തിരുവനന്തപുരം: മലയാളികളുടെ ഷോപ്പിങ് സംസ്‌ക്കാരത്തിൽ നിർണായക ഇടമാണ് സപ്ലൈക്കോ സൂപ്പർമാർക്കറ്റുകൾക്ക് ഉള്ളത്. മിതമായ നിരത്തിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കുന്നു എന്നതാണ് സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളുടെ പ്രത്യേകത. എന്നാൽ, ഈ സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ സബ്‌സിഡി ഇല്ലാതാക്കിയാൽ പിന്നെ മറ്റ് സ്വകാര്യ മേഖലയിലെ സൂപ്പർമാർക്കറ്റുകളുമായി കാര്യമായ വ്യത്യാസമൊന്നും ഇല്ല താനും. സ്വകാര്യ മേഖലയിൽ ഉള്ള വൈവിധ്യം പലപ്പോഴും സപ്ലൈക്കോയിൽ ലഭ്യമാകണമെന്നുമില്ല.

കടുത്ത പ്രതിസന്ധി മൂലം സപ്ലൈക്കോ മാർക്കറ്റുകളിൽ ഇതിനോടകം സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട് താനും. ഇതിനിടെ സപ്ലൈക്കോ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്‌കരിക്കാൻ ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശചെയ്തു. ഇതോടെ സബ്‌സിഡി സാധനങ്ങൾ ഇല്ലാതായി മറ്റു സ്വകാര്യ സൂപ്പർമാർക്കറ്റുകളെ പോലെ ഇളവുകൾ നൽകി വിൽക്കുന്ന സ്ഥാപനമായി സർക്കാർ സ്ഥാപനം മാറും.

വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നൽകിയാൽ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ ചെയ്തിരിക്കുന്നത്. റിപ്പോർട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇപ്പോഴത്തെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഈ ശുപാർശ അംഗീകരിക്കാനാണ് സാധ്യത. അതേസമയം സബ്‌സിഡീ പൂർണമായും ഒഴിവാക്കുന്നത് സപ്ലൈക്കോയുടെ അടിത്തറ തോണ്ടുന്നതാകുമോ എന്ന ആശങ്കയും ശക്തമാണ്. സബ്‌സിഡി ഇല്ലാതായാൽ സ്ഥാപനത്തിലേക്ക ആളുകൾ വരുന്നത് കുറയുമോ എന്നതാണ് ആശങ്ക.

നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സപ്ലൈകോ സബ്സിഡി നൽകുന്നത്. ഇപ്പോഴത്തെ സബ്സിഡിരീതി വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. പൊതുവിപണിയിൽ 220-230 വിലയുള്ള മുളക് 75 രൂപയ്ക്കാണ് സപ്ലൈകോയിലെ വിൽപ്പന. ഓരോ സാധനങ്ങൾക്കും വിപണിയിൽ വിലകൂടുമ്പോഴും സപ്ലൈകോയിലെ സബ്സിഡി ഉത്പന്നങ്ങൾക്ക് ഏഴുവർഷമായി ഒരേവിലയാണ്.

വിപണിയുമായി താരതമ്യപ്പെടുത്തിയാൽ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്സിഡി. ഈരീതിയിൽ മുന്നോട്ടുപോയാൽ പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തി. ഉപഭോക്താവിന് തിരഞ്ഞെടുത്തുവാങ്ങാൻ അവസരമൊരുക്കാൻ സബ്സിഡി ഉത്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കാമെന്നാണ് മറ്റൊരു ശുപാർശ. ഒരു സാധനം ലഭ്യമല്ലെങ്കിൽ പകരം മറ്റൊരു ഉത്പന്നം വിലക്കിഴിവിൽ നൽകാം. സബ്സിഡി ഉത്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് ഇതിനു സഹായിക്കും.

ഇത് കൂടാതെ നിശ്ചിതവരുമാനമില്ലാത്ത മാവേലിസ്റ്റോറുകൾ പൂട്ടാനാണ് മറ്റൊരു ശുപാർശ. സപ്ലൈകോയെ കൂടുതൽ ലാഭകരമാക്കാൻ സൂപ്പർ ബസാറുകളും ആരംഭിക്കും. നിലവിൽ അറനൂറിലേറെ മാവേലിസ്റ്റോറുകളാണുള്ളത്. ഇതിൽ അറുപതോളം സ്റ്റോറുകൾ ലാഭകരമല്ല. ഇനി പുതിയ മാവേലി സ്റ്റോറുകളും അനുവദിക്കില്ല. വരുമാനമില്ലാത്തവ ആധുനികീകരിച്ച് വൻതോതിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന 'സിഗ്‌നേച്ചർ മാർട്ടു'കൾ തുടങ്ങണം. ഇതടക്കമുള്ള സൂപ്പർബസാർ ശൃംഖലയൊരുക്കി സപ്ലൈകോയെ കൂടുതൽ ലാഭകരമാക്കണമെന്നും സമിതി ശുപാർശചെയ്തു.