- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വര്‍ഷം കൊണ്ട് ബാന്‍ഡ് 5ല്‍ നിന്നും ഏഴിലെത്തിയ മലയാളി നഴ്‌സ് യുകെയിലെത്തുന്ന ഓരോ നഴ്സിനും പാഠപുസ്തകമാകണം; എങ്ങനെ അവസരങ്ങള്‍ സ്വന്തമാക്കാമെന്നു പറയുന്നത് എപ്സംയിലെ സുമിത ജാനകി; മികച്ച നഴ്സിനെ തേടി ആര്‍സിഎന്‍ അവാര്‍ഡ് എത്തുമ്പോള്‍
ലണ്ടനിലെ മികച്ച മലയാളി നഴ്സിനെ തേടി ആര്‍സിഎന്‍ അവാര്‍ഡും
കവന്‍ട്രി: ജോലിയില്‍ കയറി മൂന്നു വര്‍ഷത്തിനകം ബാന്‍ഡ് 5ല്‍ നിന്നും ബാന്‍ഡ് ഏഴില്‍ എത്തിയ മാജിക് സൃഷ്ടിച്ച എപ്‌സം ഹോസ്പിറ്റല്‍ നഴ്‌സ് സുമിത ജാനകിയെ തേടി ഒടുവില്‍ ആര്‍സിഎന്‍ നല്‍കുന്ന റൈസിംഗ് സ്റ്റാര്‍ അവാര്‍ഡും. യുകെയില്‍ എത്തിക്കഴിഞ്ഞാല്‍ ജോലി ഭാരമെന്നും പീഡനമെന്നും വംശീയതയെന്നും ഒക്കെ പറഞ്ഞു കുറ്റങ്ങളുടെയും കുറവുകളുടെയും നീണ്ട നിര കണ്ടുപിടിക്കുന്ന പുതു തലമുറ നഴ്സുമാര്‍ കണ്ടുപഠിക്കേണ്ട പാഠങ്ങള്‍ പലതുമുണ്ട് സുമിതയില്‍. ആ നല്ല പാഠങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് ആര്‍സിഎന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നതും.
തനിക്ക് ലഭിച്ച അവസരം നല്ല നിലയില്‍ ഉപയോഗപ്പെടുത്തി എന്നതാണ് സുമിതയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. മാത്രമല്ല യുകെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ അവസരം ലഭിച്ചതും സുമിതയുടെ കഴിവുകള്‍ മൂര്‍ച്ച കൂട്ടി ഉപയോഗപ്പെടുത്താന്‍ കാരണമായി എന്നും പറയാം. യുകെയില്‍ എത്തുന്ന ഏതൊരു വിദേശ നഴ്സിനും ഇത്തരത്തില്‍ അവസരങ്ങളുടെ വാതില്‍ എന്നും തുറന്നു കിടക്കുമെ എന്നതാണ് എത്ര വലിയ പരാധീനതകള്‍ക്കിടയിലും നഴ്സിംഗ് പ്രൊഫഷനില്‍ ഏറ്റവും തിളങ്ങാന്‍ പറ്റിയ രാജ്യം മലയാളികള്‍ക്ക് യുകെ തന്നെയാണ് എന്ന് എന്നും അടിവരയിട്ട് പറയേണ്ടി വരുന്നതും.
അത്ര കഠിനമായിരുന്നില്ല ബാന്‍ഡിലേക്ക് ഉള്ള ഉയര്‍ച്ചകള്‍
ബാന്‍ഡ് അഞ്ചില്‍ വര്‍ഷങ്ങളോളം കിടന്നു നരകിക്കുന്ന നഴ്സുമാര്‍ ഉയര്‍ന്നു പോകാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്നില്ല എന്ന് വേണം സുമിതയുടെ ജീവിത പാഠങ്ങളില്‍ നിന്നും കണ്ടെത്താന്‍. കുട്ടികളും കുടുംബവും പങ്കാളിയുടെ ജോലിയും ഒക്കെയായി രാത്രി ഷിഫ്റ്റിലും ഫ്‌ലെക്‌സിബിള്‍ ഷിഫ്റ്റിലും ഒക്കെ ചുറ്റിവരിഞ്ഞു കിടക്കുന്നവര്‍ക്ക് ഒരുപക്ഷെ ഇത്തരം അവസരങ്ങള്‍ കിട്ടിയെന്നു വരില്ല. ജോലിയും കുടുംബവും എല്ലാം സൗഭാഗ്യങ്ങളും ഒന്നിച്ചു വേണം എന്ന വാശി ഉപേക്ഷിച്ചു ജോലിക്ക് കൂടുതല്‍ പരിഗണന നല്‍കുന്നവര്‍ക്ക് ഒരിക്കലും ബ്രിട്ടനില്‍ നിരാശ എന്നൊരു വാക്ക് പറയേണ്ടി വരില്ല.
എന്നാല്‍ ജോലിയും കുടുംബവും നന്നായി ബാലന്‍സ് ചെയ്യാന്‍ അറിയുന്നവര്‍ക്കും ഇത്തരത്തില്‍ നിരാശാബോധം ഉണ്ടാകാന്‍ ഇടയില്ലെന്നും സുമിതയെ പോലെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഓരോ മലയാളി നഴ്സും തെളിയിക്കുകയാണ്. ഇപ്പോള്‍ എന്‍എച്ച്എസിലെ ഏതു ട്രസ്റ്റില്‍ എത്തിയാലും ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന നൂറോളം നഴ്സുമാരെ ഓരോ ട്രസ്റ്റിലും കണ്ടെത്താനാകും. ബ്രിട്ടന്‍ നല്‍കിയ അവസരങ്ങള്‍ കയ്യെത്തിപ്പിടിച്ചവരാണിവര്‍.
