- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്ന തസ്ലിമ വീടു വിട്ടത് സുല്‍ത്താനുമായി അടുക്കുന്നതോടെ; മൊബൈല്‍ കച്ചവടത്തിന്റെ മറവില്‍ തായ്ലാണ്ടിലും മറ്റും കൊടും ക്രിമിനല്‍ പോയത് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കാന്‍; രണ്ടാം ഭര്‍ത്താവിനെ കുടുക്കിയത് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി എത്തിച്ച മുതലിന്റെ ഫോട്ടോ; 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റിനെ' തകര്‍ത്ത് എണ്ണൂര്‍ ഓപ്പറേഷന്‍; ഇതാവണം എക്സൈസ്
ആലപ്പുഴ: ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവു പിടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരനെ എക്‌സൈസ് പൊക്കിയത് സാഹസികമായി. മൂന്നു കിലോ കഞ്ചാവുമായി റിസോര്‍ട്ടില്‍നിന്നു പിടിയിലായ തസ്‌ലിമാ സുല്‍ത്താന(ക്രിസ്റ്റീന-41)യുടെ ഭര്‍ത്താവ്, ചെന്നൈ എണ്ണൂര്‍ സത്യവാണിമുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയായ എണ്ണൂരില്‍ ഒളിവില്‍ക്കഴിഞ്ഞ വാടകവീട്ടില്‍ നിന്നാണ് ആലപ്പുഴയിലെ എക്‌സൈസ് സംഘം ഇയാളെ പിടിച്ചത്. തായ്‌ലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിലായിരുന്നു ഇയാള്‍. ഇയാളുടെയും മക്കളുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. എം. മഹേഷ്, മറ്റുദ്യോഗസ്ഥരായ ഓംകാര്‍ നാഥ്, എം. റെനി, രവികുമാര്‍, സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴയില്‍ തസ്‌ലിമ അറസ്റ്റിലാകുമ്പോള്‍ സുല്‍ത്താനും രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. കഞ്ചാവു കടത്തില്‍ ഇയാള്‍ക്കു പങ്കില്ലെന്ന് ഇയാള്‍ അഭിനയത്തിലൂടെ ബോധിപ്പിച്ചു. ഇതോടെ വിട്ടയച്ചു. എന്നാല്‍ കസ്റ്റഡിയിലുള്ള തസ്ലീമ സത്യം പറഞ്ഞു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താനാണ് കഞ്ചാവു കടത്തിലെ ആസൂത്രകനെന്ന തെളിവു ലഭിച്ചു. ഇയാള്‍ വിദേശത്തു നിന്നെത്തിക്കുന്ന കഞ്ചാവാണ് തസ്‌ലിമ വിറ്റിരുന്നത്. ചെന്നൈ കേന്ദ്രീകരിച്ചാണ് സുല്‍ത്താന്റെ പ്രവര്‍ത്തനം. മൊബൈല്‍ഫോണും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില്‍ക്കുന്ന കടയും നടത്തുന്നു. മറ്റു കടകള്‍ക്ക് ഇവ വിതരണം ചെയ്യുന്നുമുണ്ട്. ഇവ വാങ്ങാന്‍ ഇയാള്‍ സിങ്കപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പോകുന്നതു പതിവായിരുന്നു. അവിടെനിന്നു മടങ്ങുമ്പോഴാണ് ഉപകരണങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കൊണ്ടു വന്നത്. എല്ലാം എക്‌സൈസ് മനസ്സിലാക്കിയെന്ന് അറിഞ്ഞ സുല്‍ത്താന്‍, മക്കളെ ബന്ധുവീട്ടിലാക്കി തായ്‌ലാന്‍ഡിലേക്കു രക്ഷപ്പെടാന്‍ പദ്ധതി തയ്യാറാക്കി. പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. സുല്‍ത്താനെ ചെന്നൈ മെട്രപൊളിറ്റന്‍ മജിസ്‌ട്രേറ്റിറ്റിനു മുന്നില്‍ ഹാജരാക്കി. ട്രാന്‍സിറ്റ് വാറന്റ് വാങ്ങി വ്യാഴാഴ്ച ആലപ്പുഴയിലെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിനി തസ്‌ലിമ സുല്‍ത്താനയുടെ രണ്ടാം ഭര്‍ത്താവാണ് സുല്‍ത്താന്‍.
