- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
63 ലക്ഷം വൈകാതെ സുകുമാരിയമ്മയ്ക്ക് കിട്ടും; ആ ലോട്ടറി യഥാർത്ഥ അവകാശിക്ക് കിട്ടുമ്പോൾ
തിരുവനന്തപുരം; നീതിപീഠം കണ്ണഠച്ചില്ല. അങ്ങനെ സുകുമാരിയമ്മ ലക്ഷപ്രഭുവാകുന്നു. കേരളാ പൊലീസിന്റെ അന്വേഷണവും തുണച്ചു. വീട്ടമ്മയെ കബളിപ്പിച്ച്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്ക് ഇതോടെ ഈ ലോട്ടറി സമ്മാനം കിട്ടും.
ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. മെയ് 14 നാണ് പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ഫിഫ്ടി ഫിഫ്ടി ടിക്കറ്റ് സുകുമാരിയമ്മ എടുത്തത്. വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകൾ സുകുമാരിയമ്മ വാങ്ങി. 15ന് നടത്തിയ നറുക്കെടുപ്പിൽ ഇതിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. ഈ ടിക്കറ്റാണ് ലോട്ടറി വിൽപ്പനക്കാരൻ തന്നെ തട്ടിയെടുത്തത്. അതും വലിയ ചതിയൊരുക്കി.
ടിക്കറ്റ് തട്ടിയെടുത്തുവെന്നു കാട്ടി സുകുമാരിയമ്മ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നായിരുന്നു മ്യൂസിയം പൊലീസ് റിപ്പോർട്ട്. ഇതും തുണച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കൽനിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ബോധപൂർവം ടിക്കറ്റ് തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സുകുമാരിയമ്മ ടിക്കറ്റ് എടുത്തതിനും ഇതു കണ്ണൻ തട്ടിയെടുത്തതിനും സാക്ഷികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നിട്ടും ലോട്ടറി വകുപ്പ് നടപടികൾ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സുകുമാരിയമ്മ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. അത് നിർണ്ണായകമായി.
തൊപ്പിക്കച്ചവടം നടത്തുന്ന സുകുമാരിയമ്മയും ലോട്ടറിക്കച്ചവടം നടത്തുന്ന കണ്ണനും പരിചയക്കാരാണ്. സുകുമാരിയമ്മ എടുത്ത ഒരേ സീരീസ് നമ്പറിലുള്ള 12 ടിക്കറ്റിൽ ഒരെണ്ണത്തിനാണ് ഒരു കോടി രൂപ സമ്മാനം അടിച്ചത്. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയും ടിക്കറ്റ് വാങ്ങുമ്പോൾ അടുത്തുണ്ടായിരുന്നു. ഇതേ ടിക്കറ്റുകൾ സാവിത്രിയും ആവശ്യപ്പെട്ടെങ്കിലും സുകുമാരിയമ്മ പതിവായി എടുക്കുന്നതിനാൽ 'അമ്മയ്‌ക്കേ കൊടുക്കൂ ' എന്നു പറഞ്ഞാണ് കണ്ണൻ ടിക്കറ്റ് നൽകിയത്. സാവിത്രിയുടെ മൊഴിയും ഈ കേസിൽ നിർണ്ണായകമായി.
നറക്കെടുപ്പ് ദിവസം 5 മണിയോടെ സുകുമാരിയമ്മയെ തേടി എത്തിയ കണ്ണൻ ഇവർ എടുത്ത ടിക്കറ്റിനു 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ചായ കുടിച്ചിട്ട് വരുമ്പോൾ പണം തരാമെന്നു പറഞ്ഞ് കണ്ണൻ ചായക്കടയിലേക്ക് പോയി. ഈ സമയം സമീപത്തെ കടയിലുള്ളവർ ടിക്കറ്റിലെ അവസാന 4 അക്ക നമ്പറും ഭാഗ്യക്കുറി റിസൽറ്റ് ഷീറ്റും ഒത്തുനോക്കിയെങ്കിലും 500 രൂപയുടെ സമ്മാനത്തിന്റെ കൂട്ടത്തിൽ സുകുമാരിയമ്മയുടെ ടിക്കറ്റ് നമ്പർ കണ്ടില്ല. ഒന്നാം സമ്മാനവുമായി അവർ ഒത്തുനോക്കിയതുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണനെത്തി.
കണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ 500 അല്ല 100 രൂപ വീതം 1200 ആണ് അടിച്ചതെന്ന് കണ്ണൻ മലക്കം മറിഞ്ഞു. റിസൽറ്റ് ഷീറ്റ് പിടിച്ചു വാങ്ങിയ കണ്ണൻ, സമ്മാനം ലഭിച്ച ടിക്കറ്റ് സുകുമാരിയമ്മയുടെ പെട്ടിയിൽ നിന്നും എടുത്ത ശേഷം 500 രൂപയും 700 രൂപയ്ക്കു ഭാഗ്യക്കുറിയും പകരം നൽകി കടന്നു കളഞ്ഞു. അറസ്റ്റിലാകും മുൻപ് കണ്ണൻ ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടതിനാൽ പണം കൈമാറ്റം നടന്നില്ല. കോടതിയിടപെടലിൽ ആ പണം സുകുമാരിയമ്മയ്ക്ക് തന്നെ ഇനി കിട്ടും.
ടിക്കറ്റ് വിൽപന നടത്തിയ കണ്ണൻ സുകുമാരിയമ്മയെ അന്വേഷിച്ച് കണ്ടെത്തി 12 ടിക്കറ്റിന് 100 രൂപ വീതം സമ്മാനം അടിച്ചെന്ന് അറിയിക്കുകയും 500 രൂപ നൽകിയ ശേഷം ബാക്കി 700 രൂപയ്ക്കു അടുത്ത ദിവസത്തെ ലോട്ടറി ടിക്കറ്റുകൾ നൽകുകയും ചെയ്തു. പിറ്റേന്ന് തനിക്ക് ലോട്ടറി അടിച്ചെന്നു പറഞ്ഞ് ഇയാൾ സുഹൃത്തുക്കൾക്കു ലഡു വിതരണം ചെയ്തു. വിവരം അറിഞ്ഞ സുകുമാരിയമ്മ, കണ്ണൻ തിരിച്ചു വാങ്ങിയ എഫ്ജി 348822 ടിക്കറ്റിനാണ് സമ്മാനമെന്ന് ഫലം പരിശോധിച്ചു കണ്ടെത്തി. ഇതാണ് ലോട്ടറി മോഷണത്തിൽ നിർണ്ണായകമായത്.