കൊച്ചി: സുജയ്യ പാർവതി വീണ്ടും ബിജെപി വേദിയിലെത്തി. 24 ന്യൂസിൽ സസ്‌പെൻഷനിൽ ഇരിക്കെയാണ് സുജയ്യ വേദിയിൽ എത്തിയത്.

'ഈ വേദിയിലേക്ക് ക്ഷണിച്ചതിന് ഒരുപാട് നന്ദി. ഇതിന് മുമ്പ് ഒരു വേദിയിലെ ക്ഷണം സ്വീകരിച്ച് പ്രസംഗിച്ചതിന് ശേഷമുള്ള സസ്‌പെൻഷൻ പെൻഡിങ് എൻക്വയറിയിലാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ഈ വേദിയിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അന്നുപറഞ്ഞതിലൊന്നും മാറ്റമില്ല എന്നു മാത്രം പറയാൻ ആഗ്രഹിക്കുന്നു'- ഇതായിരുന്നു സുജയ്യയുടെ വാക്കുകൾ. വരുന്ന ഏപ്രിലിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുമ്പോൾ യുവം 2023 എന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സംഘാടനത്തിനും മുന്നൊരുക്കത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യാതിഥിയായി എത്തിയത്.

യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യാതിഥിയിയായിരുന്നു. വൈബ്രന്റ് യൂത്ത് ഫോർ മോദിഫൈയിങ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോദിഫൈയിങ് കേരള.

സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കെ സുരേന്ദ്രന് പുറമേ മറ്റൊരു വിശിഷ്ടാതിഥിയായി സുജയ പാർവതിയും പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാദിനത്തിൽ, ബിഎംഎസിന്റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് 24 ന്യൂസിലെ ന്യൂസ് എഡിറ്റർ സുജയ്യ പാർവതിയെ സസ്പെൻഡ് ചെയ്തത്. നരേന്ദ്ര മോദിയെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും വാഴ്‌ത്തി സുജയ്യ പരിപാടിയിൽ സംസാരിച്ചതാണ് മാനേജ്മന്റിനെ ചൊടിപ്പിച്ചത്. ബിഎംഎസ് എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലായിരുന്നു പരിപാടി.രാഷ്ട്രീയ ചായ് വുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിനാണ് സുജയ്യയ്ക്കെതിരെ നടപടി.

സംഘിയാണെന്ന് വിളിച്ചാൽ അഭിമാനമാണെന്ന് സുജയ പാർവതി ബിഎംഎസിന്റെ വനിതാ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലം ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ടു വന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്ത് ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്ന നിലപാട് താൻ എടുത്തുവെന്നും തന്റെ വിശ്വാസവും നിലപാടും അടിയറവ് വെയ്ക്കാൻ തയ്യാറല്ലെന്നും സുജയ പാർവതി വ്യക്തമാക്കി. സംഭവം വാർത്തയായതോടെയാണ് സുജയ്യയ്ക്കെതിരെ മാനേജ്മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചത്. സുജയ്ക്കെതിരെ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണ് സുജയ്യ 24ൽ എത്തിയത്. സുജയ്യയെ നേരത്തെ നിയമസഭയിലേക്കും സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്കുകൾ ചർച്ചയാകുന്നത്.

'പൊതുവെ ബിഎംസിന്റെ പരിപാടിയിലേയ്ക്ക് മാധ്യമ പ്രവർത്തകർ വരുമ്പോൾ കേൾക്കാറുള്ള ചോദ്യമാണ് സംഘിയാണോ എന്നത്. ബിഎംഎസിന്റെ വേദിയിൽ പങ്കെടുക്കുന്നതു കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അക്കിക്കോട്ടെ. ബിഎംഎസ് എന്നു പറയുന്നത് സിഐടിയു പോലെയും എഐഎൻടിയുസി പോലെയും ആദരിക്കപ്പെടേണ്ട, അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്. ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി. അതിന് മുമ്പ് എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണം. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു സമ്മേളനത്തിൽ വന്നിരുന്ന് ഇങ്ങനെയൊക്കെ കേട്ട് കയ്യടിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടായിരുന്നുവോ. നിങ്ങളെ ഒന്നിച്ച് ഇരുത്താൻ കഴിയുമായിരുന്നോ. ഇന്ത്യയുടെ ചരിത്രത്തിൽ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ ഒമ്പത് വർഷങ്ങളാണ് കടന്നുപോയത്'.

'കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. നമ്മുടെ സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഒരു സർവ്വെ. ഞാൻ പറയുന്നത് യുപിയെ കുറിച്ചോ ഗുജറാത്തിനെ കുറിച്ചോ അല്ല. കേരളത്തെ കുറിച്ച് എത്രപേർക്ക് നിങ്ങളുടെ മുന്നിൽ വന്ന് ഇതുപോലെ പറയാൻ സാധിക്കും. ഓരോ സംഭവം വരുമ്പോഴും തീപാറുന്ന ചർച്ചകൾ നടക്കും. പാർട്ടികളിൽ ഉണ്ടാകുന്ന പരാതികൾ അത് പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലമാണ്. എവിടെയാണ് കേരളത്തിൽ സ്ത്രീസുരക്ഷ. ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്ന നിലപാട് ഞാൻ എടുത്തു. അതിന്റെ പേരിൽ തൊഴിലിടങ്ങളിൽ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതെന്റെ നിലപാടാണ്, എന്റെ വിശ്വാസമാണ്. എന്റെ വിശ്വാസവും നിലപാടുകളും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു നേട്ടവും എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു' എന്നും സുജയ പറഞ്ഞു.