തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ-ഷര്‍ട്ട് നല്‍കുന്നത് വിവാദത്തില്‍. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മെഗാ സൂംബയ്ക്കാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് വിതരണം ചെയ്തത്. സംഭവത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നോ ഡ്രഗ്‌സ് എന്നെഴുതിയ ചുവന്ന ടീ-ഷര്‍ട്ടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തിറക്കിയത്. ഇതോടെയാണ് വിവാദം തുടങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെയും വിദ്യാര്‍ഥികളുടെ അക്കാദമികേതര കഴിവുകള്‍ പരിപോഷിക്കുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ പരിപാടിയാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകുന്നേരം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിത്. ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രം എന്തിനാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ലഹരിയുടെ പിടിയില്‍നിന്നും സുംബയുടെ ലഹരിയിലേക്ക് തിരിയാനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ലക്ഷ്യമിടുന്നത്. ലഹരിവ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ വിളിച്ച യോഗത്തിലാണ് സ്‌കൂളുകളില്‍ സുംബ പരിശീലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

അടുത്ത അധ്യയനവര്‍ഷം മുതലാണ് സ്‌കൂളുകളില്‍ സുംബ താളം മുഴങ്ങുക. യുപി സ്‌കൂളുകളില്‍ ആഴ്ചയില്‍ മൂന്ന് പീരിയഡും എട്ടാം ക്ലാസില്‍ രണ്ടും ഒന്‍പത്, 10 ക്ലാസുകളില്‍ ഓരോ പീരിയഡും കായിക പരിശീലനത്തിനായിരിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആഴ്ചയില്‍ രണ്ടു പീരിയഡും കായികപരിശീലനം നടത്തും. പ്രീപ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് കായികപരിശീലനത്തിനും വിവിധ ഇനം കളികള്‍ക്കും സമയമുണ്ടാകും. വ്യായാമങ്ങളുടെ വീഡിയോ തയ്യാറാക്കി സ്‌കൂളുകളില്‍ നല്‍കും. ലാറ്റിന്‍ വേരുകളുള്ള സുംബ ഫിറ്റ്‌നെസ് ഡാന്‍സുകളില്‍ ജനപ്രിയമാണ്. വളരെ വേഗത്തിലുള്ള ചുവടുകളാണ് പ്രത്യേകത. ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാകില്ല എന്നതും സുംബയെ വേറിട്ടുനിര്‍ത്തുന്നു. നൃത്തവും സംഗീതവും കൂടിച്ചേര്‍ന്നുള്ള വ്യായാമമായതുകൊണ്ട് കുട്ടികള്‍ക്കും സുംബ ചെയ്യാന്‍ മടിയുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിഗമനം. മുഖ്യമന്ത്രിയാണ് ഇത് സ്‌കൂളില്‍ നടപ്പാക്കണമെന്ന ആവശ്യം മുമ്പോട്ട് വച്ചത്. ഇത് ഏറ്റെടുത്താണ് വിദ്യാഭ്യാസമന്ത്രി അതിവേഗം പദ്ധതി തയ്യാറാക്കിയത്.

'സുംബ ഗാനങ്ങള്‍' ഇട്ട് താളത്തിനൊത്ത് ആര്‍ക്കും നൃത്തംചവിട്ടാം. എന്നാലും, സുംബ സര്‍ട്ടിഫൈഡ് ആയിട്ടുള്ള പരിശീലകരില്‍നിന്നും പഠിക്കുന്നതാവും കൂടുതല്‍ നല്ലത്. 'വാം അപ്പി'ല്‍ തുടങ്ങി 'കൂള്‍ഡൗണി'ല്‍ അവസാനിക്കുന്നതാണ് സുംബയുടെ രീതി. പ്രധാനമായും ലാറ്റിന്‍സംഗീതമാണ് ആദ്യകാലത്ത് സുംബയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇന്ന് വിവിധ നൃത്തരൂപങ്ങളുടെ സംഗീതവും ഉപയോഗിക്കുന്നുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും സുംബയ്ക്ക് കഴിയും. നൃത്തവും സംഗീതവും ഉള്‍പ്പെടുന്നതുകൊണ്ട് ശരീരത്തില്‍ സന്തോഷഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടി മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ ഊര്‍ജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ 30 നു തിരുവനന്തപുരത്തെ15 സ്‌കൂളുകളില്‍ നിന്നായി 1,500 ഓളം വിദ്യാര്‍ഥികള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സൂംബാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിലയിരുത്തിയിരുന്നു, സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംബാ ഡാന്‍സ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. സൂംബാ മാത്രമല്ല,യോഗ ഉള്‍പ്പെടെ കുട്ടികള്‍ക്കു താല്‍പര്യമുള്ള കായിക ഇനങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കായിക ഇനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന കര്‍ക്കശമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂംബാ ഡാന്‍സ് പരിശീലനം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.