- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലതിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാനാകാതെ നല്‍കിയ പരസ്യം ബിജെപിക്ക് ഗുണകരമായി; മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ച ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നു; ഈ നിലപാട് സ്വീകാര്യമല്ല: വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍
വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍
കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ അവസാന നിമിഷമാണ് വിവാദ പരസ്യവുമായി എല്‍ഡിഎഫ് രംഗത്തുവന്നത്. യുഡിഎഫിനെ ലക്ഷ്യം വെച്ചുള്ള ഈ പരസ്യം ഏറെ ചര്‍ച്ചയാകുകയും ചെയ്തു. സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്ന വിധത്തിലായിരുന്നു പരസ്യം എന്ന വ്യാഖ്യാനങ്ങളും ഉണ്ടായി. ഇതിനിടെ എല്‍ഡിഎഫിന്റെ പരസ്യ വിവാദത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ രംഗത്തുവന്നു.
പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുല്‍ ആബിദീന്‍ ഷാര്‍ജയില്‍ പറഞ്ഞു. സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാനാകാതെ നല്‍കിയ പരസ്യം ബിജെപിക്ക് ഗുണകരമായെന്നാണ് അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം. അതേസമയം മുനമ്പം വിഷയത്തിലെ നിലപാടും വിമര്‍ശിക്കപ്പെടുന്നു. മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോള്‍ കുറേപ്പേര്‍ക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തില്‍ വരുന്നു. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും- സൈനുല്‍ ആബിദീന്‍ പ്രതികരിച്ചു.
ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനില്‍ സന്ദീപ് വാരിയര്‍ക്കെതിരെ എല്‍ഡിഎഫ് പരസ്യം നല്‍കിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമര്‍ശിച്ച് വൈസ് ചെയര്‍മാന്‍ തന്നെ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സന്ദീപ് വാരിയര്‍ക്കെതിരെ എല്‍ഡിഎഫ് പത്രപ്പരസ്യം നല്‍കിയത്. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതേസമയം സുപഭാതം ദിനപത്രത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിനുമായി ബന്ധപ്പെട്ട പരസ്യം തള്ളി സമസ്ത നേതൃത്വം രംഗത്തുവന്നിരുന്നു. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിച്ചിരുന്നു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കിയാണ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയത്. സന്ദീപിന്റെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി ഈ വിഷനാവിനെ സ്വീകരിക്കുകയോ എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സരിന്‍ തരംഗം എന്ന തലക്കെട്ടോടെ നല്‍കിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യമാണ് വിവാദത്തിലായത്. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആകുന്നത്. 'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മ ആര്‍എസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാര്‍ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണെന്ന് പറഞ്ഞാണ് യുഡിഎഫ് വിഷയത്തില്‍ തിരിച്ചടിച്ചത്.