- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ കടക്കെണിയായപ്പോൾ മകന്റെ പഠിത്തം മുന്നോട്ട് കൊണ്ടു പോകാൻ ലോറിയുമായി പോയത് തമിഴ്നാട്ടിലേക്ക്; കെ എസ് ആർ ടി സിയിലെ എം പാനൽ കണ്ടക്ടർ അറിവും പ്രവർത്തന പരിചയം; ജീവിത പ്രതിസന്ധികളെ വളയം പിടിച്ച് മറികടന്ന ചൂഴാറ്റുകോട്ടയിലെ സുജയ്ക്ക് ചരിത്ര നിയോഗം; ഏഷ്യയിലെ ഏറ്റവും വലിയ പെൺ പള്ളിക്കൂടം കോട്ടൺഹിലിൽ ഇനി ഈ അമ്മ ബസ് ഡ്രൈവർ
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ പെൺ പള്ളിക്കൂടം എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്‌കൂളിലെ സ്‌കൂൾ ബസിന്റെ നിയന്ത്രണം ഇനി വനിതാ ഡ്രൈവറുടെ കൈകളിൽ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം നമ്പർ ബസിന് ഡ്രൈവറായെത്തുന്നത് ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിൻ നിവാസിൽ ഇ സുജയാണ്. തീപിടിത്തത്തിൽ നശിച്ച ബസിന് പകരം പി ടി എ വാങ്ങിയ പുതിയ ബസ് ഇന്നാണ് നിരത്തിലിറങ്ങുന്നത്.
അടുത്ത കാലത്തായി കോട്ടൺഹിൽ സ്‌കൂളിൽ നിന്ന് പുറത്തു വന്നതെല്ലാം നല്ല വാർത്തകളായിരുന്നില്ല. അതിനൊരു മാറ്റമാണ് സുജയുടെ വരവ്. തീ കത്തി നശിച്ച ബസിന് പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്താനുമായില്ല. ഇതിന് പിന്നിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും പറയുന്നു. എന്നാൽ ആ തീ കത്തൽ പുതിയൊരു ചരിത്രത്തിന് വഴിയൊരുക്കിയെന്നതാണ് വസ്തുത. അങ്ങനെ സുജ സർക്കാർ സ്‌കൂളിലെ ആദ്യ വനിതാ ബസ് ഡ്രൈവറാകുന്നു.
ബീമാപള്ളി- എയർപോർട്ട് റൂട്ടിലേയ്ക്കും വിളപ്പിൽശാല റൂട്ടിലേയ്ക്കുമുള്ള വിദ്യാർത്ഥികളെ ഇനി സുരക്ഷിതമായി എത്തിക്കുക സുജയുടെ കൈകളാവും. ഇതാദ്യമായാണ് സ്‌കൂൾ ബസ് ഡ്രൈവറായി ഒരു വനിത എത്തുന്നത്. ബസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് രാവിലെ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് സുജയുടെ ഡ്യൂട്ടി ടൈം. 12 വർഷമായി ഹെവി വെഹിക്കിൾ ലൈസൻസ് നേടിയ സുജ ഒരു വർഷമായി പട്ടം പ്ലാമൂട്ടിലെ കിഡീസ് മോണ്ടിസോറി സ്‌കൂളിൽ ബസോടിക്കുന്നുണ്ട്.
2008ൽ കെ എസ് ആർ ടി സിയിൽ എംപ്‌ളോയ്‌മെന്റ് എംപാനൽ വഴി കണ്ടക്ടറായി കയറിയെങ്കിലും 2018ൽ കൂട്ട പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടു. ആകെയുള്ള ആശ്വാസം പ്‌ളാങ്കാലമുക്കിലുള്ള ചിക്കൻസ്റ്റാളായിരുന്നു. കടയിലേയ്ക്കുള്ള ചിക്കനെടുക്കാൻ സുജ തന്നെയാണ് ലോറിയുമായി തമിഴ്‌നാട്ടിൽ പോയിരുന്നത്. ഉച്ചയ്ക്ക് പോയി അർദ്ധരാത്രിയോടെ ലോഡുമായി മടങ്ങിവരും.
ഭർത്താവ് അൽഫോൻസാണ് കട നോക്കുന്നത്. മകന്റെ അസുഖവും കൊവിഡുമൊക്കെ ജീവിതം വലിയ കടക്കെണിയിലാക്കിയതിനെ തുടർന്നാണ് മോണ്ടിസോറി സ്‌കൂളിൽ ബസ് ഡ്രൈവറാകുന്നത്. മകൻ അജിൻ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. മകൾ അഹിജ കോട്ടൺഹിൽ സ്‌കൂളിൽ പ്‌ളസ് ടുവിന് പഠിക്കുന്നു. മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് വിദ്യാർത്ഥികൂടിയാണ് സുജ. രണ്ടുമാസത്തോടെ കോഴ്‌സ് പൂർത്തിയാകും. തുടർന്ന് എവിടെയെങ്കിലും അദ്ധ്യാപികയായി ജോലിക്ക് കയറണമെന്നാണ് സുജയുടെ മോഹം.
സന്തോഷം ഉണ്ടെന്ന് സുജ പറയുന്നു. ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പതിനൊന്ന് വർഷം കെ എസ് ആർ ടി സി കണ്ടക്ടറായിരുന്നു. അതിന് ശേഷം പുറംന്തള്ളി. പെട്ടെന്ന് ഇതു കിട്ടിയപ്പോൾ വലിയ സന്തോഷമുണ്ട്-സുജ പറയുന്നു. സുജയുടെ മകളും സന്തോഷത്തിലാണ്. കുട്ടികളും ലേഡി ഡ്രൈവറെ കിട്ടിയതിന്റെ ആവേശത്തിലാണ്. ലോഡെടുക്കാൻ നാലു വർഷമായി ലോറിയിൽ പോകുന്ന പരിചയമാണ് സുജയുടെ കരുത്ത്.
മറുനാടന് മലയാളി ബ്യൂറോ