് മുറിച്ചുമാറ്റേണ്ടിവന്നു. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകീട്ട് സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്.

കൈരളി ടി.വി. ലേഖകനാണ് സിദ്ധാർഥ് ഭട്ടതിരി. കൈക്കും പരിക്കുണ്ട്. സൂറത്ത് സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോൾ ബിസ്‌കറ്റ് വാങ്ങാൻ ഇറങ്ങിയ സിദ്ധാർഥ് വണ്ടി നീങ്ങിയപ്പോൾ കയറാൻ ശ്രമിക്കവേ ട്രെയിനിന്റെ വാതിലിൽ കൈ പിടിച്ചെങ്കിലും കാലുകൾ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടവിവരം അറിഞ്ഞ ഉടൻ അവിടത്തെ മലയാളി സമാജം പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഇടപെട്ട് ചികിൽസയ്ക്കാവശ്യമായ ഇടപെടൽ നടത്തി.

കൈരളി ടി.വി. ഡൽഹി പ്രതിനിധി സുനിൽ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ഉണ്ട്. വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയുടെ ഒരുക്കത്തിന്റെ ഭാഗമായാണ് സിദ്ധാർഥിനെ ഡൽഹിക്ക് നിയോഗിച്ചതായിരുന്നു. രണ്ടുവർഷമായി തിരുവനന്തപുരം കൈരളിയിൽ ജോലി ചെയ്യുകയാണ് 23 കാരനായ സിദ്ധാർഥ്. ഇരുമ്പനം പട്ടേരി മനയിൽ വി.കെ. കൃഷ്ണന്റെയും സുധയുടെയും മകനാണ്. സ്മൃതി സഹോദരിയാണ്.

അപകടസ്ഥലത്തു നിന്ന് ഒരു മലയാളി ഡൽഹിയിലെ കാർട്ടൂണിസ്റ്റ് സുധീർനാഥിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം ഗുജറാത്തിലെ വിദ്യാഭ്യാസ സെക്രട്ടറി ചേർത്തല സ്വദേശി വിനോദ് റാവുവുമായി ബന്ധപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ടിവിആർ ഷേണായിയുടെ അടുത്ത ബന്ധു കൂടിയായണ് വിനോദ് റാവു. ഈ സമയം പി ആർ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡൽഹിയിലുണ്ടായിരുന്നു. ഇവരെല്ലാം കാര്യങ്ങൾ സുധീറുമായി ഏകോപിപ്പിച്ചു. വിനോദ് റാവുവിലൂടെ ഗുജറാത്ത് ചീഫ് സെക്രട്ടറിയും പ്രശ്‌നത്തിൽ ഇടപെട്ടു. സൂറത്തിലെ ജില്ലാ കളക്ടറെ വിളിച്ചു. അതിവേഗം ഇതെല്ലാം നടന്നതാണ് സിദ്ധാർത്ഥ് ഭട്ടതിരിക്ക് മികച്ച ചികിൽസ ഉറപ്പാക്കിയത്.

തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു സൂറത്ത് കളക്ടറും. എന്നിട്ടും നിരന്തരം ഭട്ടതിരിയുടെ ആരോഗ്യ കാര്യങ്ങളിൽ ഇടപെട്ടു. സുധീർനാഥുമായി നിരന്തരം ബന്ധപ്പെട്ടു. സിദ്ധാർത്ഥിന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്നും സംസാരിക്കുന്നുണ്ടെന്നും കളക്ടർ തന്നെ അറിയിച്ചു. കണ്ണിനും പ്രശ്‌നമില്ല. ആളുകളെ തിരിച്ചറിയുന്നുണ്ട്. ഓർമ്മ ശക്തിക്കും കുറവൊന്നുമില്ല. കാലുകൾക്ക് ഉണ്ടായ അത്യാഹിതത്തിലും മലയാളി മാധ്യമ പ്രവർത്തകന് ജീവൻ തിരിച്ചു കിട്ടിയത് ഈ ഗുജാറാത്ത് ഉദ്യോഗസ്ഥരുടെ കരുതലാണ്. അതിവേഗം കൈരളി ടിവി പ്രതിനിധിയും സൂറത്തിലെത്തി.

സിദ്ധാർഥ് ഭട്ടതിരിക്ക് പരിക്കേറ്റത് തന്നെ ഒരു മലയാളിയാണ് അറിയിച്ചതെന്ന് സുധീർനാഥ് പറയുന്നു. വാട്‌സാപ്പിലാണ് വിളിയെത്തിയത്. തന്റെ നമ്പർ എങ്ങനേയോ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങൾ വിശദീകരിച്ച് വാട്‌സാപ്പിൽ സന്ദേശവും അയച്ചു. അറിയാത്ത ഒരാളാണെങ്കിലും ആ വിവരത്തിൽ കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. ആദ്യം ഓർമ്മ വന്നത് ഐഎഎസുകാരനായ വിനോദ് റാവുവിനെയാണ്. വിനോദ് റാവുവിനെ വിളിച്ചപ്പോൾ താനിപ്പോൾ വിദ്യാഭ്യാസ സെക്രട്ടറിയാണെന്നും വേണ്ടത് ചെയ്യാമെന്നും അറിയിച്ചു. ഐഎഐസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കും ഇത് എത്തി. അങ്ങനെ ഗുജറാത്തിലെ സിവിൽ സർവ്വീസ് സുഹൃത്തുക്കൾ അതിവേഗം ഇടപെട്ടു. മികച്ച ചികിൽസ ലഭ്യമാകുകയും ചെയ്തു-സുധീർനാഥ് പറഞ്ഞു.

വാട്‌സാപ്പിൽ വിളിച്ചത് ആരെന്ന് ഇനി കണ്ടെത്തണം. ചികിൽസ ഉറപ്പിക്കാനുള്ള തിരക്കുകൾക്കിടയിൽ ആ വ്യക്തിയെ വീണ്ടും ബന്ധപ്പെടാനായില്ലെന്നും സൂധീർനാഥ് മറുനാടനോട് പറഞ്ഞു.