മാര്‍ച്ച് ആദ്യമാണ് സുല്‍ത്താല്‍ മലേഷ്യയില്‍നിന്നും ചെന്നൈയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തസ്‌ലിമയും സഹായിയും പിടിയിലാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം സുല്‍ത്താനെ വിട്ടയച്ചെങ്കിലും എക്സൈസ് നിരീക്ഷണം തസ്ലിമയുടെ രണ്ടാം ഭര്‍ത്താവും കേസിലെ പ്രധാന പ്രതിയെന്ന് എക്സൈസ് പറയുന്ന സുല്‍ത്താന്‍ കുടുങ്ങുന്നത്. ഹൈബ്രിഡ് കഞ്ചാവ് ചെന്നൈയില്‍ എത്തിച്ച ശേഷം തസ്ലിമയ്ക്ക് ഇയാള്‍ ഇതിന്റെ ചിത്രം അയച്ചു നല്‍കിയിരുന്നു. കേസുമായി ബന്ധമില്ലെന്ന് കരുതി ആദ്യഘട്ടത്തില്‍ വിട്ടയച്ച സുല്‍ത്താന്റെ പേര് വീണ്ടും എക്സൈസിന്റെ ശ്രദ്ധയില്‍ എത്തുന്നതിങ്ങനെയാണ്. ആലപ്പുഴയില്‍ തസ്ലിമ പിടിയിലാകുമ്പോള്‍ കുടുംബം കൂടെയുണ്ടായിരുന്നെങ്കിലും കേസുമായി ബന്ധമില്ലെന്നായിരുന്നു സുല്‍ത്താന്റെ മൊഴി. റിസോര്‍ട്ടിന് അകത്തുവരുമ്പോള്‍ തസ്ലിയയും ഫിറോസും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഈ സമയം ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു എന്നാണ് എക്സൈസ് ഇപ്പോള്‍ സംശയിക്കുന്നത്. ഇയാളുടെ ഫോണ്‍ വിശദാംശങ്ങളും വാട്ടാസാപ്പ് വിവരങ്ങളും ശേഖരിക്കും. വിദേശയാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. വാട്ട്സാപ്പിലുടെയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ഫോണ്‍ പരിശോധിച്ചതില്‍ ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോ എന്ന് ചോദിച്ച് നിരവധി പേര്‍ക്ക് ഫോട്ടോ അയച്ച് നല്‍കിയതും അന്വേഷണ സംഘം കണ്ടെത്തി.
കേസില്‍ സുല്‍ത്താന്റെ പങ്ക് തിരിച്ചറിഞ്ഞ എക്സൈസ് സംഘം മൂന്ന് ദിവസം മുമ്പ് ചെന്നൈയിലെത്തി എണ്ണൂരിലുള്ള വാടക വീട് കേന്ദ്രീകരിച്ച് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. സ്ഥിരം കുറ്റവാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന തുറമുഖമേഖലയില്‍ അന്വേഷണം ദുസഹമായിരുന്നു. ആറ് മാസം മുമ്പാണ് സുല്‍ത്താനും തസ്ലിമയും ഇവിടെ താമസമാക്കുന്നത്. പകല്‍ സമയം പുറത്തിറങ്ങാതെ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്താന്‍ അന്വേഷക സംഘം വളരെ ബുദ്ധിമുട്ടി. പ്രാദേശിക ജനപ്രതിനിധിയുടെ സഹായത്തോടെയാണ് എക്സൈസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. തസ്ലിമയ്ക്ക് പിന്നാലെ എക്സൈസ് തന്നിലേക്കുമെത്തുമെന്ന് സുല്‍ത്താന്‍ ഉറപ്പിച്ചിരുന്നു. എണ്ണൂരിലുള്ള വാടക വീട്ടിലേക്ക് എക്സൈസ് സംഘം ഇരച്ചെത്തുമ്പോള്‍ സുല്‍ത്താന്‍ തായ്ലാന്‍ഡിലേക്ക് നാടുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. തെളിവുകളടക്കം