- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി; കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമന്‍സ് അയച്ചത് ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ; കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടത് സ്വഭാവിക നടപടി
മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി
കാക്കനാട്: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വഭാവിക നടപടിയാണ്. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. മുന്‍ മാനേജര്‍ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് പരാതിയും എഫ്‌ഐആറും. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണി മുകുന്ദന്‍ രൂക്ഷമായ മര്‍ദനം നടത്തിയിട്ടില്ല എന്നാണ് കുറ്റപത്രം.
വിപിന്‍കുമാര്‍ മുന്‍മാനേജര്‍ ആണെന്ന വാദം ഉണ്ണി മുകുന്ദന്‍ പൂര്‍ണമായും തള്ളിയിരുന്നു. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.
ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. വിപിനെ താന്‍ തല്ലിയിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.