- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ എത്തിയ മറീറ്റയേയും മകളേയും ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ; ജിദ്ദയിൽ നിന്ന് കൊച്ചിക്കുള്ള വിമാനത്തിൽ യാത്രയാക്കി സൗദിയിലെ എംബസി ഉദ്യോഗസ്ഥർ; കൊച്ചിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ കാറിൽ കണ്ണൂരിലേക്കും; നന്ദി അറിയിച്ച് സുഡാനിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ ഭാര്യയും മകളും നാട്ടിലെത്തി; മൃതദേഹവും എത്തിക്കാൻ നടപടികൾ
കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ കാവേരിയാണ് ഇവർക്ക് ആശ്വാസമായത്.
ഇന്നു രാവിലെ 10ന് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു. ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെടിയേറ്റു മരിച്ച ഫ്‌ളാറ്റിൽനിന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് സൈബല്ല സർക്കാരിന്റെ അടിയന്തര സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നീട് മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെതുടർന്നാണ് മൃതദേഹം മാറ്റാനായത്.
സുഡാനിൽ സുരക്ഷാസേനയിലെ ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള കരാർ ജീവനക്കാരനാണ് ആൽബർട്ട്. ഈ മാസം 16-നാണ് സുഡാനിൽ സൈനികരും അർധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആൽബർട്ട് വീട്ടിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആറു മാസം മുൻപാണ് ആൽബർട്ട് ജോലികിട്ടി സുഡാനിലെത്തിയത്. മകൻ വിദേശത്തേക്ക് പോകുന്നതിനാൽ ഒരു മാസം മുൻപ് നാട്ടിൽ വന്നിരുന്നു. കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുൻപാണ് ഭാര്യയും മകളും ആൽബർട്ടിനൊപ്പം ഒരുമാസത്തെ വിസിറ്റിങ് വിസയിൽ സുഡാനിലെത്തിയത്. അവധിക്കാലം ആഘോഷിക്കാനായിരുന്നു ഇത്.
ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രൂപംകൊടുത്ത ദൗത്യമായ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 1100-ഓളം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായി സഹകരിച്ചാണ് ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിന് ജിദ്ദയിൽ വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് നേതൃത്വം നൽകുന്നത്.
ആൽബർട്ടിന്റെ ഭാര്യ സൈബല്ലയേയും മകൾ മറീറ്റയേയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ ജിദ്ദയിൽ സ്വീകരിച്ചിരുന്നു.ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചാണ് കൊച്ചിക്കുള്ള വിമാനം കയറ്റി വിട്ടത്. വിദേകാര്യമന്ത്രാലയം ഏർപ്പാടാക്കിയ പ്രത്യേക കാറിൽ കണ്ണൂരിലേക്ക് തിരിച്ചകുടുബം സഹായങ്ങൾക്ക് നന്ദി അറിയിച്ചു.
ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട് റോഷൽ ആലപ്പാട്ട് ഡാനിയേൽ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണുവും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയവരും സന്തോഷം പങ്കിട്ടു പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയവരെ സ്വീകരിക്കാൻ ബന്ധുക്കളടക്കം വിമാനത്താവളത്തിൽ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