നിരത്തി എക്സൈസ് ചോദ്യങ്ങള്‍ ആരംഭിച്ചതോടെ സുല്‍ത്താന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതി സാഹസികമായിരുന്നു ഈ ഓപ്പറേഷന്‍. മൂന്ന് ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ പിടികൂടാന്‍ എത്തുമ്പോള്‍ സുല്‍ത്താന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ പ്രതിരോധം ശാരീരികമായി തകര്‍ത്താണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം അവസാനം മലേഷ്യയില്‍നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കഞ്ചാവ് എത്തിച്ചതിന് പിന്നാലെയാണ് ചിത്രമെടുത്ത് തസ്ലിമയ്ക്ക് അയച്ചത്. കപ്പിള്‍ ക്രൈം സിന്‍ഡിക്കറ്റ് എന്നാണ് സുല്‍ത്താനേയും തസ്ലീമയേയും അറിയപ്പെട്ടിരുന്നത്. കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ രാജ്യത്തിന് പുറത്തുനിന്ന് സുല്‍ത്താന്‍ എത്തിക്കും. വില്‍പ്പനയുടെ ചുമതല ഭാര്യ തസ്ലിമക്ക്. ഉത്തര തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപമുള്ള എണ്ണൂര്‍ എന്ന തീരദേശ ഗ്രാമത്തില്‍ നിന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ലഹരി ഒഴുകിയിരുന്നത് സുല്‍ത്താന്റെയും തസ്ലിമയുടെയും 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' തെളിച്ച വഴികളിലൂടെയാണ്. പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്ന തസ്ലിമ സുല്‍ത്താനുമായി അടുക്കുന്നതോടെയാണ് വീടുവിടുന്നത്. ജീവിത പങ്കാളിയായി തെരഞ്ഞെടുത്ത സുല്‍ത്താന്‍ പിന്നീട് കുറ്റകൃത്യങ്ങളിലും പങ്കാളിയാകുകയായിരുന്നു. സുല്‍ത്താന്‍ എത്തിച്ചുനല്‍കുന്ന ലഹരി വില്‍ക്കാന്‍ തസ്ലിമ ലൈംഗീകവ്യാപാര ശൃംഖലയിലെയും സിനിമ മേഖലയിലെയും ബന്ധങ്ങള്‍ ഉപയോഗിച്ചു. ഇതായിരുന്നു പഴയ പീഡന കേസ്.
തസ്ലിമയും സഹായിയും പിടിയിലാകുമ്പോള്‍ സുല്‍ത്താനും ഇവരുടെ രണ്ട് കുട്ടികളും സമീപത്തുണ്ടായിരുന്നു. ചെന്നൈയില്‍നിന്ന് കാറില്‍ എറണാകുളത്ത് എത്തിയതും നാലു പേരും ഒരുമിച്ചായിരുന്നു. എറണാകുളത്ത് മൂന്ന് ഫോട്ടലുകളിലായി മാറിമാറി താമസിച്ചു. ഇതിനിടെ കൊച്ചിയില്‍ ആവശ്യക്കാര്‍ക്ക് തസ്ലിമ ഹൈബ്രിഡ് കഞ്ചാവ് കൈമാറി. പിന്നീടാണ് ആലപ്പുഴയില്‍ എക്സൈസ് ഒരുക്കിയ കെണിയിലേക്ക് വന്നുകയറുന്നത്. എന്നാല്‍ ഒരുമിച്ച് സഞ്ചരിച്ചിരുന്ന വണ്ടിയില്‍നിന്ന് റിസോര്‍ട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് സുല്‍ത്താന്‍ പുറത്തിറങ്ങി. തസ്ലിമയും സഹായിയും പിടിയിലായ ശേഷമാണ് എക്സൈസ് ഉദ്യാഗസ്ഥര്‍ കുടുംബം കൂടെയുള്ള വിവരം അറിയുന്നത്.