വിദേശ നഴ്‌സെന്ന ആനുകൂല്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതും വിദേശ നഴ്സുമാര്‍ക്ക് വേണ്ടി തന്നെ
കോവിഡിന് ശേഷം പതിനായിരക്കണക്കിന് മലയാളി നഴ്സുമാര്‍ യുകെയില്‍ എത്തിയപ്പോള്‍ ഓരോ എന്‍എച്ച്എസ് ട്രസ്റ്റും അവര്‍ക്കു വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ ഏറെയാണ്. സൗജന്യ വിമാനടിക്കറ്റു നല്‍കിയും യുകെയില്‍ എത്തുമ്പോള്‍ താമസിക്കാന്‍ ഇടം കണ്ടെത്തിയും ആദ്യ ദിവസങ്ങളില്‍ ഭയപ്പെടാതെ സാധാരണ ജീവിതം സ്വന്തമാക്കാനും ഒക്കെ ഒട്ടേറെ സൗകര്യങ്ങളാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ചെയ്തത്. എന്നിട്ടും പരാതികള്‍ വ്യാപകമായപ്പോള്‍ എല്ലാ ട്രസ്റ്റിലും പ്രാക്ടീസ് എജുക്കേറ്റര്‍ പദവിയില്‍ കൂടുതല്‍ നഴ്സുമാരെ കണ്ടെത്തിയാണ് പുതുതായി എത്തിയ വിദേശ നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസില്‍ ഇഴുകി ചേരാന്‍ അവസരം നല്‍കിയത്.
ഇതോടൊപ്പം പിഎന്‍എ നഴ്‌സുമാരും സജീവമായി. ഇതോടെ പുതുതായി എത്തിയ നഴ്സുമാര്‍ക്ക് ഔദ്യോഗികവും വ്യക്തിപരവും ആയ കാര്യങ്ങളില്‍ പോലും സഹായിക്കാന്‍ ആളായി. പലപ്പോഴും വാര്‍ഡുകളിലെ തിരക്കും സമ്മര്‍ദ്ദവും താങ്ങാനാകാതെ വരുമ്പോള്‍ ഇത്തരം പ്രാക്ടീസ് എജുക്കേറ്റര്‍മാരും പിഎന്‍എ നഴ്‌സുമാരും ഒക്കെ സഹായവും ഉപദേശവും ആയി ഓടിയെത്തിക്കൊണ്ടിരുന്നു. ഓരോ ട്രസ്റ്റിലും വിവിധ മാനേജര്‍മാരുടെ തലവേദനയാണ് ഇങ്ങനെ മുതിര്‍ന്ന നഴ്സുമാര്‍ ഏറ്റെടുത്തത്.
സുമിതയെ പോലുള്ളവര്‍ ചെയ്ത ജോലി കൃത്യമായി ട്രസ്റ്റ് അധികാരികളെ ബോധ്യപ്പെടുത്തുകയും പുതുതായി എത്തുന്ന നഴ്സുമാര്‍ക്ക് കൂടുതല്‍ സഹായവും പിന്തുണയും ആവശ്യമാണ് എന്ന് വാദിക്കുകയും ചെയ്തത് ആര്‍സിഎന്‍ അടക്കമുള്ള വേദികളും എത്തി. ചെയ്യുന്ന ജോലി എത്ര ചെറുതായാലും വലുതായാലും അതിനു കൂടുതല്‍ വിസിബിലിറ്റി നല്‍കുക എന്ന ബ്രിട്ടീഷ് രീതി അനുകരിക്കാന്‍ തയ്യാറായാല്‍ സുമിതയെ പോലെ നേട്ടം എടുക്കാന്‍ ഓരോ മലയാളി നഴ്സിനു മുന്നിലും അവസരം ഉണ്ട് എന്നതാണ് ആര്‍സിഎന്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആര്‍സിഎന്‍ ലണ്ടന്‍ റീജിയന്റെ കീഴില്‍ ബ്ലാക് ഹിസ്റ്ററി മാസം 2024 എന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണ് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
എപ്‌സം ആന്‍ഡ് സെന്റ് ഹെലര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രാക്ടീസ് നഴ്‌സ് എജുക്കേറ്റര്‍ എന്ന നിലയില്‍ നടത്തിയ സേവനങ്ങളെ ആദരിച്ചാണ് ആര്‍സിഎന്‍ അവാര്‍ഡ് സുമിതയെ തേടി എത്തിയത്. തൊഴിലില്‍ കാട്ടിയ അഭിനിവേശവും പ്രതിബദ്ധതയും സുമിതയുടെ അവാര്‍ഡിന് തിളക്കം കൂട്ടുന്നു എന്നാണ് ആര്‍സിഎന്‍ വ്യക്തമാക്കിയത്. കോഴിക്കോട് സ്വദേശിയായ സുമിത 2018ലാണ് എന്‍എച്ച്എസ് ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് രഞ്ജിത്ത് മേനോന്‍ സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മക്കളായ അനന്യ, അര്‍ണവ് എന്നിവര്‍ വിദ്യാര്‍ത്ഥികളും. ലണ്ടനിലെ സുമിത ജാനകി, മലയാളി നഴ്‌സ്, ആര്‍സിഎന്‍ അവാര്‍ഡ്, റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ്
വൊലിംഗ്ടണിലാണ് സുമിതയും കുടുംബവും താമസിക്കുന്നത്.