തിരുവനന്തപുരം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് തുറമുഖം തിയേറ്ററിലേക്കെത്തിയത്.മൂന്നു മണിക്കൂർ ദൈർഘ്യത്തിൽ പതിയെ കഥപറഞ്ഞ് പോകുന്ന ചിത്രത്തിന് മികച്ച അഭിപ്രയാമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷൻ ചടങ്ങിൽ നായകൻ നിവിൻ പോളി ചിത്രത്തിന്റെ റിലീസ് വൈകിയതിനെക്കുറിച്ചും നിർമ്മാതാവിന്റെ വീഴ്‌ച്ചകളെക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു.

നിവിന്റെ വാക്കുകൾ സിനിമാലോകത്ത് തന്നെ വൻ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ നിവിന്റെ വിമർശനത്തിനും തുറന്ന് പറച്ചിലിനും മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട്.സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ചിത്രം തിയേറ്ററിലെത്തിയതോടെ അവസാനിക്കുന്നതെന്നാണ് സുകുമാർ തെക്കേപ്പാട്ട് പറയുന്നത്.സിനിമയുടെ സംഘത്തിലെ തന്നെ ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങളാണ് ചിത്രം വൈകാൻ കാരണമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഞാൻ ആർജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുകുമാർ തെക്കേപ്പാട്ടിന്റെ വാക്കുകൾ ഇങ്ങനെ..

തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയറ്ററിൽത്തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് 'തുറമുഖം' എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവം തടസ്സം നിന്നെന്നും തന്നെ പറയേണ്ടിവരും. ഞാൻ ആർജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ല.

ഓരോ ഘട്ടത്തിലും ട്രെയിലറിന്റെയും ഫേസ്‌ബുക് പോസ്റ്റുകളുടെയും താഴെ, തനിക്കു സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്പ്ലെൻഡർ ബൈക്കുമായി സിനിമയുടെ എക്‌സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആകാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽത്തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.

തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി

സുകുമാർ തെക്കേപ്പാട്ട്