- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സറെ മെഷീനല്ല.. ദേഹത്ത് തട്ടിയത് എക്സറെയുടെ ഫ്രെയിം; അത് വീണ് ഒരിക്കലും നട്ടെല്ലിന് ക്ഷതം സംഭവിക്കില്ല; പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട്; എക്‌സറെ എടുത്ത് മടങ്ങുമ്പോൾ പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും അധികൃതർ മറുനാടനോട്
തിരുവനന്തപുരം: തൊണ്ടയിൽ മീൻ മുള്ള് തറച്ചതുമായി ബന്ധപ്പെട്ട പരിശോധനയിൽ എക്‌സറെ എടുക്കാനെത്തിയ പെൺകുട്ടിയുടെ ദേഹത്ത് എക്‌സറെ മെഷീൻ വീണ് പരിക്കേറ്റ സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.എക്‌സറെ മെഷിൻ പെൺകുട്ടിയുടെ ദേഹത്ത് വീണിട്ടില്ലെന്നും ശരീരത്തിൽ സ്ഥലം കൃത്യമായി കണക്കാക്കുന്ന എക്‌സറെ സ്ലൈഡിന്റെ ഫ്രെയിമാണ് പെൺകുട്ടിയുടെ ദേഹത്ത് തട്ടിയതെന്നും ആശുപത്രി സൂപ്രണ്ട് മറുനാടനോട് പ്രതികരിച്ചു.
എക്‌സറെ മെഷീൻ അല്ല വീണത്..മെഷീൻ മാത്രമല്ല ഒന്നും പെൺകുട്ടിയുടെ ദേഹത്ത് വീണിട്ടില്ല.ശരീരത്തിൽ എക്‌സറെ എടുക്കേണ്ട സ്ഥലം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു സ്ലൈഡ് ഉണ്ട്.അത് ലൂസായി താഴേക്ക് വരികയും പെൺകുട്ടിയുടെ ദേഹത്ത് തട്ടുകയുമായിരുന്നു.ഒരു കിലോയിൽ താഴെ മാത്രമാണ് ആ ഫ്രെയിമിന്റെ ഭാരം.അത് വീണാൽ പോലും നട്ടെല്ലിന് ക്ഷതം സംഭവിക്കില്ല.മാത്രമല്ല ഈ പരിക്കേറ്റെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്ന എല്ലിന് ഇത്തരത്തിൽ പരിക്കേൽക്കാൻ സാധ്യത ഇല്ലെന്നും ആ എല്ല് ശരീരത്തിനുള്ളിലേക്ക് നിൽക്കുന്നതാണെന്നും സൂപ്രണ്ട് പറയുന്നു.അതിനാൽ തന്നെ ഈ പരിക്ക് തങ്ങളുടെ ആശുപത്രിയിൽ വച്ചുണ്ടായതല്ല എന്നും സുപ്രണ്ട് വിശദീകരിക്കുന്നു.
പരിക്കേറ്റ പെൺകുട്ടിക്ക് വിട്ടിലേക്ക് പോകാൻ ഒരു ആംബുലൻസ് സൗകര്യം പോലും ഒരുക്കി നൽകിയില്ലെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.ഈ വിഷയത്തിലും ആശുപത്രി അധികൃതർ മറുപടി നൽകി.ഫ്രെയിം വന്ന് തട്ടിയപ്പോ പെൺകുട്ടിക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നും അപ്പോൾ തന്നെ അത് ശരിയാക്കി എക്‌സറെയുമെടുത്താണ് പെൺകുട്ടി മടങ്ങിയതെന്നും ടെക്‌നീഷ്യൻ പറയുന്നു. നടക്കുന്നതിനൊന്നും പെൺകുട്ടിക്ക് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു.
ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ ഇവിടെ കിടത്തി ഭേദപ്പെട്ട ചികിത്സ നൽകുകയോ ഇനി വീട്ടിലേക്ക് പോകണമെങ്കിൽ ആംബുലൻസ് ഒരുക്കിക്കൊടുക്കുകയും ചെയ്‌തേനെ.സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്തതാണ്.എക്‌സറെ എടുക്കാൻ കിടക്കുന്നയാൾ അനങ്ങുകയോ മറ്റൊ ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും ടെക്‌നീഷ്യൻ വിശദീകരിക്കുന്നു.
ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ് കിടപ്പിലായത്. തൊണ്ടയിൽ മീൻ മുള്ളു കുടുങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി ഇ.എൻ.ടി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് എക്സ്റേ എടുക്കാൻ പോയത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ഇളകി കുട്ടിയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. മാതാവ് താങ്ങി പിടിച്ചാണ് ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവിന്റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് മരുന്ന് നൽകി ഡോക്ടർമാർ കുട്ടിയെ വിട്ടയച്ചു.
പക്ഷേ അവസാന വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയായ ആദിത്യക്ക് പക്ഷേ ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് തന്റെ പരിക്ക് നിസ്സാരമല്ല എന്ന് മനസ്സിലായി. തുടർന്ന് അമ്മയെ കൂട്ടി ആദിത്യ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിതികരിച്ചത്. ഉടൻ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും എക്സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്ന് ആരോപിക്കുന്നു. തുടർന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. ആദിത്യ കിടപ്പിലായതോടെ ഇപ്പൊൾ അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.
മറുനാടന് മലയാളി ബ്യൂറോ