- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്ഠൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധം; എല്ലാ താലൂക്കിലും ചാനൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് പരിവാർ സംഘടന; തിങ്കളാഴ്ച കടവന്ത്രയിലേക്ക് ബിഎംഎസിന്റെ പടുകൂറ്റൻ മാർച്ച്; സുജയ പാർവ്വതിയുടെ സസ്പെൻഷനിൽ പ്രതിഷേധവുമായി ആർഎസ്എസ്; ആ നടപടിയെ മോദിയെ പുകഴ്ത്തിയതിന്റെ പ്രതികാരമോ?
തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ വനിതാദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച സമ്മേളനത്തിൽ മോദിയുടെ ഭരണത്തെയും ബിഎംഎസിനെയും പുകഴ്‌ത്തി സംസാരിച്ചതിന് പിന്നാലെ 24ലെ ജേണലിസ്റ്റ് സുജയ പാർവ്വതിക്ക് സസ്പെൻഷൻ കിട്ടിയത് വിവാദത്തിൽ. 24 ന്യൂസിനെതിരെ ബിഎംഎസ് പ്രതിഷേധം ശക്തമാക്കും. 13ന് കടവന്ത്രയിലെ ചാനൽ ഓഫീസിലേക്ക് ബിഎംഎസ് മാർച്ച് നടത്തും. കേരളത്തിലെ എല്ലാ 24ന്യൂസിന്റെ ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിക്കും. ഈ പ്രതിഷേധം അക്രമത്തിലേക്ക് കടക്കാതിരിക്കാനും ശ്രദ്ധിക്കും. ഓഫീസ് പ്രവർത്തനത്തെ തടസ്സപ്പെടുത്താതെയാകും പ്രതിഷേധം. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിനുള്ളിലേക്ക് കയറി പ്രതിഷേധിച്ച എസ് എഫ് ഐ സമര മാതൃക വിവാദമായ സാഹചര്യത്തിലാണ് ഇത്.
സുജയ പാർവ്വതിക്ക് സസ്പെൻഷൻ ഉത്തരവ് ഇമെയിലിലാണ് കിട്ടിയത്. 24 ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായ സുജയ പാർവ്വതി സംഘപരിവാർ അനുകൂല പ്രസംഗം നടത്തിയത് ചാനലിനുള്ളിൽ വലിയ വിവാദമായി എന്നാണ് സൂചന. എന്നാൽ മറ്റൊരു വിഷയം പറഞ്ഞാണ് സസ്പെൻഷൻ. ബിഎംഎസിനെ വേദിയിൽ പങ്കെടുത്തു എന്ന് മാത്രമല്ല, സംഘപരിവാറിനെയും മോദിയെയും പുകഴ്‌ത്തുകയും ചെയ്തതാണ് സുജയ പാർവതിയുടെ മേൽ ചാർത്തിയിരിക്കുന്ന കുറ്റമെന്ന തരത്തിൽ പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുജയ്യയ്ക്ക് അനുകൂല പോസ്റ്റുകളാണ് അവർ ഇടുന്നത്. ദേശീയതയെ അനുകൂലിച്ച് സംസാരിച്ചതാണ് സുജയ്യയ്ക്ക് തിരിച്ചടിയായതെന്നാണ് അവരുടെ പ്രചരണം.
അതിനിടെ ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സുജയ പാർവതിയെ ചാനലിൽനിന്ന് സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത ദേശാഭിമാനിയും നൽകിയിട്ടുണ്ട്. വ്യാജ പീഡന പരാതി നൽകിയതിനാണ് നടപടിയെന്നാണ് സൂചന. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നുവെന്നാണ് ദേശാഭിമാനി പറയുന്നത്. സുജയ ചാനലിൽ നിന്നും രാജിവച്ചുവെന്നും സൂചനയുണ്ട്. ബിഎംസ് പ്രവർത്തകർ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായരുടെ കോലവും കത്തിച്ചു.
കഴിഞ്ഞ ദിവസം സുജയ ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത് താൻ സംഘിയെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും ഇവർ തട്ടിവിട്ടു. ഏത് കോർപറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുജയ്യയെ പുറത്താക്കിയതെന്നാണ് പരിവാർ സംഘടനയായ ബിഎംഎസ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചാനലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സുജയ പാർവ്വതിയുടെ വിവാദപ്രസംഗം
മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.'ഇക്കഴിഞ്ഞ ഒമ്പത് വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി.'- നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാർവ്വതി പറഞ്ഞു.
സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.
ഇടത് സർക്കാരിനെതിരെ ചെറിയ തോതിൽ വിമർശനവും പ്രസംഗത്തൽ ഉയർത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.
മറുനാടന് മലയാളി ബ്യൂറോ