കൊച്ചി: ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട് സുജയ പാർവ്വതി വീണ്ടും തിരികെ ചാനലിൽ പ്രവേശിച്ചത് ഇന്നലെയാണ്. ബിഎംഎസ് അടക്കമുള്ളവർ പരസ്യമായി സുജയക്ക് വേണ്ടി രംഗത്തിറങ്ങിയതോടെയാണ് ശ്രീകണ്ഠൻ നായർക്കും തീരുമാനം തിരുത്തേണ്ടി വന്നത്. സുജയയുടെ മടങ്ങിവരവ് അതുകൊണ്ട് തന്നെ സംഘപരിവാറുകാർ സൈബറിടത്തൽ ആഘോഷിച്ചു. ബിഎംഎസ് അവകാശപ്പെടുന്നതും അവരുടെ വിജയമാണ് സുജയ തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇടയാക്കിയതെന്നാണ്.

അതേസമയം സംഘപരിവാറുകാർ ഒരു വശത്ത് ആഘോഷമാക്കുമ്പോൾ തന്നെ അപലപിച്ചു കൊണ്ടജ് സിപിഎം സൈബർ സഖാക്കളും രംഗത്തുണ്ട്. സുജയക്ക് മുമ്പിലല്ല, സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിലാണ് ശ്രീകണ്ഠൻ നായർ പരാജയപ്പെട്ടതെന്നാണ് സിപിഎം സൈബർ ഗ്രൂപ്പുകളുടെ പ്രചരണം. സുജയ അവരുടെ രാഷ്ട്രീയം പൊതുവായി പറഞ്ഞല്ലോ എന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോകുലം ഗോപാലന്റെ കൂടി ഇടപെടലോടെയാണ് സുജയ പാർവ്വതിയുടെ മടങ്ങിവരവ്. അതുകൊണ്ട് തന്നെ ചാനലിന് അവരെ തിരികെ പ്രവേശിപ്പിക്കാതെ മാർഗ്ഗങ്ങളും ഉണ്ടായിരുന്നില്ല. ഇന്നലെ ചാനൽ ഓഫീസിന് മുന്നിൽ ബൊക്ക നൽകിയാണ് സുജയയെ ബിഎംഎസ് നേതാക്കൾ സ്വീകരിച്ചത്. തുടർന്ന് ലഡുവിതരണവും നടന്നു. തന്റെ മടങ്ങിവരവ് അറിയിക്കാൻ സുജയയും ലഡ്ഡു വിതരണം ചെയ്യുകയുണ്ടായി. ഇതിന് ശേഷമാണ് 2.30തോടെ വാർത്താ വായിച്ചതും.

തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടായിരുന്നു സുജയ പാർവ്വതി 24 ന്യൂസിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഉച്ചയ്ക്ക് 2.30 ന്റെ ബുള്ളറ്റിൻ നായിച്ചുകൊണ്ടാണ് വീണ്ടും ചാനലിന്റെ അവതാരകയായത്. സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാടിൽ അണുവിട മാറ്റം വരുത്തില്ല എന്നാണ് സസ്പെൻഷൻ ഷോക്കോസ് നോട്ടീസിലും സുജയ വ്യക്തമാക്കിയത്. കാവി നിറമുള്ള വസ്ത്രം ധരിച്ചാണ് സുജയ 2.30 യുടെ ബുള്ളറ്റിൻ വായിച്ചതെന്ന കാര്യവും ശ്രദ്ധേയം. സംഘപരിവാർ ഗ്രൂപ്പുകളിൽ, 'റീ എൻട്രി ഗംഭീരമാക്കിയത് കാവി കളറുള്ള വസ്ത്രം ധരിച്ച്' എന്നത് ആഘോഷമാക്കി.

ഗോകുലം ഗോപാലന്റെ ഇടപെടൽ അടക്കം സുജയ പാർവ്വതിയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായി. ബിഎംഎസും സംഘപരിവാറും നടത്തിയ ഇടപെടലുകളാണ് സുജയ്യയ്ക്ക് തുണയാകുന്നത്. ബിഎംഎസിന്റെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സുജയ്യയെ ട്വന്റി ഫോറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇതിന് പിന്നിൽ ചില ആഭ്യന്തര പരാതികൾ ഉയർത്തുകയും ചെയ്തു. കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്താക്കപ്പെട്ട ഒരാളെ തൊഴിലാളി സംഘടനയുടെ സമ്മർദ്ദത്തെതുടർന്ന് തിരിച്ചെടുക്കുന്നതെന്ന് സംഘപരിവാർ മാധ്യമങ്ങളും എഴുതിയത്.

'ട്വന്റി ഫോർ ചാനൽ തുടങ്ങിയപ്പോൾ അത് സിപിഎമ്മിന് ഓശാന പാടുന്ന ചാനലാണെന്ന് നിങ്ങളിൽ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാകും. ഇന്നതാണോ സ്ഥിതി. ഇന്ന് നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം 24 കാണിക്കുന്നില്ലേ. ഒരു സ്ത്രീക്ക് മാറ്റം കൊണ്ടുവരാൻ കഴിയും . നിലപാടെടുക്കാൻ കരുത്തുണ്ടാകണം. ആ നിലപാടിലേക്ക് മറ്റുള്ളവരെ എത്തിക്കാൻ നമുക്ക് കഴിയണം. മാറ്റം കൊണ്ടുവരേണ്ടത് തൊഴിലിടത്തായാലും സമൂഹത്തിലായാലും നമ്മൾ തന്നെയാണ്. പക്ഷേ നമുക്കതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും'- വനിതാ ദിന പ്രസംഗത്തിലെ ഈ ഭാഗമാണ് വിവാദമായത്.

മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.'ഇക്കഴിഞ്ഞ ഒമ്പത് വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി.'- നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാർവ്വതി പറഞ്ഞു. സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.

ഇടത് സർക്കാരിനെതിരെ ചെറിയ തോതിൽ വിമർശനവും പ്രസംഗത്തൽ ഉയർത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.

റിപ്പോർട്ടർ ടിവി അടക്കം പുനരുജ്ജീവനത്തിന്റെ പാതയിലാണ്. കേരളത്തിലെ ചാനലുകളിൽ കൂടുമാറ്റക്കാലം. ഇത് മനസ്സിലാക്കി കൂടിയാണ് സുജയ്യയെ തിരിച്ചെടുത്തത്. ന്യൂസ് എഡിറ്ററായി തന്നെയാണ് സുജയ്യയെ തിരിച്ചെടുത്തത്. ആർ എസ് എസിന്റെ വിജയമാണ് സുജയ്യയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായതെന്നാണ് വിലയിരുത്തൽ. സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎംഎസ് മാർച്ചും നടത്തി. സുജയയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് സംഘപരിവാർ അണികളും ബിജെപി അനുഭാവികളും നൽകിയത്.