മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ സംസ്ഥാനത്തിന്റെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ സുനേത്ര സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന നേട്ടം ഇതോടെ സുനേത്രയ്ക്ക് സ്വന്തമാകും. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ്, കായികം എന്നീ വകുപ്പുകളായിരിക്കും സുനേത്ര പവാറിന് ലഭിക്കുക. അതേസമയം, ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. നിലവില്‍ രാജ്യസഭാ എംപിയായ സുനേത്ര, അജിത് പവാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനാണ് പാര്‍ട്ടി തീരുമാനം.

അജിത് പവാറിന്റെ മരണത്തോടെ പാര്‍ട്ടിയിലുണ്ടായ നേതൃത്വ പ്രതിസന്ധി പരിഹരിക്കാനാണ് സുനേത്രയെ ഈ പദവിയിലേക്ക് കൊണ്ടുവരുന്നത്. വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ ചര്‍ച്ചയിലാണ് ഭരണത്തിലും പാര്‍ട്ടിയിലും സുനേത്ര നിര്‍ണ്ണായക പങ്ക് വഹിക്കണമെന്ന തീരുമാനത്തിലെത്തിയത്. ഇതോടൊപ്പം എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കുന്നതിനുള്ള സാധ്യതകളും സജീവമായിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി രണ്ടാം വാരത്തോടെ ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങളും സഹകരിച്ച് മത്സരിക്കാനിരിക്കെ അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച ആഘാതം മറികടക്കുക എന്നതും സുനേത്രയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

നിലവില്‍ 41 എംഎല്‍എമാരുടെ പിന്തുണയുള്ള പാര്‍ട്ടിയെ പിളര്‍പ്പില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യവും സുനേത്ര പവാറിലേക്ക് പെട്ടെന്ന് എത്തുന്നതിന് കാരണമായിട്ടുണ്ട്. ശരദ് പവാര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ സൂചനകള്‍ നല്‍കുന്ന സാഹചര്യത്തില്‍, പവാര്‍ കുടുംബത്തിലെയും സംസ്ഥാനത്തെയും അധികാര സമവാക്യങ്ങളില്‍ സുനേത്രയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.

ബാരാമതി ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ അധ്യക്ഷയായും എന്‍വയോണ്‍മെന്റ് ഫോറം ഓഫ് ഇന്ത്യയുടെ സിഇഒയായും പ്രവര്‍ത്തിച്ച പരിചയവുമായാണ് സുനേത്ര പവാര്‍ സംസ്ഥാന ഭരണത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബിജെപി മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും പാര്‍ട്ടിയുടെ തനിമ നിലനിര്‍ത്തുക എന്ന ദൗത്യമായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ അവര്‍ക്ക് മുന്‍പിലുള്ളത്.